ഈ വിലയ്ക്ക് ഇതുപോലെ വേറൊരു എസ്‌യുവി കിട്ടില്ല, കൊതിപ്പിക്കുന്ന വിലയിൽ ക്രെറ്റ N ലൈൻ എത്തി

ഇന്ത്യൻ വിപണിയിൽ പെർഫോമൻസ് കാറുകൾക്ക് കാര്യമായ വിൽപ്പന ഇതുവരെ പിടിക്കാനായില്ലെങ്കിലും ഏറ്റവും കൂടുതൽ ഫാൻബേസുള്ള മോഡലുകളാണ് ഇത്തരം വണ്ടികൾ. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വരെ പരാജയപ്പെട്ട് പോയ സെഗ്മെന്റുകളിൽ ഒന്നായിരുന്നു പെർഫോമൻസ് കാറുകളുടേത്. എന്നാൽ പ്രധാന എതിരാളിയായ ഹ്യുണ്ടായി കത്തിക്കയറിയ വിഭാഗമാണിത് എന്നുവേണം പറയാൻ.

N ലൈൻ എന്ന രാജ്യന്തര പരിവേഷമുള്ള കാറുകളെയാണ് ഹ്യുണ്ടായി ഇന്ത്യയിലെ ഡ്രൈവിംഗ് പ്രേമികൾക്കായി ഒരുക്കിവെച്ചത്. i20, വെന്യു എന്നീ മോഡലുകളുടെ പെർഫോമൻസ് പതിപ്പുകൾ മാന്യമായി തന്നെ വിറ്റഴിക്കാൻ ഹ്യുണ്ടായിക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്ത് ഏറ്റവും വിൽപ്പന നേടുന്ന എസ്‌യുവിയായ ക്രെറ്റയുടെ N ലൈൻ പതിപ്പിനെയും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.

Hyundai Creta N Line SUV Launched

നേരത്തെ തന്നെ ബുക്കിംഗ് തുടങ്ങിയ ക്രെറ്റ N ലൈൻ എസ്‌യുവിയെ 16.82 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. N8, N10 വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്ന ക്രെറ്റ N ലൈൻ ഒരു എഞ്ചിനിലും രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ലഭ്യമാണ്. ബ്രാൻഡിന്റെ സിഗ്നേച്ചർ ഡീലർഷിപ്പുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 25,000 രൂപ ടോക്കൺ തുക നൽകി വാഹനം ഇനിയും ബുക്ക് ചെയ്യാനാവും.

ഹ്യുണ്ടായി ക്രെറ്റ N ലൈനിൻ്റെ N8, N10 വേരിയൻ്റുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. N8 മോഡലുകളുടെ വില 16.82 ലക്ഷം മുതൽ 18.32 ലക്ഷം രൂപ വരെയാണ് വരുന്നത്. അതേസമയം ടോപ്പ് എൻഡ് N10 മാനുവലിന 19.34 ലക്ഷവും ഓട്ടോമാറ്റിക് പതിപ്പിന് 20.30 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലവരുന്നത്. ശരിക്കും പറഞ്ഞാൽ സ്റ്റാൻഡേർഡ് ക്രെറ്റയുടെ ടോപ്പ് എൻഡ് SX(O) വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്.

Hyundai Creta N Line SUV Launched

ഹ്യുണ്ടായി N ലൈൻ മോഡലുകളുടെ സവിശേഷമായ ചില ഡിസൈനാണ് പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള ക്രെറ്റയെയും വേറിട്ടുനിർത്തുന്നത്. ആദ്യ കാഴ്ച്ചയിൽ ഏറെ വ്യത്യസ്‌തമായാണ് ഇതിനെ ഒരുക്കിയിരിക്കുന്നതെന്ന് തോന്നിയാലും തെറ്റ് പറയാനാവില്ല. പുതിയ സ്‌പോർട്ടി ഫ്രണ്ട് ഗ്രില്ലും N ലൈൻ ലോഗോയും സഹിതം എക്സ്റ്റീരിയർ ഡിസൈൻ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നത് സ്വാഗതാഹമാണ്.

എസ്‌യുവിയുടെ സ്‌പോർട്ടി നിലപാട് ഉയർത്തുന്നിനായി റെഡ് ആക്‌സൻ്റുകളോടെയുള്ള കൂടുതൽ ആക്രമണാത്മകമായ ശൈലിയുള്ള ഫ്രണ്ട് ബമ്പറും ഹ്യുണ്ടായി സമ്മാനിച്ചിട്ടുണ്ട്. വശക്കാച്ചയിൽ പുതുമ നൽകുന്നതിനായി ക്രെറ്റ N ലൈനിന് റെഡ് ആക്‌സൻ്റുകളുള്ള സൈഡ് സ്കർട്ടുകളും N ലൈൻ ബാഡ്‌ജിംഗോടുകൂടിയ പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും വന്നെത്തിയിട്ടുണ്ട്. അതോടൊപ്പം ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ ചുവപ്പിൽ ഒരുക്കിയിരിക്കുന്നതും കട്ടലുക്കാണ്.

