ആരാടാ പറഞ്ഞേ വാങ്ങാൻ ആളില്ലെന്ന്, വിൽപ്പനയിൽ പുതിയ നേട്ടവുമായി 16.92 കി.മീ. മൈലേജുള്ള ഹോണ്ടയുടെ വലിയ എസ്‌യുവി
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ജീവനാണ് ഇപ്പോൾ എലിവേറ്റ് (Honda Elevate). മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയുടേയും കിയ സെൽറ്റോസിന്റേയും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടേയുമെല്ലാം വില്ലനായി അവതരിച്ച കക്ഷിയെ ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അധികം ഗിമ്മിക്കൊന്നുമില്ലാതെ കാര്യങ്ങൾ അവതരിപ്പിച്ചതാണ് വണ്ടിയെ ആളുകൾ ആരാധിക്കാൻ കാരണമായത്. ഡിസൈനിൽ അലങ്കോലങ്ങൾ ഇല്ലാത്തതും കൺഫ്യൂഷനടിപ്പിക്കുന്ന ഫീച്ചറുകളില്ലാത്തതുമെല്ലാം ഹോണ്ടയുടെ എസ്‌യുവിയെ ക്ലാസാക്കുന്നുണ്ട്. ഒപ്പം സെഗ്മെന്റ് ബെസ്റ്റ് ഗ്രൌണ്ട് ക്ലിയറൻസും നല്ല ഒന്നാന്തരം പെട്രോൾ എഞ്ചിനും കൂടിയാവുമ്പോൾ വാഹനം കളറാവുന്നുണ്ട്.
പക്ഷേ തുടക്കകാലത്ത് കിട്ടിയ വേഗം വിൽപ്പനയിൽ ഇപ്പോഴില്ലെന്നത് നേരാണ്. എന്നിരുന്നാലും ഹോണ്ടയുടെ ഷോറൂമിലെത്തുന്നവർക്കെല്ലാം എലിവേറ്റ് മതിയെന്നാണ് വിവരം. ഇപ്പോഴിതാ വാഹനത്തിന് മാറ്റേകുന്നൊരു കാര്യം കൂടി സംഭവിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല വിൽപ്പനയിൽ പുതിയ നേട്ടവുമായി എലിവേറ്റ് തിളങ്ങുകയാണ്. വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഇതുവരെ എലിവേറ്റിന്റെ ഏകദേശം 90,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കാൻ ഹോണ്ടയ്ക്ക് സാധിച്ചിരിക്കുകയാണ്.

പുതുതലമുറ അമേസ് സബ് കോംപാക്‌ട് സെഡാൻ പുറത്തിറക്കുന്ന വേളയിലാണ് ഹോണ്ട കാർസ് ഇന്ത്യ ഇക്കാര്യം വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബറിൽ എലിവേറ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാനായിരിക്കുന്നത്. എലിവേറ്റിൻ്റെ മൊത്തം വിൽപ്പനയിൽ 50,000 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചതായും ബാക്കി വിൽപ്പന കയറ്റുമതി വിപണിയിൽ നിന്നാണെന്നും ഹോണ്ട കാർസ് വ്യക്തമാക്കി.
ജപ്പാനിലേക്ക് കയറ്റുമതി ചെയ്ത ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ കൂടിയാണ് ഹോണ്ട എലിവേറ്റ്. സ്വദേശത്ത് WR-V എന്ന പേരിലാണ് കമ്പനി എലിവേറ്റിനെ വിൽക്കുന്നതെന്ന് മാത്രം. ഇന്ത്യയിലെന്നപോലെ കയറ്റുമതി വിപണികളിലും എലിവേറ്റ് ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണെന്ന് വാഹന നിർമാതാക്കൾ അറിയിച്ചു. ഹോണ്ടയ്ക്കുള്ള സ്വീകാര്യതയാണ് ഈ രാജ്യങ്ങളിലും തുണയായത്.

വിശാലമായ ക്യാബിൻ, ഗംഭീരമായ ഡിസൈൻ, മാന്യമായ ഫീച്ചർ ലിസ്റ്റ്, അടിപൊളി വില നിർണയം തുടങ്ങിയ ഘടകങ്ങളാണ് എലിവേറ്റിന്റെ സ്വീകാര്യതയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവി ഇന്ത്യയിൽ വിപണനത്തിന് എത്തുന്നത്. ഒപ്പം 10 കളര്‍ ഓപ്ഷനുകളും കൂടിയാവുമ്പോൾ വാഹനം അടിപൊളിയാവുന്നുണ്ട്.
ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് എലിവേറ്റും പണിതിറക്കിയിരിക്കുന്നത്. 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

പെർഫോമൻസിലേക്ക് നോക്കിയാൽ 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 6,600 ആർപിഎമ്മിൽ 119 bhp കരുത്തും 4,300 ആർപിഎമ്മിൽ പരമാവധി 145 Nm ടോർക്കും വരെ നൽകാനാവും. മൈലേജിലും കക്ഷി മോശക്കാരനല്ല കേട്ടോ. മാനുവൽ മോഡലുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ ഇന്ധനക്ഷമത അവകാശപ്പെടുമ്പോൾ എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 16.92 കിലോമീറ്റർ ഇന്ധനക്ഷമതയും ഹോണ്ട പറയുന്നു.
എൽഇഡി ഡിആർഎല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് പുഷ് ബട്ടണ്‍, പവര്‍ അഡ്ജസ്റ്റ്‌മെന്റുള്ള ഒആര്‍വിഎമ്മുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, PM2.5 എയര്‍ ഫില്‍ട്ടര്‍, ഫ്രണ്ട് ആംറെസ്റ്റ് തുടങ്ങിയ ഫീച്ചറുകൾക്ക് പുറമെ എലിവേറ്റിന്റെ ടോപ്പ്-എന്‍ഡ് വേരിയന്റില്‍ ഹോണ്ട സെന്‍സിംഗ് ടെക്‌നോളജിയും എന്നുവിളിക്കുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.
കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നീ ഉഗ്രൻ സംവിധാനങ്ങളാണ് ഹോണ്ട എലിവേറ്റിനറെ ADAS ഫീച്ചറുകളിൽ വാഗ്‌ദാനം ചെയ്യുന്നത്. എന്തായാലും ഇത്തരത്തിലൊരു വിൽപ്പന നേട്ടം വളരെ വേഗത്തിൽ കൈവരിക്കാനായത് ഹോണ്ടയെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണ്.


Click it and Unblock the Notifications








