അകത്ത് കയറിയാൽ ഇറങ്ങാൻ തോന്നൂല്ല, കൂടെ സേഫ്റ്റിയുടെ ആറാട്ടും; പുത്തൻ ക്രെറ്റയുടെ അകത്തളം നോക്കിക്കേ
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് പുത്തൻ മാറ്റങ്ങളോടെ എത്തുകയാണ് നമ്മുടെ സ്വന്തം ഹ്യുണ്ടായി ക്രെറ്റ. നാല് വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച രണ്ടാംതലമുറ മോഡലിലേക്ക് വരുന്ന ആദ്യത്തെ ഫെയ‌്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരമാണ് വരാനിരിക്കുന്നത്. കാര്യമായ നവീകരണങ്ങളൊന്നും ലഭിച്ചില്ലെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ ക്രെറ്റ ഇന്നും നമ്പർ വണ്ണാണ്.
എങ്കിലും ഹോണ്ട എലിവേറ്റും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം സെഗ്മെന്റിലെ ആധുനികവത്ക്കരണത്തിന് തുടക്കം കുറിച്ച സ്ഥിതിക്ക് ഹ്യുണ്ടായിക്ക് മാറി നിൽക്കാനാവില്ലല്ലോ. ആയതിനാൽ 2024 മോഡൽ ക്രെറ്റയെ ജനുവരി 16-ന് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എസ്‌യുവിക്കായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി വാഹനം ഇപ്പോൾ തന്നെ റിസർവ് ചെയ്‌തിടാം.

ദേ ഇപ്പോൾ വരവിന് തീയതി അടുക്കുമ്പോൾ പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കുകയാണ് ഹ്യുണ്ടായി. കഴിഞ്ഞ ദിവസം എഞ്ചിനും വേരിയന്റുകളുമെല്ലാം വിവരിച്ച ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇപ്പോഴിതാ പുത്തൻ മോഡലിന്റെ ഇന്റീരിയർ വിശേഷങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. എന്തെല്ലാം ഫീച്ചറുകളും സേഫ്റ്റി ഉപകരണങ്ങളുമാണ് 2024 ക്രെറ്റയിലേക്ക് എത്തുന്നതെന്ന് വിശദമായി നോക്കിയാലോ?
ഇൻ്റീരിയറിൽ ധാരാളം അഴിച്ചുപണികൾ നടത്തിയിട്ടുണ്ടെന്ന കാര്യം ചിത്രങ്ങളിലൂടെ വ്യക്തമാവുന്നുണ്ട്. പുതിയ ഡ്യുവൽ കണക്റ്റഡ് സ്‌ക്രീനുകളും HVAC കൺട്രോളുകൾക്കായുള്ള ടച്ച് പാനലോടുകൂടിയ റീഡിസൈൻ ചെയ്ത സെന്റർ കൺസോളും ഉപയോഗിച്ച് എസ്‌യുവിയുടെ ഡാഷ്‌ബോർഡ് പൂർണമായും റീഡിസൈൻ ചെയ്‌തിട്ടുണ്ട്. അൽകസാറിൽ നിന്ന് കടമെടുത്ത 26.03 സെന്റിമീറ്റർ മൾട്ടി-ഡിസ്‌പ്ലേ ഡിജിറ്റൽ ക്ലസ്റ്ററുമായാണ് പുതിയ ക്രെറ്റ വരുന്നത്.

ബ്ലൈൻഡ് വ്യൂ മോണിറ്റർ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 8-വേ പവർ ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയെല്ലാമാണ് എടുത്തു പറയേണ്ട പുതിയ സവിശേഷതകൾ. അതോടൊപ്പം ഹ്യുണ്ടായി ജിയോസാവന് വേണ്ടിയുള്ള ഒരു വർഷത്തെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ 26.03 സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് 70 ലധികം കണക്റ്റിവിറ്റി ഫീച്ചറുകൾ, ഇൻ-ബിൽറ്റ് നാവിഗേഷൻ, മൾട്ടി-ലാംഗ്വേജ് സപ്പോർട്ട്, ബോസ് സൗണ്ട് സിസ്റ്റം എന്നിവയും ലഭിക്കും.
ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ പുതിയ മാറ്റങ്ങളും ഫീച്ചറുകളുമായി വരുന്ന ഹ്യുണ്ടായി ക്രെറ്റ ട്രെൻഡ് സെറ്ററാവുമെന്നാണ് വിലയിരുത്തൽ. സേഫ്റ്റി പ്രധാന പരിഗണനായി മാറിയ ഇന്ത്യക്കാർക്കുള്ള വിരുന്നാവും വാഹനം. സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിൽ 2024 മോഡലിൽ 6 എയർബാഗുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്നു.

19 ഫീച്ചറുകൾ ഉൾപ്പെടുന്ന ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവും (ADAS) പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായിരിക്കും. ബോഡിഷെല്ലിന്റെ ഘടനാപരമായ കാഠിന്യവും ഊർജം ആഗിരണം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ക്രാഷ് മെംബർ, ഫ്ലോർ, സൈഡ് സിൽ, ക്രാഷ് പാഡ് എന്നിവ വാഹനത്തിൽ ഉറപ്പിച്ചിട്ടുണ്ടെന്നും ഹ്യുണ്ടായി പറയുന്നു.
2022-ൽ, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ വാഹനം പുതിയ ക്രെറ്റ ഭാരത് NCAP ക്രാഷ് ടെസ്റ്റിന് കീഴിൽ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കുമെന്ന് ഉറപ്പാണ്. നേരത്തെ വെർണ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നുവെന്ന് വേണം പറയാൻ. ഇനി വരാനിരിക്കുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈനിലേക്ക് വന്നാൽ വമ്പൻ പരിഷ്ക്കാരങ്ങളാണ് ഒരുക്കുന്നത്.

പുതിയ ഫുൾ-വീഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും പുതിയ ഹെഡ്‌ലാമ്പുകളും ഗ്രില്ലുമെല്ലാം അടങ്ങുന്ന ഏറ്റവും മുൻവശം അമ്പരിപ്പിക്കുമെന്നാണ് ടീസർ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നത്. നിലവിലെ മോഡലിനേക്കാൾ ബോക്‌സി സ്റ്റൈലിംഗാവും സ്വീകരിക്കുക E, EX, S, S(O), SX, SX ടെക്, SX(O) എന്നീ ഏഴ് ട്രിം ലെവലുകളിൽ പുതിയ ക്രെറ്റ ലഭ്യമാകും. 1.5 പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ.
മാനുവൽ, സിവിടി ഓട്ടോമാറ്റിക്, ഡിസിടി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ക്രെറ്റയിലെ ഗിയർബോക്‌സ് കോമ്പിനേഷനുകൾ. പുതിയ ടർബോ മോഡൽ ടോപ്പ് എൻഡ് വേരിയന്റിൽ ഡിസിടി ഓട്ടോമാറ്റിക്കിൽ മാത്രമേ വാങ്ങാനാവൂവെന്നും ഹ്യുണ്ടായി പ്രത്യേകം അറിയിച്ചിട്ടുണ്ട്. കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ്, സിട്രൺ C3 എയർക്രോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുമായാവും ക്രെറ്റയുടെ തുടർന്നുള്ള മത്സരം.


Click it and Unblock the Notifications








