5 പേർക്ക് സുഖമായി പോവാം, പക്ഷേ ക്രെറ്റ വാങ്ങാൻ പ്ലാനുണ്ടേൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാ...
ലോകത്താകെമാനം ട്രെൻഡായി നിൽക്കുന്ന വാഹന വിഭാഗമാണ് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ. പുതുതായി ഒരു വണ്ടിയെടുക്കണമെന്ന് ആലോചിക്കുമ്പോഴേ എങ്ങനെയും എസ്‌യുവി വാങ്ങണമെന്നായിരിക്കും പലരുടേയും താത്പര്യം. ഇന്ന് ഹാച്ച്ബാക്കുകളുടെ വിലയിൽ വരെ ഇത്തരം മോഡലുകൾ സുലഭമായി കിട്ടാൻ തുടങ്ങിയതോടെ എസ്‌യുവികളെല്ലാം ചൂടപ്പം പോലെ വിറ്റഴിയുകയാണ്. എന്നിരുന്നാലും ദീർഘകാലത്തേക്ക് ഉപയോഗിക്കാനായി വലിയൊരു വണ്ടി തന്നെ വാങ്ങിയേക്കാം എന്ന് ആലോചിക്കുന്നവരുടെ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് ഹ്യുണ്ടായി ക്രെറ്റയുടേത്. മാരുതിയും ടൊയോട്ടയും ഹോണ്ടയുമെല്ലാം സെഗ്മെന്റിലേക്ക് കടന്ന് വന്നുവെങ്കിലും മിഡ്-സൈസ് എസ്‌യുവികളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ക്രെറ്റ തന്നെയാണ്.
ഇതിന്റെ മാജിക് എന്താണെന്ന് ചോദിച്ചാൽ ചിലപ്പോൾ ഹ്യുണ്ടായിക്ക് പോലും കൃത്യമായൊരു ഉത്തരം നൽകാനായേക്കില്ലെന്നു വേണം പറയാൻ. മോഹൻലാൽ രാവണപ്രഭുവിൽ പറയുന്നതു പോലെ 'എന്തോ ആളുകൾക്കിഷ്‌ടമാണ് എന്നെ' എന്ന ലൈനാണ് ക്രെറ്റയുടേത്. വാങ്ങിയാൽ ഒരു നഷ്‌ടവും പിന്നീട് തോന്നാത്ത വിധമാണ് എസ്‌യുവിയെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്.

അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരവുമായി എത്തിയ ക്രെറ്റയ്ക്ക് വെറും മൂന്ന് മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ ലഭിച്ചു. ഇങ്ങനെ സ്വീകാര്യത കിട്ടണമെങ്കിൽ നിലവിലെ ഉപഭോക്താക്കളുടെ അഭിപ്രായത്തിനും വലിയ വിലയുണ്ട്. വിൽപ്പനയ്ക്കൊപ്പം മികച്ച സർവീസും മറ്റ് ആഫ്റ്റർ സെയിൽസ് സേവനവുമെല്ലാം നൽകിയാൽ മാത്രമേ ഇങ്ങനെ പിടിച്ചുനിൽക്കാനാവൂ. എന്തായാലും നിങ്ങൾക്കൊരു ക്രെറ്റ വാങ്ങാൻ പ്ലാനുണ്ടേൽ ഇക്കാര്യങ്ങൾ എന്തായാലും അറിഞ്ഞിരിക്കേണ്ടത് അത്യാവിശ്യമാണ്.
വിലയും വേരിയന്റുകളും: E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ഹ്യുണ്ടായി ക്രെറ്റയെ വിപണിയിൽ എത്തിക്കുന്നത്. 11 ലക്ഷം മുതൽ 20.15 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വരുന്ന എക്സ്ഷോറൂം വില. പെർഫോമൻസ് പ്രേമികളെ വശത്താക്കാനായി N-ലൈൻ മോഡലും ഇപ്പോൾ ക്രെറ്റയ്ക്കുണ്ട്. N8, N10 പതിപ്പുകളിൽ വാഗ്‌ദാനം ചെയ്യുന്ന ഇതിന് 16.82 ലക്ഷം മുതൽ 20.45 ലക്ഷം വരെയാണ് വിലവരുന്നത്.

എക്സ്റ്റീരിയർ: മുൻഗാമികളിൽ നിന്നും ഏറെ വ്യത്യസ്‌തമായ രൂപമാണ് പുത്തൻ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനുള്ളത്. കൂടുതൽ ചതുരാകൃതിയിലുള്ള സ്റ്റൈൽ പിടിച്ചിരിക്കുന്നതിനാൽ എസ്‌യുവി കൂടുതൽ പരുക്കനായിട്ടുമുണ്ട്. മുൻവശത്തെ ക്രോമിൽ ഒരുക്കിയ ഗ്രില്ലും നവീകരിച്ച ഡിആർഎല്ലും എൽഇഡി ഹെഡ്‌ലൈറ്റുമെല്ലാം ക്രെറ്റയ്ക്ക് നൽകുന്ന ആകർഷണവും വേറെ തന്നെയാണ്. അതുപോലെ തന്നെയാണ് പിൻഭാഗവും കണക്റ്റഡ് ടെയിൽ ലാമ്പുകൾ കണ്ടാൽ കണ്ണെടുക്കാൻ തോന്നുല്ല.
ഇന്റീരിയർ: പുതിയ ഡ്യുവൽ-ടോൺ തീമിലാണ് മുഖംമിനുക്കിയ ക്രെറ്റയുടെ അകത്തളം വരുന്നത്. കൂടുതൽ സമകാലികമായി പൊളിച്ചെഴുതിയ ഇന്റീരിയറിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സമന്വയിപ്പിക്കുന്ന ഒരു പുതിയ ഡാഷ്‌ബോർഡ് ലേഔട്ടാണ് കാണാനാവുക. എണ്ണിയാൽ തീരാത്തത്ര ഫീച്ചറുകളാലും ക്രെറ്റ സമ്പന്നമാണെന്ന് പറയേണ്ടതില്ലല്ലോ. പിൻസീറ്റിൽ മൂന്ന് പേർക്ക് അടിപൊളിയായി ഇരിക്കാനുള്ള സ്പേസുമുണ്ട്. കൂടാതെ 433 ലിറ്ററിന്റെ ബൂട്ട് സ്പേസും വാഹനത്തിന്റെ പ്രത്യേകതയാണ്.

എഞ്ചിൻ: 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് ക്രെറ്റയുടെ വരവ്. പെർഫോമൻസ് കണക്കുകളിലും മൂന്നും പുലികളാണെങ്കിലും ഡ്രൈവിംഗ് ഹരമായുള്ളവർക്ക് ടർബോ വേരിയന്റിലേക്ക് ചേക്കേറാം. ഗിയർബോക്‌സ് ചോയിസുകളുടെ കാര്യത്തിൽ 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയാണ് എസ്‌യുവിയിലുള്ളത്.
സേഫ്റ്റി: സുരക്ഷയുടെ കാര്യത്തിലും ഹ്യുണ്ടായി ക്രെറ്റ മുൻഗാമികളേക്കാൾ മിടുക്കനായാണ് വരവ്. അതിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം ചേർത്തതാണ് (ADAS) ഹൈലൈറ്റ്. ഒപ്പം ആറ് എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഹ്യുണ്ടായി കോർത്തിണക്കിയിട്ടുണ്ട്.


Click it and Unblock the Notifications








