ലുക്കിൽ വിസ്‌മയിപ്പിച്ചു, ഇനി വിലയിൽ ഞെട്ടിക്കുമോ എന്നറിയണം; പുതിയ ക്രെറ്റ നാളെ എത്തും
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതിയ മാനങ്ങൾ സമ്മാനിച്ച വാഹനമാണ് ഹ്യുണ്ടായി ക്രെറ്റ. റെനോ ഡസ്റ്റർ വന്ന് പടുത്തുയർത്ത പ്രസ്‌താനത്തെ സ്വന്തം പോക്കറ്റിലാക്കി ഇന്നും കുതിക്കുകയാണ് ഈ വാഹനം. ആധുനിക എതിരാളികൾക്കെല്ലാം മുന്നിൽ ഒന്നാമനായി വാഴുന്ന ക്രെറ്റ ദേ ഇപ്പോൾ ഞെട്ടിക്കുന്ന മാറ്റങ്ങളുമായി വിപണിയിലേക്ക് എത്തുകയാണ്.
ഏറെ പ്രതീക്ഷയോടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ 2024 ഹ്യുണ്ടായി ക്രെറ്റ ചൊവ്വാഴ്ച്ച (ജനുവരി 16) ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. 2015-ൽ ആദ്യമായി സമാരംഭിച്ച ക്രെറ്റയ്ക്ക് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 9.80 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ പിൻബലമാണുള്ളത്. കൂടാതെ മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് പോലുള്ള ശക്തരായ എതിരാളികളുടെ കടന്നുവരവുകൾക്കിടയിലും മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുറുക്കിപ്പിടിക്കാനും കമ്പനിക്കായിട്ടുണ്ട്.

ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ കൂടി വരുന്നതോടെ ക്രെറ്റയുടെ ലീഡ് വർധിപ്പിക്കാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിക്കും. ഇന്ത്യയിൽ ഹ്യുണ്ടായിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായതിനാൽ തന്നെ കൊതിപ്പിക്കുന്ന നിരവധി പരിഷ്ക്കാരങ്ങളാണ് എസ്‌യുവിയിലേക്ക് കടന്നുവരുന്നത്. പുതുക്കിയ ഡിസൈൻ, ഇന്റീരിയർ, എഞ്ചിൻ, ലെവൽ 2 ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നിവയാണ് മോഡലിലേക്ക് എത്തുന്നത്.
ടൂസോണിനോട് സാമ്യമുള്ള ഡിസൈനിലായിരിക്കും പുതിയ ക്രെറ്റ അണിയിച്ച് ഒരുക്കുന്നത്. അങ്ങനെ കാഴ്ച്ചയിൽ വിസ്‌മയിപ്പിക്കാൻ മുന്നിൽ വലിയ ഗ്രിൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ബമ്പർ, സിൽവർ ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് നീളത്തിൽ ഒഴുകുന്ന എൽഇഡി ഡിആർഎൽ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പിന്നിലേക്ക് വന്നാൽ മുൻവശത്തിന് സമാനമായ കണക്റ്റിംഗ് എൽഇഡി ടെയിൽലൈറ്റ് സജ്ജീകരണം, ട്വീക്ക് ചെയ്ത റിയർ ബമ്പർ, ഷാർക്ക്-ഫിൻ ആന്റിന, വാഷറുള്ള റിയർ വൈപ്പർ, മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ് എന്നിവയും ലഭിക്കും.

റോബസ്റ്റ് എമറാൾഡ് പേൾ (പുതിയത്), ഫിയറി റെഡ്, റേഞ്ചർ കാക്കി, അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, ബ്ലാക്ക് റൂഫ് ഉള്ള അറ്റ്‌ലസ് വൈറ്റ് എന്നിവയുൾപ്പെടെ ഏഴ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും ഇത്തവണ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാവുക. E, EX, S, S (O), SX, SX ടെക്, SX (O) എന്നീ ഏഴ് വേരിയന്റുകളിലാണ് പുതിയ ക്രെറ്റ നിരത്തുകളില്‍ എത്തുന്നത്. പുറത്തെ പോലെ തന്നെ അകത്തളത്തിലും കാര്യമായ പരിഷ്ക്കാരങ്ങൾ കാണാനാവും.
പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും സെന്റർ കൺസോൾ ലേഔട്ടും ഉപയോഗിച്ച് നന്നായി നവീകരിച്ച ക്യാബിൻ ക്രെറ്റയുടെ മെയിൻ ഹൈലൈറ്റാവും. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഇരട്ട 10.25 ഇഞ്ച് ഡിസ്‌പ്ലേ സെറ്റപ്പ്, മൾട്ടി-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പുതുക്കിയ വെന്റുകളുള്ള പുതിയ എയർകോൺ പാനൽ, അപ്‌ഡേറ്റ് ചെയ്ത സീറ്റ് അപ്‌ഹോൾസ്റ്ററി, 360-ഡിഗ്രി സറൗണ്ട് ക്യാമറ, ലെവൽ 2 ADAS സ്യൂട്ട് എന്നിവ എസ്‌യുവിയിൽ ഉണ്ടാവും.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, ഹൈ ബീം അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ്, ലെയിന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ ഡ്രൈവർ അസിസ്റ്റീവ് ഫീച്ചറുകളാണ് ഹ്യുണ്ടായി ക്രെറ്റയുടെ ADAS സംവിധാനത്തിൽ ചേർത്തിരിക്കുന്നത്. എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ നേരത്തെയുണ്ടായിരുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയ്ക്ക് പുറമെ പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് കടന്നുവരും.
ട്രാൻസ്മിഷന്റെ കാര്യത്തിൽ 6 സ്പീഡ് മാനുവൽ, ഐവിടി (ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ), 7 സ്പീഡ് ഡിസിടി (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ), 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ വാഗ്ദാനം ചെയ്യും. ടർബോ പെട്രോൾ മോട്ടോർ ഏഴ് സ്പീഡ് ഡിസിടിയിൽ മാത്രമേ വരൂ എന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്. നിലവിൽ ക്രെറ്റയുടെ എക്സ്ഷോറൂം വില 10.90 ലക്ഷം രൂപ മുതൽ 19.20 ലക്ഷം രൂപ വരെയാണ് വരുന്നത്.

2024 ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബേസ് വേരിയന്റിന് 10.90 ലക്ഷം രൂപയായി തന്നെ എക്സ്ഷോറൂം വില തുടരാൻ സാധ്യതയുണ്ട്. കാരണം പ്രധാന എതിരാളിയായ കിയ സെൽറ്റോസും കഴിഞ്ഞ വർഷം അപ്‌ഡേറ്റ് ചെയ്തത് ഈ വിലയിൽ പുറത്തിറക്കിയിരുന്നു. എന്നാൽ ക്രെറ്റയുടെ മറ്റ് വേരിയന്റുകൾക്ക് 20,000 മുതൽ 50,000 രൂപ വരെ വില വർധന പ്രതീക്ഷിക്കാം. അതേസമയം എസ്‌യുവിയുടെ ടോപ്പ് എൻഡ് ഡീസൽ വേരിയന്റിന് 12 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വില ഉണ്ടായിരിക്കും.


Click it and Unblock the Notifications








