അൽകസാർ vs XUV700; ഫാമിലിക്ക് പറ്റിയ എസ്‌യുവി ഏതാണെന്ന് അറിയണോ? വായിച്ച് നോക്കിയാൽ സംഗതി മനസിലാവും
എസ്‌യുവികളെന്നാൽ പലർക്കും വലിയൊരു വാഹനമാണ്. അതിനാൽ തന്നെ ഇപ്പോൾ 7 പേർക്ക് ഒന്നിച്ച് പോവാനാവുന്ന മോഡലുകൾക്കെല്ലാം വിപണിയിൽ വലിയ ഡിമാന്റാണുള്ളത്. പണ്ടത്തെ അപേക്ഷിച്ച് യാത്രകൾ പോവുന്നവരുടെ എണ്ണത്തിൽ ഒരുപാട് വർധനവുണ്ടായിട്ടുണ്ട്. ആർക്കും വീട്ടിൽ അടച്ച്പൂട്ടിയിരിക്കാൻ താത്പര്യമില്ലാതായിരിക്കുന്നു. അതിനാൽ ഫാമിലി ഒന്നിച്ച് പോവാൻ വലിയ മോഡലുകൾ തന്നെ വേണമെന്നായി. ഇത്തരം ഫാമിലി കാറുകളുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായിട്ടുണ്ട്. ഇത് കൃത്യമായി മനസിലാക്കിയ വാഹന നിർമാതാക്കളാണ് മഹീന്ദ്ര. പണ്ട് പരുക്കൻ വേഷത്തിലുണ്ടായിരുന്ന XUV500 പുതുക്കി പണിത് XUV700 ആക്കിയതെല്ലാം ഇതിനുള്ള ഉദാഹരണങ്ങളായിരുന്നു.
ഈ തന്ത്രം വിജയിച്ച് 7-സീറ്റർ സെഗ്മെന്റിൽ നിന്നും മഹീന്ദ്ര പണംവാരാൻ തുടങ്ങി. ട്രെൻഡിന് അനുസൃതമായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളും ഈ വിഭാഗത്തിലേക്ക് അൽകസാർ എന്ന കേമനെ കൊണ്ടുവന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച മോഡൽ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും XUV700 പോലുള്ള വമ്പൻമാർക്ക് ഭീഷണിയായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ കിടിലൻ മാറ്റങ്ങളോടെ അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് കളത്തിൽ എത്തുകയും ചെയ്‌തു.

പുതുക്കിയ ഡിസൈനും അപ്‌ഗ്രേഡുചെയ്‌ത ഫീച്ചർ ലിസ്റ്റും എല്ലാമായി കലക്കനായാണ് പുതിയ ഹ്യുണ്ടായി അൽകസാറിന്റെ വരവ്. കിടിലൻ വില നിർണയം കൂടിയായപ്പോൾ സംഗതി ഉഷാറായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. നിങ്ങൾ ഒരു 7-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങാൻ പ്ലാനിട്ടിരിക്കുന്നയാളാണോ? മഹീന്ദ്ര XUV700, ഹ്യുണ്ടായി അൽകസാർ എന്നിവയിൽ ഏത് മോഡൽ തെരഞ്ഞെടുക്കുമെന്ന കൺഫ്യൂഷനിലാണെങ്കിൽ രണ്ട് എസ്‌യുവികളും തമ്മിൽ ഒന്ന് മാറ്റുരച്ചു നോക്കിയാലോ?
വില: ഹ്യുണ്ടായി അൽകസാറിൻ്റെ പെട്രോൾ വേരിയൻ്റിന് 14.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം 7 സീറ്റർ എസ്‌യുവിയുടെ ഡീസൽ പതിപ്പിന് 15.99 ലക്ഷം രൂപയും വില വരും. മറുവശത്ത് മഹീന്ദ്ര XUV700 13.99 ലക്ഷം മുതൽ 25.14 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അടുത്തിടെ പല വേരിയന്റുകളുടേയും വില കുറച്ച് മഹീന്ദ്ര ഞെട്ടിച്ചിരുന്നു. ബജറ്റ് നോക്കിയാണ് വാങ്ങുന്നതെങ്കിൽ ഓരോരുത്തരുടേയും ഇഷ്‌ടം മാറാനും സാധ്യതയുണ്ട്.

എഞ്ചിൻ: അൽകസാർ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. ആദ്യത്തേത് 158 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ്-പെട്രോൾ യൂണിറ്റാണ്. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കി വാങ്ങാം. 114 bhp പവറിൽ 250 Nm torque നൽകുന്ന 1.5 ലിറ്റർ U2 CRDi ഡീസലാണ് അടുത്തത്. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായോ വാങ്ങാം.
മറുവശത്ത് മഹീന്ദ്ര XUV700 എസ്‌യുവിയും പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ ലഭ്യമാണ്. പെട്രോൾ 197 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിയൻ യൂണിറ്റാണ്. അടുത്തത് 2.2 ലിറ്റർ എംഹോക്ക് ഡീസലാണ്. ഇത് രണ്ട് വ്യത്യസ്‌ത ട്യൂണിംഗിലാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. അതിൽ ആദ്യത്തേത് 152 bhp പവറിൽ 360 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.

അതേസമയം രണ്ടാമത്തേത് 182 bhp കരുത്തിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കുന്ന രീതിയിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് മഹീന്ദ്ര XUV700 എസ്‌യുവിയിലെ ട്രാൻസ്മിഷൻ ചോയ്‌സുകൾ. എഞ്ചിന്റെ കാര്യത്തിൽ രണ്ട് ഫാമിലി വാഹനങ്ങളും ഒരേപോലെയാണുള്ളതെങ്കിലും സർവീസിന്റെ കാര്യത്തിലെല്ലാം ഹ്യുണ്ടായിക്ക് അൽപം മുൻതൂക്കം ലഭിക്കും.
ഫീച്ചറുകളുടെ കാര്യത്തിൽ രണ്ട് മോഡലുകളും കട്ടയ്ക്ക് പിടിച്ചുനിൽക്കുന്നതിനാൽ അതിലൊരു താരതമ്യത്തിന്റെ ആവശ്യമില്ലെന്നാണ് കരുതുന്നത്. പിന്നെ ഡിസൈനും കാര്യങ്ങളും ഓരോ വ്യക്തിയുടെ അഭിരുചിക്ക് അനുസരിച്ച് മാറുമെന്നതിനാൽ അതിന്റേയും ആവശ്യമില്ല. എല്ലാത്തരം മോഡേൺ ഫീച്ചറുകളും ADAS പോലുള്ള ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റംസും ഹ്യുണ്ടായി അൽകസാറും മഹീന്ദ്ര XUV700 എസ്‌യുവിയിലും ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








