27.97 കി.മീ. മൈലേജുള്ള വിറ്റാരയെ കാഴ്ച്ചക്കാരനാക്കി ക്രെറ്റയുടെ കുതിപ്പ്, പോയ മാസം വാങ്ങിയത് 15,447 ആളുകൾ
മിഡ്-സൈസ് എസ്‌യുവി വിപണിയിലെ താരരാജാവായി വിലസുകയാണ് ഹ്യുണ്ടായി ക്രെറ്റ (Hyundai Creta). വന്നകാലം മുതൽ അടക്കിഭരിക്കുന്ന സെഗ്മെന്റിൽ സാക്ഷാൽ മാരുതി സുസുക്കിയും ടൊയോട്ടയും ഹോണ്ടയും കിയയും സ്കോഡയും ഫോക്‌സ്‌വാഗണും സിട്രണും എല്ലാം പയറ്റാൻ ഇറങ്ങിയിട്ടും കൂസലില്ലാതെ വമ്പൻ വിൽപ്പനയുമായി കുതിക്കുകയാണ് ക്രെറ്റ.
കൃത്യമായ ഇടവേളകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതും ആരേയും മോഹിപ്പിക്കുന്ന വില നിർണയവും തന്നെയാണ് ക്രെറ്റയുടെ വിജയമന്ത്രം. ഒപ്പം ഡീസൽ, പെട്രോൾ എഞ്ചിനുകളുടെ സാന്നിധ്യവും ആശാന് കരുത്താണ്. 2024 ഏപ്രിൽ മാസത്തിൽ മാത്രം മിഡ്-സൈസ് എസ്‌യുവിയുടെ 15,447 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. പോയ വർഷം ഇതേ സമയത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 10 ശതമാനത്തിലധികം വളച്ച കൈവരിക്കാനും കമ്പനിക്കായി.

ഇന്ത്യയിലെ മൊത്തം എസ്‌യുവികളുടെ വിൽപ്പന കണക്കുകളും നോക്കുമ്പോൾ ഏപ്രിലിൽ വിറ്റ മികച്ച 10 എസ്‌യുവികളിൽ ക്രെറ്റയ്ക്ക് മൂന്നാം സ്ഥാനം കൈവരിക്കാനും സാധിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ വണ്ടിയെ പരിഷ്ക്കരിച്ചും വേരിയന്റുകൾ കൂട്ടിച്ചേർത്തുമെല്ലാം വണ്ടിയെ പുതുമയോടെ നിലനിർത്താൻ കമ്പനിക്കാവുന്നുണ്ട്. അതിനാൽ തന്നെ അടുത്തിടെ വന്ന ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരത്തേയും ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചിരിക്കുന്നത്.
2015 മുതല്‍ ഇന്ത്യൻ വിപണിയിൽ എത്തിയ ക്രെറ്റ ഇതുവരെ 10 ലക്ഷം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിച്ചിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനൊപ്പം ADAS എന്നറിയപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം കൂടി ചേർത്തതോടെ വണ്ടി കൂടുതൽ ഗമയോടെ കൊണ്ടുനടക്കാം. E, EX,S,S(O),SX,SX ടെക്, SX(O), N-ലൈൻ എന്നിങ്ങനെ വ്യത്യസ്‌തമായ വേരിയന്റുകളിലാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ വിപണനത്തിന് എത്തുന്നത്.

നിലവിൽ 11.00 ലക്ഷം രൂപ മുതൽ 20.15 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ക്രെറ്റക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. N-ലൈൻ പെർഫോമൻസ് പതിപ്പാണെങ്കിൽ വില 20.45 ലക്ഷമായി ഉയരും. 1.5 ലിറ്റർ MPi പെട്രോൾ , 1.5 ലിറ്റർ U2 CRDi ഡീസൽ, പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിച്ചിരിക്കുന്ന 1.5 ലിറ്റർ കാപ്പ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് എസ്‌യുവി വരുന്നത്.
ഇതിൽ ആദ്യത്തെ 1.5 ലിറ്റർ പെട്രോളിന് 115 bhp കരുത്തിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 1.5 ലിറ്റർ ഡീസലിന്റെ പെർഫോമൻസിലേക്ക് നോക്കിയാൽ 116 bhp പവറിൽ 250 Nm torque വരെ നൽകുന്ന വിധമാണ് ഹ്യുണ്ടായി എഞ്ചിൻ ട്യൂൺ ചെയ്‌ത് വെച്ചിരിക്കുന്നത്. 1.5 ടർബോയാണെങ്കിൽ 60 bhp പവറിൽ പരമാവധി 253 Nm torque വരെയാണ് നിർമിക്കുന്നത്.

ഗിയർബോക്‌സ് ഓപ്ഷനിലേക്ക് നോക്കിയാൽ 6-സ്പീഡ് മാനുവൽ, IVT ഓട്ടോമാറ്റിക്, 7-സ്പീഡ് DCT ഓട്ടോമാറ്റിക്, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഹ്യുണ്ടായി ക്രെറ്റയ്ക്കൊപ്പം തെരഞ്ഞെടുക്കാനാവുന്നത്. എല്ലാ ഹ്യുണ്ടായി കാറുകളേയും പോലെ തന്നെ ഫീച്ചറുകളും ധാരാളിയായാണ് എസ്‌യുവിയുടെ വരവ്. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വോയ്‌സ്-എനേബിൾഡ് പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയെല്ലാം വണ്ടിയിലുണ്ട്.
ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻവശത്തെ യാത്രക്കാർക്ക് സൈഡ് വിൻഡോകളിൽ സ്‌ക്രീൻ കർട്ടൻ, പിൻ സീറ്റുകൾക്ക് സോഫ്റ്റ് കുഷീനുകൾ പോലുള്ള മോഡേൺ സവിശേഷതകളും പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും മിഡ്-സൈസ് എസ്‌യുവി പുലിക്കുട്ടനാണ്. ആറ് എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിങ്ങനെ 36 സ്റ്റാൻഡേർഡ് 70 സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വരുന്നത്.

ലെവൽ 2 ADAS ടെക്കിന്റെ വരവാണ് മറ്റൊരു ഹൈലൈറ്റ്. ഫോർവേഡ് കൊളിഷൻ വാണിംഗ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ലീഡ് കാർ ഡിപ്പാർച്ചർ അലേർട്ട്, ബ്ലൈൻഡ്‌വ്യൂ മോണിറ്റർ, സറൗണ്ട് വ്യൂ ക്യാമറ എന്നിവ പോലുള്ള സംവിധാനങ്ങളാണ് ഹ്യുണ്ടായി അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൽ വാഗ്‌ദാനം ചെയ്യുന്ന നൂതന ഡ്രൈവർ സഹായ സവിശേഷതകൾ.
ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ മത്സരിക്കുന്നത് കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹീന്ദ്ര സ്‌കോർപിയോ N പോലുള്ള വമ്പൻമാരുമായാണ്. എന്നിട്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്താനാവുന്നത് ശരിക്കും വിസ്‌മയം തന്നെയാണ്.


Click it and Unblock the Notifications








