27 കി.മീ. മൈലേജുള്ള ഈ കാറുകൾക്ക് 3.50 ലക്ഷം രൂപയോളം വില കുറയും, നിർണായക നീക്കവുമായി സർക്കാർ
വാങ്ങാനാഗ്രഹിക്കുന്ന വാഹനം വിലക്കുറവിൽ ലഭിച്ചാൽ സന്തോഷിക്കാത്ത ആരാണുണ്ടാവുക അല്ലേ. നിലവിലെ ഇന്ധന വിലയിൽ പെട്രോൾ കാറുകളും ഡീസൽ കാറുകളുമെല്ലാം കൊണ്ടുനടക്കണമെങ്കിൽ പോക്കറ്റിൽ നിന്നും കാര്യമായി പണമിറക്കേണ്ടി വരും. അവിടെയാണ് ഇവികളും ഹൈബ്രിഡ് വാഹനങ്ങളുമെല്ലാം കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലിയാവുന്നത്. എന്നാൽ ഇവ സ്വന്തമാക്കണമെങ്കിൽ കൈയിൽ നിന്നും മുടക്കുമുതലായി വലിയ തുക തന്നെയാണ് ആദ്യം ചെലവഴിക്കേണ്ടി വരുന്നത്. അതുവെച്ച് നോക്കുമ്പോൾ എല്ലാവരും പരമ്പരാഗത ഇന്ധനത്തിലോടുന്ന മോഡലുകളിലേക്ക് തിരികെപ്പോവാറാണ് പതിവ്. ഇവികളിൽ നിന്നും ഹൈബ്രിഡ് കാറുകൾക്കും ഇത്രയും ഉയർന്ന വില വരാൻ കാരണം ടാക്‌സും കൂടിയാണ്.
ഇന്ത്യയും നികുതിയും വാഹന നിർമാതാക്കളെ സംബന്ധിച്ച് എക്കാലവും വലിയൊരു തലവേദന തന്നെയാണെന്ന് എല്ലാവർക്കും അറിയാം. കുറഞ്ഞപക്ഷം ഹൈബ്രിഡ് കാറുകളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) കുറയ്ക്കണമെന്ന ആവശ്യം ഗതാഗത മന്ത്രിയായ നിതിൻ ഗഡ്‌കരി പണ്ടേ മുമ്പോട്ടുവെച്ചിരുന്നുവെങ്കിലും ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പടെയുള്ളവർ ഇതിനെ എതിർത്തിരുന്നു.

എന്നാൽ അടുത്തിടെ ഉത്തർപ്രദേശിൽ സംസ്ഥാനം സ്വയമേ ഇത്തരം വാഹങ്ങളുടെ നികുതിയിൽ ഇളവ് നൽകിയത് വലിയ വാർത്തയായിരുന്നു. യുപിക്ക് പിന്നാലെ ഇപ്പോഴിതാ കർണാടകയും ശക്തമായൊരു തീരുമാനം എടുത്തിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹൈബ്രിഡ് കാറുകളും ഇലക്ട്രിക് വാഹനങ്ങളും നിർമിക്കുന്ന വാഹന കമ്പനികൾക്ക് ലെവി കുറയ്ക്കാനും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാനുമാണ് കർണാടക സർക്കാർ ആലോചിക്കുന്നത്.
ഹൈബ്രിഡ് കാറുകൾക്കുള്ള നികുതി ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതിയും സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് സംസ്ഥാനത്ത് ക്ലീനർ ഫ്യുവൽ സാങ്കേതികവിദ്യയുള്ള വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കും.ഹൈബ്രിഡ് വാഹനങ്ങൾ സംസ്ഥാനത്ത് കൂടുതൽ താങ്ങാനാകുന്നതാക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിൻ്റെ നടപടിക്ക് അനുസൃതമായാണ് ഈ നീക്കം. ബെംഗളൂരു പോലെയുള്ളിടത്ത് സ്ഥിരതാമസമാക്കിയ മലയാളികൾക്ക് പോലും സന്തോഷിക്കാൻ വക നൽകുന്ന തീരുമാനമാണിത്.

