എലിവേറ്റ് വാങ്ങാൻ ആളുകൾ നീണ്ട ക്യൂവിലാണ്, ഇത്രയും ഹിറ്റാവാനുള്ള കാരണം വേറൊന്നുമല്ല ഇതാണ്
ഫോർഡിന് ശേഷം ഇന്ത്യൻ വിപണി വിടാൻ ഒരുങ്ങി നിൽക്കുന്നവരായാണ് ഹോണ്ടയെ ആളുകൾ കണ്ടുകൊണ്ടിരുന്നത്. 2017-ന് ശേഷം ഒരു പുതിയ കാറുപോലും പുറത്തിറക്കാതിരുന്ന കമ്പനിയുടെ പദ്ധതിയെന്താണെന്ന് പലരും ചോദിച്ചു പോയി. അതിനിടയിൽ നിരയിലുണ്ടായിരുന്ന ജാസ് പോലുള്ള പല കാറുകളും നിർത്തലാക്കുകയും കൂടി ചെയ്‌തതോടെ ആകെ പുലിവാലായി. എന്നാൽ അഭ്യൂഹങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഹോണ്ട തങ്ങളുടെ തുറുപ്പുചീട്ട് പുറത്തിറക്കി.
പലരും കൊതിച്ചിരുന്ന ഹോണ്ടയുടെ എസ്‌യുവി വന്ന വർഷമായിരുന്നു 2023. അതും ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് സെഗ്മെന്റിലേക്കാണ് കമ്പനി എലിവേറ്റിനെ തുറന്നുവിട്ടത്. എന്നാൽ എതിരാളികളുമായി മുട്ടിനിന്ന് ഇപ്പോൾ വിപണി പിടിച്ചെടുക്കുകയാണ് ഹോണ്ട. എലിവേറ്റ് ജനപ്രിയമാവാൻ കാരണം ഏറെക്കാലത്തിന് ശേഷം ഹോണ്ട പുറത്തിറക്കുന്ന ആദ്യത്തെ എസ്‌യുവി എന്നതുതന്നെയാണ്.

പണ്ടുകാലത്ത് CR-V പോലുള്ള വമ്പൻ എസ്‌യുവികൾ അരങ്ങുവാണിരുന്ന സമയത്ത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇത്ര ജനപ്രിയരല്ലായിരുന്നു. ആവശ്യക്കാരില്ലാതെ വന്നതോടെ കുറേക്കാലത്തിന് ശേഷം ഈ പ്രീമിയം വാഹനത്തെ ഇന്ത്യയിൽ നിന്നും പടിയിറക്കുകയും ചെയ്‌തു. പിന്നെ സിറ്റി, അമേസ് പോലുള്ള സെഡാൻ വാഹനങ്ങളിലേക്കായി കമ്പനിയുടെ ശ്രദ്ധ. അതിനിടയിൽ എസ്‌യുവികൾ ട്രെൻഡായി മാറുകയും ചെയ്‌തു.
ആകെ പദ്ധതികൾ പാളിയപ്പോൾ നീണ്ടനാൾ കാത്തിരിക്കാനാണ് ഹോണ്ട തയാറായത്. പിന്നെ കാലങ്ങൾക്കിപ്പുറം എല്ലാവർക്കും എസ്‌യുവികൾ മാത്രം മതിയെന്നായപ്പോൾ എലിവേറ്റിന് കമ്പനി രൂപംകൊടുക്കുകയും ചെയ്‌തു. കിടിലൻ വില നിർണയവും സിറ്റിയിലെ ആ കരുത്തൻ എഞ്ചിൻ അലങ്കോലമില്ലാത്ത ഡിസൈൻ എന്നിവയെല്ലാം കൂടി കോർത്തിണക്കിയപ്പോൾ ആളുകൾക്ക് എലിവേറ്റിനെ അങ്ങ് ബോധിച്ചു.

