7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്‌യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
ഇന്ത്യയിൽ 7 സീറ്റർ എസ്‌യുവികൾക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് അന്തംവിട്ട ഹ്യുണ്ടായി ഇത്തരക്കാരെ ചാക്കിലാക്കാൻ പുറത്തിറക്കിയ മോഡാണ് അൽകസാർ എന്ന മിടുക്കൻ വണ്ടി. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമായ ക്രെറ്റയുടെ മൂന്നുവരി പതിപ്പാണെങ്കിലും തന്റേതായ രീതിയിൽ വേറിട്ടു നിൽക്കാൻ ഈ യമണ്ടൻ വണ്ടിക്കായിട്ടുണ്ട്.
കാഴ്ച്ചിയിൽ പെട്ടന്നൊന്നും ക്രെറ്റയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ അൽപം ബുദ്ധിമുട്ടാണ്. കിടിലൻ ഡിസൈനിനൊപ്പം ഫീച്ചറുകളുടെ അകമ്പടിയും 7 പേർക്ക് സഞ്ചരിക്കാനാവുന്ന പ്രായോഗികതയും കൂടെയായപ്പോൾ അൽകസാർ അതിവേഗം വിജയം നേടി. പിന്നെ ഹ്യുണ്ടായിയുടെ ഫാമിലി എസ്‌യുവി കൂടിയാണെന്നത് ആളുകൾ കണക്കിലെടുത്തപ്പോൾ തുടക്കകാലത്ത് വിൽപ്പന അടിപൊളിയായി മുന്നോട്ടു പോയി.

പക്ഷേ ഇക്കാലയളവിനുള്ളിൽ എതിരാളികളെല്ലാം അൽപം മോഡേണായപ്പോൾ അൽകസാർ അൽപം പിന്നോട്ടു പോയെന്ന് വേണം പറയാൻ. പക്ഷേ ഇതെല്ലാം മറികടന്ന് വിൽപ്പന കൊഴുപ്പിക്കാനായി പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി. ഇതിനു മുന്നോടിയായി നിലവിലുള്ള സ്റ്റോക്കുകളെല്ലാം വേഗത്തിൽ വിറ്റഴിക്കുന്നതിനായി കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി
6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിൽ വാങ്ങാനാവുന്ന അൽകസാറിന്നിലവിൽ 55,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫറുകൾ ലഭ്യമാണ്. പെട്രോൾ, ഡീസൽ വേരിയൻ്റുകളിൽ ഓഫറുകൾ ബാധകമാണെന്നത് കിടിലൻ ഡീലാക്കുന്നുണ്ട്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് 55,000 രൂപയുടെ ഓഫറിൽ ഉപയോഗപ്പെടുത്താനാവുന്നത്. എന്നിരുന്നാലും, ഡിസ്കൗണ്ട് ഓഫറുകൾ ഡീലറെയും നഗരത്തെയും ആശ്രയിച്ചിരിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ടാറ്റ സഫാരി, എംജി ഹെക്‌ടർ പ്ലസ്, മഹീന്ദ്ര XUV700, മഹീന്ദ്ര സ്കോർപിയോ N തുടങ്ങിയ വമ്പൻമാരുമായി സെഗ്മെന്റിൽ മത്സരിക്കുന്ന ഹ്യുണ്ടായി അൽകസാറിന് 16.78 ലക്ഷം മുതൽ 21.28 ലക്ഷം രൂപ വരെയാണ് നിലവിൽ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇതിൽ നിന്നും അരലക്ഷത്തിന് മുകളിൽ ഓഫർ കൊടുക്കുന്നത് മികച്ച ഡീലാണ്. മുഖംമിനുക്കി എസ്‌യുവി വരുന്നതിനു മുമ്പ് നല്ല വിലക്കിഴിവിൽ വണ്ടിവാങ്ങാൻ ഇരുന്നവർക്കെല്ലാം ധൈര്യമായി ഷോറൂമിലെത്താം.
പ്രസ്റ്റീജ്, പ്ലാറ്റിനം, പ്രസ്റ്റീജ് (O), പ്ലാറ്റിനം (O), സിഗ്നേച്ചർ, സിഗ്നേച്ചർ (O), അഡ്വഞ്ചർ എഡിഷൻ എന്നീ വേരിയന്റുകളിലാണ് അൽകസാർ നിലവിൽ വിപണനം ചെയ്യുന്നത്. 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ 7 സീറ്റർ എസ്‌യുവി സ്വന്തമാക്കാനാവും. ഇതിൽ 1.5 ലിറ്റർ ടർബോ പെട്രോളിന് 157 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