Hyundai Creta N Line SUV Launched

പിൻഭാഗത്തേക്ക് വന്നാൽ പെർഫോമൻസ് എസ്‌യുവിക്ക് ട്വിൻ-ടിപ്പ് എക്‌സ്‌ഹോസ്റ്റാണ് കാണാനാവുന്നത്. അത് സ്റ്റാൻഡേർഡ് ക്രെറ്റയേക്കാൾ സ്‌പോർട്ടിയായി വീണ്ടും ക്രെറ്റയെ മാറ്റുന്ന കാര്യമാണ്. ആറ് കളർ ഓപ്ഷനുകളിലാണ് ക്രെറ്റ N ലൈൻ വാഗ്ദാനം ചെയ്യുന്നത്. ബ്ലാക്ക് റൂഫിൽ വരുന്ന മൂന്ന് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ ഓപ്ഷനും ഇതിൽ ഉൾപ്പെടുന്നു. അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ടൈറ്റൻ ഗ്രേ മാറ്റ് എന്നിവയാണ് മോണോടോൺ നിറങ്ങൾ.

അതേസമയം തണ്ടർ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, ഷാഡോ ഗ്രേ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, അറ്റ്ലസ് വൈറ്റ് വിത്ത് എബിസ് ബ്ലാക്ക് റൂഫ് എന്നിവയാണ് ഡ്യുവൽ ടോൺ ഷേഡ് വരുന്നവ. ഇന്റീരിയറിലേക്ക് കയറിയാലും പരിഷ്ക്കാരങ്ങൾ തന്നെയാവും യാത്രക്കാരെ വരവേൽക്കാനായി കാത്തിരിക്കുന്നത്. N ലൈൻ ലോഗോയും ചുറ്റും ചുവന്ന ആക്‌സൻ്റുകളുമുള്ള അകത്തളം പൂർണമായും കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നത്.

Hyundai Creta N Line SUV Launched

ഹ്യുണ്ടായി ക്രെറ്റ N ലൈനിൻ്റെ ഡാഷ്‌ബോർഡിൽ ചുവന്ന ആക്‌സൻ്റുകളും ഡിജിറ്റൽ ഡിസ്‌പ്ലേകൾക്ക് ചുറ്റുമുള്ള ചുവന്ന ബെസെലും സ്റ്റിയറിംഗ് വീലിലും ഗിയർബോക്‌സിലും N ലൈൻ ബാഡ്‌ജിംഗും വണ്ടിയെ സ്‌പോർട്ടിയാക്കുന്നതിൽ പ്രത്യേക സ്ഥാനം തന്നെ വഹിച്ചിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ പോലുള്ള എല്ലാത്തരം മോഡേൺ സവിശേഷതകളും വാഹനത്തിലുണ്ട്.

ഇതുകൂടാതെ ഡ്യുവൽ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ് എന്നിവയും അതിലേറെയും ഫീച്ചറുകളും കുത്തിനിറച്ചാണ് ക്രെറ്റ N ലൈൻ എസ്‌യുവിയുടെ വരവ്. സേഫ്റ്റിയിലേക്ക് വന്നാലും ആള് പുലിയാണെന്ന് വേണം പറയാൻ. ലെവൽ-2 ADAS സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോ എന്നിവ പോലുള്ള കാര്യങ്ങളാണ് വാഹനത്തിൽ ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്.

Hyundai Creta N Line SUV Launched

ക്രെറ്റ N ലൈനിന് 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. ഇത് സ്റ്റാൻഡേർഡ് ക്രെറ്റ എസ്‌യുവിക്ക് കരുത്ത് പകരുന്ന അതേ യൂണിറ്റാണെങ്കിലും സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി എഞ്ചിന് ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭിക്കും. 158 bhp പവറിൽ 253 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന വിധമാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.

പെർഫോമൻസ് അധിഷ്ഠിതമാക്കി നിർമിച്ചിരിക്കുന്നതിനാൽ തന്നെ വെറും 9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഹ്യുണ്ടായി ക്രെറ്റ N ലൈൻ എസ്‌യുവിക്ക് കഴിയും. ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ സ്നോ, സാൻഡ്, മഡ് എന്നീ മൂന്ന് ട്രാക്ഷൻ കൺട്രോൾ മോഡുകളും പുത്തൻ ക്രെറ്റയുടെ പ്രത്യേകതയാണ്. സെഗ്മെന്റിൽ നേരിട്ട് മത്സരമില്ലാത്തതിനാൽ ഹ്യുണ്ടായിക്ക് ഇവിടെയും തിളങ്ങാനാവുമെന്നാണ് അനുമാനം.

More from DriveSpark

Article Published On: Monday, March 11, 2024, 19:22 [IST]
English summary
Hyundai creta n line suv launched price features design safety details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X