വീട്ടിലെ എല്ലാർക്കും സുഖമായി എവിടെയും പോവാം, ഹ്യുണ്ടായിയുടെ പുത്തൻ 7-സീറ്റർ എസ്‌യുവി ദേ വരുന്നു
സാന്‍ട്രോയിലൂടെ ഇന്ത്യൻ വിപണിയിലേക്ക് വന്നവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. അതുവരെ മാരുതി കാറുകളുടെ പിന്നാലെ മാത്രം ഓടിയിരുന്ന ഇന്ത്യക്കാരെ മറ്റൊരു ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിൽ വിജയം കണ്ടവരാണിവർ. ആദ്യ മോഡൽ തന്നെ വിപണിയിൽ ക്ലച്ചുപിടിച്ചപ്പോൾ പിറന്നത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനകമ്പനിയാണ്. ഇപ്പോൾ 28 വർഷം പൂർത്തിയാക്കി മുമ്പോട്ട് കുതിക്കുന്ന ഹ്യുണ്ടായിക്ക് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് വേണം പറയാൻ. വിപണിയുടേയും ആളുകളുടേയും പൾസറിഞ്ഞ് പുതുമോഡലുകൾ പുറത്തിറക്കുന്നതിലും പ്രത്യേക വൈദഗ്ധ്യമുള്ള കൊറിയൻ ബ്രാൻഡിന് മിക്ക സെഗ്മെന്റിലും സാന്നിധ്യമുണ്ട്.
ഹ്യുണ്ടായിയുടെ ഏറ്റവും വിജയമായ മോഡലുകളിൽ ഒന്നാണ് ക്രെറ്റ. ഈ വർഷം ആദ്യം പുറത്തിറക്കിയ പുതുക്കിയ ക്രെറ്റയ്ക്ക് വരെ ഗംഭീര വരവേൽപ്പാണ് വിപണിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അവതരിപ്പിച്ച് വെറും ആറ് മാസത്തിനുള്ളിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് എസ്‌യുവിയെ തേടിയെത്തിയത്. ക്രെറ്റയെ അടിസ്ഥാനമാക്കി നിർമിച്ച കമ്പനിയുടെ 7-സീറ്റർ എസ്‌യുവിയാണ് അൽകസാർ.

വിപണിയിൽ കാര്യമായ ഓളം തീർത്തില്ലെങ്കിലും 10 പേര് അറിയുന്ന രീതിയിൽ വളരാൻ അൽകസാറിനായിട്ടുണ്ട്. ഇപ്പോഴിതാ കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി അൽകസാർ പുതുരൂപം ആവാഹിക്കുകയാണ്. ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിക്കുന്ന പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിൽ അവതരിപ്പിക്കാൻ മുഹൂർത്തം കുറിച്ചിരിക്കുകയാണ് ഹ്യുണ്ടായിപ്പോൾ. 7-സീറ്റർ എസ്‌യുവിയുടെ ഏറ്റവും പുത്തൻ പതിപ്പ് 2024 സെപ്റ്റംബർ ഒമ്പതിന് ഇന്ത്യയിലെത്തും.
നിലവിൽ അവസാനവട്ട പരീക്ഷണയോട്ടത്തിലാണ് അൽകസാർ ഫെയ്‌സിലിഫ്റ്റ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ 7-സീറ്റർ മോഡൽ സെഗ്മെന്റ് തൂക്കാനുള്ള എല്ലാക്കാര്യങ്ങളും കോർത്തിണക്കിയാണ് വരുന്നത്. പഴയതുപോലെ തന്നെ 6 സീറ്റർ, 7 സീറ്റർ ഓപ്ഷനിൽ തന്നെ മുഖംമിനുക്കിയ സ്പോർട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാനാവും.

ക്രെറ്റയെപ്പോലെ ഹ്യുണ്ടായിയുടെ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഫിലോസഫിയെ പ്രതിഫലിപ്പിക്കുന്ന ഇൻ്റീരിയറും എക്‌റ്റീരിയറുമായിരിക്കും അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ആകർഷണം. അതോടൊപ്പം പുതുതായി ഡിസൈൻ ചെയ്‌ത സ്വിർൾ-ടൈപ്പ് അലോയ് വീലുകളും എസ്‌യുവിക്ക് അഴകേകാനായി വന്നെത്തുന്നുണ്ടെന്ന് സ്പൈ ചിത്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രെറ്റയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണികഴിപ്പിച്ച പുതിയ എൽഇഡി ഡിആർഎല്ലുകളും പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ഹെഡ്‌ലാമ്പുകളും മൊത്തത്തിൽ സ്റ്റൈലായിരിക്കും.
വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുത്തൻ അലോയ് വീലിനൊപ്പം പുതിയ ക്രീസുകളും സ്‌കിഡ് പ്ലേറ്റുകളും കൊണ്ട് സൈഡ് പ്രൊഫൈൽ അലങ്കരിക്കും. പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും ഹ്യുണ്ടായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിനെ കിടിലമാക്കാനായി ഒരുക്കിയിട്ടുണ്ട്. പ്രസ്റ്റീജ്, പ്ലാറ്റിനം, പ്രസ്റ്റീജ് (O), പ്ലാറ്റിനം (O), സിഗ്നേച്ചർ, സിഗ്നേച്ചർ (O), അഡ്വഞ്ചർ എഡിഷൻ എന്നീ വേരിയന്റുകളിലാണ് അൽകസാർ നിലവിൽ വിപണനം ചെയ്യുന്നത്.

വേരിയന്റിൽ മാറ്റമുണ്ടാവില്ലെങ്കിലും ഇന്റീരിയർ പൂർണമായുള്ള പൊളിച്ചെഴുത്തിന് വിധേയമാവും. പുതിയ ഫീച്ചറുകളുടെ ഒരു ശ്രേണി ഉപയോഗിച്ച് ക്രെറ്റയിൽ നിന്ന് വേറിട്ടുനിൽക്കാനുള്ള ശ്രമമാവും അകത്തളത്തുണ്ടാവുക. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നീ സവിശേഷതകളെല്ലാം 7-സീറ്റർ എസ്‌യുവിയുടെ ഭാഗമായിരിക്കും.
ഇതോടൊപ്പം മൊഞ്ച് കൂട്ടാനായി 20-ലധികം സേഫ്റ്റി ഫീച്ചറുകളുള്ള ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ-പേൻ സൺറൂഫ് എന്നീ മോഡേൺ ടെക്കുകളാലും അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് സമ്പന്നമായിരിക്കും. നിലവിലെ 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയായിരിക്കും പുതുക്കിയ എസ്‌യുവിക്കും തുടിപ്പേകാനായി എത്തുക.
6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്‌സുകളും ഹ്യുണ്ടായിയുടെ 7-സീറ്റർ എസ്‌യുവിയുടെ ഭാഗമാവും. ഹ്യുണ്ടായി അൽകാസറിന് നിലവിൽ 16.80 ലക്ഷം മുതൽ 21.30 ലക്ഷം രൂപ വരെയാണ് വില വരുന്നത്. പുതുക്കിയ മോഡൽ എത്തുമ്പോൾ വിലയിലും മാറ്റമുണ്ടാവും. ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700, മഹീന്ദ്ര സ്‌കോർപിയോ N പോലുള്ള വമ്പൻമാരുമായും അൽകസാറിന്റെ വിപണിയിലെ മത്സരം.


Click it and Unblock the Notifications