ക്ലീൻ മൊബിലിറ്റി മേഖലയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി കർണാടക സർക്കാരിൻ്റെ കരട് നിർദ്ദേശം ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ ഇലക്ട്രിക് കാറുകൾക്കുള്ള ഇളവുകളിൽ മാത്രമാണ് കേന്ദ്ര സർക്കാർ പോലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആയതിനാൽ ഹൈബ്രിഡ് കാറുകൾക്ക് കാര്യമായ ഇളവൊന്നും കിട്ടിയിരുന്നതുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരുകൾ ധീരമായ തീരുമാനങ്ങളെടുക്കുന്നത്.
പൂർണ ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ വൈദ്യുതീകരിച്ച വാഹനങ്ങൾക്കും നികുതി ഇളവ് നൽകുന്ന രണ്ടാമത്തെ സംസ്ഥാനമാവും കർണാടക. ഹൈബ്രിഡ് കാറുകൾ നിർമിക്കുന്ന ടൊയോട്ടയും മാരുതി സുസുക്കിയും ഹോണ്ടയും പോലുള്ള വാഹന നിർമാതാക്കൾ നിരന്തരമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന ഒന്നാണ് ഹൈബ്രിഡ് വാഹനങ്ങളുടെ നികുതിയിളവ്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഹൈബ്രിഡ് വാഹനങ്ങളുടെ വില ഏകദേശം 5 ലക്ഷം രൂപയിലധികം കുറയാൻ സഹായിച്ചേക്കുമായിരുന്നു.

എങ്കിലും സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ട ഈ തീരുമാനത്തിലൂടെ കുറഞ്ഞത് 3.50 ലക്ഷം രൂപയെങ്കിലും ഇനി കുറയുമെന്നാണ് വിവരം. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും ഉയർന്ന വിൽപ്പനയിൽ കർണാടക നിലവിൽ മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്തെ ക്ലീൻ മൊബിലിറ്റി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 25 ലക്ഷത്തിൽ താഴെ വിലയുള്ള ഹൈബ്രിഡ് കാറുകളുടെ റോഡ് നികുതിയും രജിസ്ട്രേഷൻ ചാർജും നിലവിലെ 18 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
ഈ ആനുകൂല്യങ്ങൾ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളിൽ മാത്രമേ ലഭ്യമാകൂവെന്നതും പ്രത്യേകം ഓർമിക്കേണമോ. മൈൽഡ് ഹൈബ്രിഡ് മോഡലുകളിൽ നികുതിയിളവൊന്നും ലഭിക്കുകയില്ല. നിലവിൽ കർണാടകയിൽ പുതിയ വാഹനങ്ങൾക്ക് റോഡ്, രജിസ്ട്രേഷൻ നികുതികൾ ഇലക്ട്രിക് വാഹനങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടിയും ഹൈബ്രിഡ് വാഹനങ്ങൾക്ക് 43 ശതമാനം നികുതിയുമാണ് ഈടാക്കുന്നത്.
ഹൈബ്രിഡ് കാറുകളുടെ റോഡ്, രജിസ്ട്രേഷൻ ചാർജുകൾ കുറയ്ക്കുന്നതിനു പുറമേ പുതിയ ഫാക്ടറികൾക്കോ വിപുലീകരണത്തിനോ വേണ്ടി ഭൂമി, യന്ത്രങ്ങൾ തുടങ്ങിയ സ്ഥിര ആസ്തികളിൽ കമ്പനികൾ നടത്തുന്ന നിക്ഷേപത്തിൻ്റെ 15 ശതമാനം മുതൽ 25 ശതമാനം വരെ സാമ്പത്തിക ആനുകൂല്യങ്ങളും കർണാടക സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ കരട് രൂപത്തിലാണുള്ളതെങ്കിലും നയം അന്തിമമാക്കാനുള്ള സമയപരിധി സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








