ഇത്രയും പവറുള്ള എസ്‌യുവിക്ക് 18.2 കിലോമീറ്റർ മൈലേജോ? ക്രെറ്റ N ലൈൻ ഇക്കാര്യത്തിലും പുലി തന്നെ
ഏറെ കൊട്ടിഘോഷിക്കപ്പെട്ട് വിപണിയിലേക്ക് കടന്നുവന്നിരിക്കുകയാണ് ഹ്യുണ്ടായി ക്രെറ്റ N ലൈൻ. പെർഫോമൻസിനും യാത്രാ സുഖത്തിനും പ്രത്യേക ഊന്നൽ നൽകികൊണ്ട് പണികഴിപ്പിച്ചിരിക്കുന്ന എസ്‌യുവിയാണ് ഇത്. അതിനാൽ തന്നെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി മോഡലിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകളും ഏറെയാണെന്ന് വേണം പറയാൻ. പക്ഷേ പെർഫോമൻസ് കാറായതിനാൽ മൈലേജിൽ കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്നാവും പലരുടേയും വിചാരം.
എന്നാൽ ഈ സാധ്യതയും മുന്നിൽ കണ്ടാണ് ഹ്യുണ്ടായി ക്രെറ്റ N ലൈൻ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. പൊതുവേ ഇത്തരം പെർഫോമൻസ് വണ്ടികൾക്കുണ്ടാവുന്ന കുറഞ്ഞ ഇന്ധനക്ഷമത എന്ന പ്രശ്‌നത്തെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഒരു പരിധി വരെ മറികടന്നിട്ടുണ്ടെന്നാണ് സൂചന. എങ്ങനെയെന്ന് വഴിയേ പറഞ്ഞുതരാം. N ലൈൻ സീരീസിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മുൻനിര മോഡലകളിൽ ഒന്നാണ് ക്രെറ്റയുടേത്.

N8, N10 എന്നീ രണ്ട് വേരിയൻ്റുകളിലായി 16.82 ലക്ഷം രൂപ മുതലുള്ള എക്സ്ഷോറൂം വിലയിലാണ് എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ബേസ് വേരിയന്റിന് തന്നെ കൊച്ചിയിൽ ഏകദേശം 20.73 ലക്ഷം രൂപ ഓൺ-റോഡ് വില വരുമ്പോൾ ടോപ്പ് എൻഡ് ഹ്യുണ്ടായി ക്രെറ്റ N ലൈൻ പതിപ്പിന് 25.97 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില. ഇത്രയും പൈസ കൊടുത്ത് എടുത്തിട്ടും മൈലേജില്ലെങ്കിൽ ഇന്ത്യക്കാർ തിരിഞ്ഞുകൊത്തുമെന്ന് കമ്പനിക്ക് നന്നായി അറിയാം.
ആയതിനാൽ പെർഫോമൻസിൽ എന്ന പോലെ തന്നെ ഇന്ധനക്ഷമതയിലും വണ്ടി വിട്ടുവീഴ്ച്ച ചെയ്‌തിട്ടില്ലെന്നു വേണം പറയാൻ. 158 bhp കരുത്തിൽ പരമാവധി 253 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ക്രെറ്റ N ലൈൻ എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഈ T-GDi യൂണിറ്റ് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായാണ് (DCT) വിപണിയിലെത്തിയിരിക്കുന്നത്.

ഹ്യുണ്ടായി പറയുന്നതനുസരിച്ച് ARAI- സാക്ഷ്യപ്പെടുത്തിയ ക്രെറ്റ N ലൈൻ പെർഫോമൻസ് എസ്‌യുവിയുടെ മൈലേജ് കണക്കുകൾ മാനുവലിന് 18 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 18.2 കിലോമീറ്ററുമാണെന്നാണ്. അതേസമയം, ടർബോ പെട്രോൾ എഞ്ചിനിനൊപ്പം ലഭ്യമായ സ്റ്റാൻഡേർഡ് ക്രെറ്റ ഡിസിടി മോഡലുകൾക്ക് 18.4 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ഇക്കാര്യത്തിലും ആള് ചില്ലറക്കാരനല്ലെന്നു വേണം പറയാൻ.
വെന്യു, i20 എന്നിവയ്ക്ക് ശേഷം ഹ്യുണ്ടായിയുടെ ഇന്ത്യയിലെ മൂന്നാമത്തെ N ലൈൻ മോഡലാണിത്. 8.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ക്രെറ്റയുടെ പെർഫോമൻസ് പതിപ്പിനാവുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. സ്റ്റാൻഡേർഡ് ക്രെറ്റയിൽ നിന്ന് വ്യത്യസ്‌തമാക്കനായി N ലൈനിന് ധാരാളം എക്സ്റ്റീരിയർ അപ്ഡേഷനും ദക്ഷിണ കൊറിയൻ ബ്രാൻഡ് കൊണ്ടുവന്നിട്ടുണ്ടെന്ന് വേണം പറയാൻ.

ഇതിൽ പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, N ലൈൻ ബാഡ്‌ജിംഗോടു കൂടിയ ട്വീക്ക് ചെയ്‌ത ഗ്രിൽ, ചുറ്റിനും റെഡ് ആക്‌സൻ്റുകൾ, റിയർ സ്‌പോയിലർ, റീഡിസൈൻ ചെയ്‌ത 18 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പ് എന്നിവയെല്ലാമാണ് ആ മാറ്റങ്ങൾ.അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ടൈറ്റൻ ഗ്രേ മാറ്റ്, തണ്ടർ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, അറ്റ്ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക് റൂഫ്, ഷാഡോ ഗ്രേ വിത്ത് അബിസ് ബ്ലാക്ക് റൂഫ് എന്നിവയുൾപ്പെടെ മോണോടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും വാഹനം വാങ്ങാനാവും.
ഇനി അകത്തേക്ക് കയറിയാലും സംഭവം കളറാണ്. കറുപ്പിൽ ഒരുക്കിയിരിക്കുന്ന ക്രെറ്റ N ലൈനിൻ്റെ ഇന്റീരിയറിൽ എല്ലായിടത്തും റെഡ ആക്‌സൻ്റുകളും ഇൻസെർട്ടുകളും കാണാനാവും. ബാക്കിയുള്ള വകഭേദങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന N ലൈൻ ബാഡ്ജുകൾ സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ, ബ്ലാക്ക് ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുമുണ്ട്. അതുപോലെ തന്നെ മോഡേൺ ഫീച്ചറുകളുടെ ധാരാളിത്തവും അകത്തളത്തിനെ വേറിട്ടു നിർത്തുന്നുണ്ട്.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയ്‌ക്കായുള്ള ഇരട്ട 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ബോസ് സോഴ്‌സ് മ്യൂസിക് സിസ്റ്റം, വയർലെസ് ചാർജർ, പാഡിൽ ഷിഫ്‌റ്ററുകൾ, ഡ്യുവൽ ഡാഷ് ക്യാമറ, പവർ, വെൻ്റിലേറ്റഡ് ഡ്രൈവർ സീറ്റ്, 360-ഡിഗ്രി സറൗണ്ട് ക്യാമറ, പനോരമിക് സൺറൂഫ്, ലെവൽ 2 ADAS സ്യൂട്ട് പോലുള്ള സന്നാഹങ്ങളാണ് ഹ്യുണ്ടായി ക്രെറ്റ N ലൈനിൽ ഒരുക്കിയിട്ടുള്ളത്.


Click it and Unblock the Notifications








