ഇന്നോവയുടെ യാത്രാ സുഖത്തെ വെല്ലും, 14.99 ലക്ഷത്തിന് 20 കി.മീ. മൈലേജുള്ള 7 സീറ്റർ എസ്‌യുവിയുമായി ഹ്യുണ്ടായി
ഏത് യാത്രയായാലും സുഖസൌകര്യങ്ങളോടെ യാത്ര ചെയ്യാനാവും ഏവർക്കും ഇഷ്‌ടം. ഫാമിലിയൊന്നിച്ചും ഫ്രണ്ട്‌സിനൊപ്പവും എല്ലാം ട്രിപ്പ് പോവാനും കല്യാണത്തിന് പോവാനുമെല്ലാം പലരും വലിയ വാഹനങ്ങളെയാണ് കൂട്ടുപിടിക്കാറ്. ടൊയോട്ട ഇന്നോവയാണ് ഇത്തരം പ്ലാനുകൾക്കെല്ലാം പലരുടേയും കൂട്ടിനായി എത്താറ്. 7-സീറ്റർ വാഹനങ്ങളിൽ പലകാര്യത്തിലും ഇന്നോവയെ വെല്ലാൻ ആളില്ലെന്നതാണ് ഇതിനുള്ള കാരണം. പക്ഷേ കുറച്ച് വർഷങ്ങളായി സെവൻ സീറ്റർ മോഡലുകൾക്ക് വലിയ ഡിമാന്റാണ് ഇന്ത്യയിലുള്ളത്. ഫാമിലിക്ക് പറ്റിയ വലിയ വണ്ടികൾ തേടിയെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് മനസിലാക്കിയ കമ്പനികളെല്ലാം ഈ രംഗത്തേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്‌തു.
ഈ വിഭാഗത്തിൽ പണംവാരുന്നവരുടെ കൂട്ടത്തിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുമുണ്ട്. 7-സീറ്റർ എസ്‌യുവി സെഗ്മെന്റിനെ ഉന്നംവെച്ചുകൊണ്ട് ബ്രാൻഡ് അവതരിപ്പിച്ച എസ്‌യുവിയായിരുന്നു അൽകസാർ. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമായ ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചതിനാൽ തന്നെ തുടക്കകാലത്ത് വലിയ സ്വീകാര്യതയാണ് ഇവന് ലഭിച്ചത്.

എന്നാൽ പിന്നീട് ഈ സെഗ്മെന്റിലെ എതിരാളികളെല്ലാം പരിഷ്ക്കാരിയായി വിപണിയിൽ എത്തിയതോടെ അൽകസാർ അൽപം പിന്നിലേക്ക് പോയി. എന്നാൽ ഇതിനെയെല്ലാം തരിപ്പണമാക്കാനായി കിടിലൻ മാറ്റങ്ങളോടെ അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് വരുന്ന വിവരവും ഇതിനോടകം ഏവരും അറിഞ്ഞിട്ടുണ്ട്. ഇന്നോവയുടെ യാത്രാ സുഖത്തെ വെല്ലുന്ന ഫീച്ചറുകളും സവിശേഷതകളുമായി വാഹനം എത്തിയിരിക്കുകയാണ് വിപണിയിൽ.
മുൻഗാമിയേക്കാൾ കിടിലൻ സ്റ്റൈലും ആരേയും മോഹിപ്പിക്കുന്ന വിലയുമാണ് പുതിയ ഹ്യുണ്ടായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്‌യുവിയുടെ പെട്രോൾ-മാനുവൽ 7-സീറ്റർ ബേസ് വേരിയന്റിന് 14.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ഡീസൽ എൻട്രി ലെവൽ എക്‌സിക്യൂട്ടീവ് ട്രിമ്മിന് 15.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

6, 7 സീറ്റർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിക്ക് പുത്തൻ ക്രെറ്റയ്ക്ക് സമാനമായ സ്റ്റൈലിംഗ് ഫീച്ചർ പരിഷ്ക്കാരങ്ങളാണ് ഇത്തവണയും ലഭിച്ചിരിക്കുന്നത്. അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാൻ താത്പര്യമുള്ളവർക്ക് 25,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്കിംഗ് ചെയ്യാനാവും. എംപിവിയുടെ പ്രായോഗികതയും സ്പേസും എസ്‌യുവിയുടെ സ്റ്റൈലും തേടുന്നവർക്ക് പറ്റിയ മോഡലായാണ് അൽകസാർ വരുന്നത്.
എക്‌സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ നാല് വേരിയന്റ് ലെവലുകളിൽ പുതിയ അൽകസാർ ലഭ്യമാണ്. എക്സ്റ്റീരിയർ ഡിസൈനിലേക്ക് വന്നാൽ മുന്നിൽ നിന്നുമുള്ള നോട്ടത്തിൽ എക്സ്റ്ററിന്റെ വല്യേട്ടനെ പോലെ തോന്നിയേക്കാം. H-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, കൂടുതൽ വ്യക്തമായ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ എന്നിവയെല്ലാം ഉപയോഗിച്ച് മുൻവശം പൂർണമായും ഉടച്ചുവാർത്തിട്ടുണ്ട്.
ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ ക്രെറ്റയുടെ രൂപകൽപ്പനയിൽ നിന്ന് അൽകാസറിൻ്റെ മൊത്തത്തിലുള്ള ഡിസൈൻ ഭാഷ്യം കടമെടുത്തതാണെന്ന് മിക്കവർക്കും മനസിലാവുകയും ചെയ്യും. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. പിന്നിലേക്ക് വന്നാൽ കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളും പുതിയ ടെയിൽഗേറ്റ് ഡിസൈനും പുതിയ സ്‌പോയിലറും 7 സീറ്റർ എസ്‌യുവിക്ക് മൊഞ്ചേകുന്നുണ്ട്.
വലിപ്പത്തിൻ്റെ കാര്യത്തിൽ പുതിയ അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് അതിൻ്റെ മുൻഗാമിയെ അപേക്ഷിച്ച് ചെറുതായി സമ്പന്നനായിട്ടുണ്ട്. വാഹനത്തിന് ഇപ്പോൾ മൊത്തത്തിൽ 4,560 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,700 മില്ലീമീറ്റർ ഉയരവും 2,760 മില്ലിമീറ്റർ വീൽബേസുമായാണ് വരുന്നത്. എട്ട് മോൺ-ടോണും ഒരു ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളുമായാണ് ഹ്യുണ്ടായി പുതിയ അൽകസാർ വാഗ്ദാനം ചെയ്യുന്നത്.
പുതിയ റോബസ്റ്റ് എമറാൾഡ് മാറ്റ്, ടൈറ്റൻ ഗ്രേ മാറ്റ് നിറങ്ങൾ കൂടാതെ റോബസ്റ്റ് എമറാൾഡ്, സ്റ്റാറി നൈറ്റ്, റേഞ്ചർ കാഖി, ഫിയറി റെഡ്, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ബ്ലാക്ക് റൂഫ് ഡ്യുവൽ ടോൺ ഓപ്ഷനുള്ള അറ്റ്ലസ് വൈറ്റ് എന്നിവയെല്ലാം എസ്‌യുവിക്ക് മാറ്റേകുന്നുണ്ട്. അൽകസാർ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് എത്തുന്നത്. 158 bhp കരുത്തിൽ 253 Nm torque സൃഷ്ടിക്കാൻ കഴിയുന്ന 1.5 ലിറ്റർ ടർബോ പെട്രോളാണ് ആദ്യത്തേത്.
പെട്രോൾ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാം. രണ്ടാമത്തേത് 114 bhp പവറിൽ 250 Nm torque നൽകുന്ന 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിനാണ് അൽകസാറിലുള്ളത്. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായോ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായോ തെരഞ്ഞെടുക്കാനുമാവും. ഹ്യുണ്ടായി അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ലിറ്ററിന് 20.4 കിലോമീറ്റർ മൈലേജ് നൽകും.
ടർബോ പെട്രോൾ എഞ്ചിൻ ഉള്ള വകഭേദങ്ങൾ ട്രാൻസ്മിഷൻ ചോയിസുകളെ ആശ്രയിച്ച് 17.5 കിലോമീറ്റർ മുതൽ 18 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യും. എസ്‌യുവിയുടെ ഡീസൽ പതിപ്പ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേരിയൻ്റുകളിൽ 18.1 കിലോമീറ്ററും മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റുകളിൽ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. കിയ കാരെൻസ്, മഹീന്ദ്ര XUV700, എംജി ഹെക്‌ടർ പ്ലസ്, ടാറ്റ സഫാരി പോലുള്ള 7 സീറ്റർ എസ്‌യുവികളുമായാണ് ഹ്യുണ്ടായി മത്സരിക്കാനിറങ്ങുന്നത്.


Click it and Unblock the Notifications