മറുവശത്ത് അൽകസാറിലെ 1.5 ലിറ്റർ ഡീസലിന് 113 bhp പവറിൽ 250 Nm torque നൽകാനും കഴിയും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഹ്യുണ്ടായി എസ്‌യുവിയുടെ പെട്രോൾ, ഡീസൽ മോഡലുകൾ വാങ്ങാനാവും. 6 എയർബാഗുകൾ സ്റ്റാൻഡേർഡായി തന്നെ വാഗ്‌ദാനം ചെയ്യുന്ന മോഡൽ കൂടിയാണിത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. പുതിയ 2024 അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ച് ഈ വർഷം അവസാനത്തോടെ ഉണ്ടാവുമെന്നാണ് വിവരം.
എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും ചെറിയ മാറ്റങ്ങളോടെയാവും അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് വരി. ചില ഡിസൈൻ ഘടകങ്ങൾ പുതുക്കിയ ക്രെറ്റയിൽ നിന്നും കടമെടുക്കുമെന്ന് ഉറപ്പാണ്. മുൻവശത്ത് പരിഷ്ക്കരിച്ച ഗ്രില്ലും ഹെഡ്‌ലാമ്പുകളും ബമ്പറും ഉണ്ടാകും. ഇതിൻ്റെ എൽഇഡി ഡിആർഎല്ലുകൾ ക്രെറ്റയ്ക്ക് സമാനമായിരിക്കും, അലോയ് വീലുകളുടെ ഡിസൈനും വ്യത്യസ്തമായിരിക്കും. പുതിയ ക്രെറ്റയിൽ കണ്ടതുപോലെ എസ്‌യുവി 18 ഇഞ്ച് അലോയ് വീലുകളുമായി വരാൻ സാധ്യതയുണ്ട്.

ഇന്റീരിയറിലേക്ക് നോക്കിയാൽ മുഖംമിനുക്കിയെത്തുന്ന അൽകസാറിലെ ഡ്യുവൽ സ്‌ക്രീനുകൾ ഉൾക്കൊള്ളുന്ന പുതിയ ഡാഷ്‌ബോർഡായിരിക്കും പ്രധാന ആകർഷണം. ഇതിൽ ഒന്ന് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനും മറ്റൊന്ന് ഇൻസ്ട്രുമെൻ്റേഷനുമായാണ് ഉപയോഗിക്കുന്നത്. പുതിയ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ പാനൽ, പുതുക്കിയ സെൻ്റർ കൺസോൾ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവയും 7 സീറ്ററിന് ലഭിക്കും.
ഇതുകൂടാതെ ADAS സേഫ്റ്റി സ്യൂട്ട്, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും ക്രെറ്റയിൽ നിന്ന് ലഭിക്കും. അകത്തളത്തിന് മൊത്തത്തിൽ ഒരു പുതുമ കൊണ്ടുവരുന്നതിന് ഹ്യുണ്ടായി പുതിയ അപ്ഹോൾസ്റ്ററിയും ഇന്റീരിയർ തീമും അൽകസാറിലേക്ക് വാഗ്ദാനം ചെയ്തേക്കാം. എഞ്ചിൻ ഓപ്ഷനിലൊന്നും മാറ്റങ്ങളുണ്ടാവാൻ സാധ്യതയുമില്ല.


Click it and Unblock the Notifications