11.58 ലക്ഷം മുതൽ 16.48 ലക്ഷം രൂപ വരെയാണ് ഹോണ്ട എലിവേറ്റിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. എസ്‌യുവി ഇതിനകം 20,000 വിൽപ്പന നാഴികക്കല്ലും ഇന്ത്യയിൽ പിന്നിട്ടിട്ടുണ്ട്. 119 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കുന്നതിനായി ട്യൂൺ ചെയ്ത 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് എലിവേറ്റിൽ ഇപ്പോൾ ലഭ്യമായുള്ളത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്.
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), മൾട്ടി ആംഗിൾ റിയർവ്യൂ ക്യാമറകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാലും എലിവേറ്റ് സമ്പന്നമാണ്. എലിവേറ്റ് ഇപ്പോൾ ഇന്ത്യയിലെ ഹോണ്ടയുടെ എസ്‌യുവി തന്ത്രത്തിൻ്റെ പ്രധാന ഭാഗമാണ്. അൽപ്പം വൈകിയാണെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇതിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനും ഹോണ്ട ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം ഇന്ത്യയിലുടനീളം 8,681 കാറുകൾ വിറ്റതിനാൽ ജനുവരിയിലെ വിൽപ്പനയിൽ 10 ശതമാനത്തിലധികം വളർച്ചയാണ് ഹോണ്ട കാഴ്‌സ് രേഖപ്പെടുത്തിയത്. കയറ്റുമതിയുടെ കാര്യത്തിൽ ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഏറ്റവും മികച്ച മാസമായിരുന്നു 2024 ജനുവരി. കഴിഞ്ഞ മാസം 4,531 യൂണിറ്റുകളാണ് വിദേശ രാജ്യങ്ങളിലേക്ക് കമ്പനി കയറ്റി അയച്ച കാറുകളുടെ എണ്ണം. ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി എലിവേറ്റിൻ്റെ വിജയമാണ് ഹോണ്ടയുടെ വിൽപ്പനയിലെ ഉയർച്ചയ്ക്ക് പ്രധാന കാരണം.
എലിവേറ്റ് എസ്‌യുവി വിൽപ്പന ചാർട്ടുകളിൽ അതിവേഗം ബെസ്റ്റ് സെല്ലറായി മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എലിവേറ്റ് എസ്‌യുവി പുറത്തിറക്കിയതിന് ശേഷം ഹോണ്ടയുടെ പ്രതിമാസ വിൽപ്പനയിൽ വമ്പൻ ഉയർച്ചയാണ് കാണാനാവുന്നത്. ഓരോ മാസവും ശരാശരി 4,000 യൂണിറ്റുകളിൽ കൂടുതൽ വിൽപ്പന നടക്കുന്നതിനാൽ നഷ്‌ടക്കച്ചവടത്തിൽ നിന്നും പുറത്തുകടക്കാനും ഹോണ്ടയ്ക്ക് സാധിച്ചു. സിറ്റി, അമേസ് തുടങ്ങിയ സെഡാനുകൾ മികച്ച പ്രകടനം തുടരുമ്പോൾ ഇന്ത്യയിൽ ഹോണ്ടയുടെ പുനരുജ്ജീവനം എലിവേറ്റ് എസ്‌യുവിയുടെ വിജയത്തിന് പൊലിമകൂട്ടുന്നുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് നാല് മോഡലുകൾ വിൽപ്പനയിലുണ്ടെങ്കിലും 7,821 യൂണിറ്റുകൾ വിൽക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞു. ഇപ്പോൾ വിപണനത്തിന് എത്തിക്കുന്ന എലിവേറ്റ്, സിറ്റി, അമേസ് എന്നിവ ഹോണ്ടയ്ക്ക് 10 ശതമാനത്തിലധികം വളർച്ചാ നിരക്ക് കൈവരിച്ചു കൊടുത്തിട്ടുണ്ട്. എലിവേറ്റിനൊപ്പം, ഹോണ്ട സിറ്റിയുടെയും അമേസിൻ്റെയും അചഞ്ചലമായ വിജയം ഞങ്ങളുടെ വേഗത നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്ന് ഹോണ്ട കാർസ് ഇന്ത്യയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഡയറക്ടർ യുയിച്ചി മുറാച പറഞ്ഞു.
ഇതിനൊപ്പം ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ പാസഞ്ചർ വാഹനങ്ങൾക്കായി അൾട്രാ ബോഡി കോട്ടിംഗും അവതരിപ്പിച്ചിട്ടുണ്ട്. നെക്‌സ്റ്റ് ജെനറേഷൻ സിലാൻ എന്ന മെറ്റീരിയൽ ഉപയോഗിച്ച് രൂപപ്പെടുത്തിയ ഗ്ലാസ് അധിഷ്ഠിത കോട്ടിംഗ് ഹൈ പെർഫോമൻസ് ട്രാസ്പാരന്റ് പാളിയായാണ് വരുന്നത്. ഈ കോട്ടിംഗ് എലിവേറ്റ്, സിറ്റി, അമേസ് പോലുള്ള ഹോണ്ട കാറുകൾക്ക് അൾട്രാ-ഗ്ലോസി, ഗ്ലാസ് അധിഷ്ഠിതവും മിനുസമാർന്നതുമായ സർഫസ് നൽകുകയും കാറിൻ്റെ എക്സ്റ്റീരിയർ പെയിൻ്റിൻ്റെ തിളക്കം നിലനിർത്തുകയും ചെയ്യുന്നുവെന്നുമെന്നുമാണ് കമ്പനി പറയുന്നത്.

പൊടി, അൾട്രാവയലറ്റ് രശ്മികൾ, ആസിഡ് മഴയ്‌ക്കെതിരായ ആൻ്റി-ഫൗളിംഗ് ഇഫക്റ്റുകൾ, പോറലുകൾ എന്നിവയിൽ നിന്ന് വാഹനത്തെ സംരക്ഷിക്കുന്ന ഒരു കട്ടിയുള്ള ഒപ്റ്റിമൽ മെറ്റീരിയലുകൾ ഇതിലുണ്ടെന്നും ഉണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു. രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും 28,900 രൂപ മുതൽ ഈ അൾട്രാ ബോഡി കോട്ടിംഗ് ലഭ്യമാക്കിയിട്ടുമുണ്ട്. ഈ പ്രീമിയം കോട്ടിംഗിനായി ഹോണ്ട കാർസ് സമഗ്രമായ മൂന്ന് വർഷത്തെ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications