കാറിന്റെ പെയിന്റൊന്നും പോവൂല്ല... ചീപ്പ് റേറ്റിന് അൾട്രാ-ബോഡി കോട്ടിംഗ് ചെയ്‌ത് തരാമെന്ന് ഹോണ്ട
സ്റ്റാറ്റസ് നോക്കി കാർ വാങ്ങുന്നവരിൽ പലരും തെരഞ്ഞെടുക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഹോണ്ട. മികച്ച എഞ്ചിൻ, വിശ്വാസീയത, റീസെയിൽ വാല്യു എന്നീ കാര്യങ്ങളുള്ളതിനാഷ ഹോണ്ട കാറുകളെ ആളുകൾ ഒരു സ്റ്റാറ്റസ് സിമ്പലായാണ് കൊണ്ടുനടക്കുന്നത്. സിറ്റി, അമേസ് പോലുള്ള സെഡാൻ മോഡലുകൾ മാത്രം വിറ്റുനടന്നിരുന്ന കമ്പനി തലവരമാറ്റിക്കൊണ്ട് പോയവർഷം എലിവേറ്റ് എന്ന എസ്‌യുവിയും അവതരിപ്പിക്കുകയുണ്ടായി.
ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും മാരുത് ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് എത്തിയ ഹോണ്ട എലിവേറ്റിന് കമ്പനി പോലും പ്രതീക്ഷിക്കാത്ത സ്വീകാര്യതയാണ് ലഭിച്ചത്. 2017-ന് ശേഷം ആദ്യമായി കമ്പനി പുറത്തിറക്കിയ വാഹനം എന്തായാലും ഹിറ്റടിച്ചതോടെ ജാപ്പനീസ് ബ്രാൻഡിന് ശുക്രനുദിച്ചു. ചുമ്മാ വണ്ടിയിറക്കിയാൽ പോരല്ലോ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള ആഫ്റ്റർ സെയിൽസ് സംഗതികളും ഗംഭീരമായി തന്നെ നൽകണമെന്ന് ഹോണ്ടക്കറിയാം.

അതിന്റെ ഭാഗമായിതാ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ ശ്രേണിയിൽ അൾട്രാ ബോഡി കോട്ടിംഗ് പുറത്തിറക്കുന്നതായി ബുധനാഴ്ച്ച പ്രഖ്യാപിച്ചു. പുതിയ അൾട്രാ ബോഡി കോട്ടിംഗ് ഹോണ്ട കാറുകൾക്ക് മെച്ചപ്പെട്ട സംരക്ഷണം നൽകുമെന്ന് ജാപ്പനീസ് അവകാശപ്പെടുന്നു. അൾട്രാ-ബോഡി കോട്ടിംഗ്, അടുത്ത തലമുറയിലെ സിലാൻ എന്ന മെറ്റീരിയൽ ഉപയോഗിച്ച് രൂപപ്പെടുത്തിയ ഗ്ലാസ് അധിഷ്ഠിത കോട്ടിംഗിൻ്റെ ഹൈ പെർഫോമൻസ് ട്രാസ്പാരന്റ് പാളിയായാണ് വരുന്നത്.
ഈ കോട്ടിംഗ് എലിവേറ്റ്, സിറ്റി, അമേസ് പോലുള്ള ഹോണ്ട കാറുകൾക്ക് അൾട്രാ-ഗ്ലോസി, ഗ്ലാസ് അധിഷ്ഠിതവും മിനുസമാർന്നതുമായ സർഫസ് നൽകുകയും കാറിൻ്റെ എക്സ്റ്റീരിയർ പെയിൻ്റിൻ്റെ തിളക്കം നിലനിർത്തുകയും ചെയ്യുന്നുവെന്ന് ഹോണ്ട കാർസ് ഇന്ത്യ അവകാശപ്പെടുന്നു. രാജ്യത്തെ എല്ലാ ഹോണ്ട ഡീലർഷിപ്പുകളിലും 28,900 രൂപ മുതൽ ഈ അൾട്രാ ബോഡി കോട്ടിംഗ് സേവനം ലഭ്യമാകുമെന്നും എല്ലാ ഹോണ്ട പാസഞ്ചർ വാഹനങ്ങൾക്കും ഇത് ലഭ്യമാകുമെന്നും ബ്രാൻഡ് അറിയിച്ചു.

പൊടി, അൾട്രാവയലറ്റ് രശ്മികൾ, ആസിഡ് മഴയ്‌ക്കെതിരായ ആൻ്റി-ഫൗളിംഗ് ഇഫക്റ്റുകൾ, പോറലുകൾ എന്നിവയിൽ നിന്ന് വാഹനത്തെ സംരക്ഷിക്കുന്ന ഒരു കട്ടിയുള്ള ഒപ്റ്റിമൽ മെറ്റീരിയലുകൾ കോട്ടിംഗിൽ ഉണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു. ഈ പ്രീമിയം കോട്ടിംഗിനായി ഹോണ്ട കാർസ് സമഗ്രമായ മൂന്ന് വർഷത്തെ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.
കൂടാതെ ഈ വാറണ്ടി കാലയളവിലുടനീളം ഓരോ ആറ് മാസത്തിലും കോംപ്ലിമെൻ്ററി മെയിൻ്റനൻസും സർവീസ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതായി വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. ഈ ഉൽപ്പന്നം ദീർഘകാല സംരക്ഷണം നൽകുന്നതിന് മാത്രമല്ല, കാറിന്റെ ആകർഷണം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അൾട്രാ ബോഡി കോട്ടിംഗിൻ്റെ ലോഞ്ചിനെ കുറിച്ച് സംസാരിച്ച ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിൻ്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡൻ്റ് കുനാൽ ബെൽ പറഞ്ഞു.

ഇന്ത്യയിൽ സിറ്റിയും അമേസും മോശമാക്കാതെ വിൽപ്പന പിടിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു എസ്‌യുവി മോഡലിന്റെ കുറവ് ഹോണ്ടയുടെ നിരയിൽ ശേഷിക്കുന്നുണ്ടായിരുന്നു. ഇത് നികത്തിക്കൊണ്ടാണ് എലിവേറ്റ് പോയ വർഷം വന്നെത്തിയത്. ഒപ്പം കിടിലൻ വിലയും കൂടിയിട്ടതോടെ വണ്ടി വാങ്ങാൻ ആളുകൾ കൂട്ടത്തോടെയെത്തി. എന്നാൽ ഈ ജനുവരി മുതൽ എസ്‌യുവിയുടെ വിലയിൽ കമ്പനി വർധനവ് കൊണ്ടുവന്നിരുന്നു.
10,99,900 രൂപയുടെ പ്രാരംഭ വിലയിൽ ലഭ്യമായിരുന്ന എലിവേറ്റ് എസ്‌യുവിയുടെ ബേസ് വേരിയന്റിനായ SV മാനുവലിന് 11,57,900 രൂപയാണ് പുതിക്കിയ എക്സ്ഷോറൂം വില. 58,000 രൂപയുടെ വർധനവാണ് എലിവേറ്റിന്റെ ബേസ് മോഡലിന് സംഭവിച്ചിരിക്കുന്നത്. മറ്റെല്ലാ വേരിയന്റുകളുടെയും വില 20,000 രൂപയോളം കൂട്ടിയെന്നും കമ്പനി പറയുന്നു. V മാനുവൽ, V സിവിടി, VX മാനുവൽ, VX സിവിടി, ZX മാനുവൽ, ZX സിവിടി എന്നിവയാണ് മിഡ്-സൈസ് എസ്‌യുവിയിൽ തെരഞ്ഞെടുക്കാനാവുന്ന വേരിയന്റുകൾ.

1.5 ലിറ്റർ ഫോർ സിലിണ്ടർ VTEC പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിന് 121 bhp കരുത്തിൽ പരമാവധി 145 Nm torque വരെ നൽകാനാവും. എലിവേറ്റിൽ കമ്പനി അവകാശപ്പെടുന്നത് 16.92 കിലോമീറ്റർ വരെ മൈലേജാണ്. നിലവിൽ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ADAS ഫീച്ചറും കാറിലുണ്ട്.
കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് ഫീച്ചറുകളാണ് എലിവേറ്റിന്റെ ADAS സെറ്റപ്പിലുള്ളത്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ തുടങ്ങീ മോഡലുകളാണ് ഹോണ്ടയുടെ എതിരാളികൾ.


Click it and Unblock the Notifications








