നിവൃത്തിയില്ലാതെ ഹ്യുണ്ടായി അത് ചെയ്‌തു, എലിവേറ്റിന് പിന്നാലെ ക്രെറ്റ വാങ്ങണേലും കീശകീറും
എസ്‌യുവി എന്നാൽ ഇന്ത്യക്കാർക്ക് ക്രെറ്റയാണ്. വന്നകാലം മുതൽ ദേ ഇന്നുവരെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമായി ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്‌യുവി അരങ്ങ് വാഴുകയാണ്. കൃത്യമായ ഇടവേളകളിൽ വണ്ടിയെ പരിഷ്ക്കരിച്ചും വേരിയന്റുകൾ കൂട്ടിച്ചേർത്തുമെല്ലാം വണ്ടിയെ പുതുമയോടെ നിലനിർത്താൻ കമ്പനിക്കാവുന്നുണ്ട്.
അടുത്തിടെ വന്ന ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരത്തേയും ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചിരിക്കുന്നത്. പലരും തങ്ങളുടെ ഡ്രീം കാറായി ക്രെറ്റയെ മനസിലേറ്റി കഴിഞ്ഞു. പക്ഷേ കാശെല്ലാം സ്വരുക്കൂട്ടിവെച്ച് ഇക്കൊല്ലം ഒന്ന് വാങ്ങിയേക്കാം എന്നകരുതിയിരിക്കുന്നവർക്കുള്ള ഇരുട്ടടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹ്യുണ്ടായി. എന്താണന്നല്ലേ, കൊറിയൻ ഓട്ടോ ഭീമൻ ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച എസ്‌യുവിയുടെ വില പരിഷ്ക്കരിച്ചതാണ് സംഭവം.

അതായത് പഴയ വിലയ്ക്ക് ഇനി ക്രെറ്റ വാങ്ങാൻ കിട്ടില്ലെന്ന് സാരം. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയുടെ വില പരിഷ്ക്കരിച്ചത് വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്നത് വരും ദിവസങ്ങളിൽ അറിയാം. പക്ഷേ ഇക്കൂടെ മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട് കേട്ടോ. ക്രെറ്റയുടെ പ്രാരംഭ വില 11 ലക്ഷം രൂപയിൽ തന്നെ തുടരും. പകരം മറ്റ് വേരിയന്റുകളുടെ വിലയിലാണ് കമ്പനി വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.
പുതിയ വിലകൾ ക്രെറ്റയുടെ എല്ലാ വകഭേദങ്ങളെയും ബാധിക്കില്ലെന്നത് പലർക്കും ആശ്വാസം നൽകുന്ന കാര്യമാണ്. പെട്രോൾ പതിപ്പിൽ 1.5 ലിറ്റർ എഞ്ചിനും മാനുവൽ ഗിയർബോക്സുമായി വരുന്ന എൻട്രി ലെവൽ E വേരിയന്റ്, ഡിസിടി ട്രാൻസ്മിഷനുമായി വരുന്ന 1.5 ലിറ്റർ ടർബോ SX(O) വേരിയന്റ് എന്നിവയുടെ വില പഴയപടി തന്നെ ഹ്യുണ്ടായി നിലനിർത്തിയിട്ടുണ്ട്. പെട്രോൾ എഞ്ചിൻ ഉള്ള ബാക്കി മോഡലുകൾക്ക് ഏകദേശം 3,500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.

ഡീസൽ വേരിയന്റുകളിൽ ഓട്ടോമാറ്റിക് SX(O) ഡ്യുവൽ ടോൺ SX(O) പോലുള്ള ടോപ്പ് എൻഡ് വേരിയന്റുകളുടെ വിലയും ഹ്യുണ്ടായി ഇത്തവണ കൂട്ടിയിട്ടില്ല. പകരം 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിൻ ഉള്ള ക്രെറ്റയുടെ മറ്റെല്ലാ വകഭേദങ്ങൾക്കും ഏകദേശം 10,800 രൂപയാണ് ഇനി മുതൽ അധികമായി മുടക്കേണ്ടി വരിക. പുതിയ വില പരിഷ്ക്കാരത്തിന് എന്താണ് കാരണമെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കൃത്യമായി അറിയിച്ചിട്ടില്ല.
ഇക്കൊല്ലം അവതരിപ്പിച്ച ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് വലിയ ഡിമാന്റാണുള്ളത്. ഡിസൈനിലെ മാറ്റം പലരേയും ആകർഷിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. പുതിയ ഗ്രിൽ, പുതിയ എൽഇഡി ഡിആർഎൽ, ഹെഡ്‌ലൈറ്റ് സജ്ജീകരണം, മുൻവശത്തെ പുതിയ ബമ്പർ, റീഡിസൈൻ ചെയ്‌ത അലോയ് വീലുകൾ, കണക്റ്റഡ് ടെയിൽ ലൈറ്റുകൾ, ട്വീക്ക് ചെയ്‌ത റിയർ ബമ്പർ എന്നിവയെല്ലാം കിടിലൻ രൂപമാണ് എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്.

അകത്തേക്ക് കയറിയാലും യാത്രകൾ രാജകീയമാക്കാനുള്ള എല്ലാത്തരം സംവിധാനങ്ങളും ബ്രാൻഡ് കോർത്തിണക്കിയിട്ടുണ്ട്. എസ്‌യുവിയുടെ ക്യാബിനും അപ്‌ഹോൾസ്റ്ററിയും പുതിയ നിറം ഉപയോഗിച്ച് പുനരാവിഷ്ക്കരിച്ചു. ഫീച്ചറുകളുടെ കാര്യത്തിൽ ആധുനികമായ എല്ലാത്തരം സംവിധാനങ്ങളും പുത്തൻ ക്രെറ്റയിൽ എത്തിയിട്ടുണ്ട്. പുതുക്കിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, അപ്‌ഡേറ്റ് ചെയ്‌ത എയർ കണ്ടീഷൻ വെൻ്റുകൾ എന്നിവയാണ് ഇതിലെ പ്രധാന ഹൈലൈറ്റ്.
പുതുതായി അവതരിപ്പിച്ച ലെവൽ 2 ADAS ഉൾപ്പെടെ 70-ലധികം സുരക്ഷാ ഫീച്ചറുകളും ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നുണ്ട്. ഫോർവേഡ് കൊളിഷൻ വാർണിംഗ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ലീഡ് കാർ ഡിപ്പാർച്ചർ അലേർട്ട്, ബ്ലൈൻഡ്‌വ്യൂ മോണിറ്റർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റത്തിൽ വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനുകൾ അതേപടി നിലനിർത്തിയെങ്കിലും പുത്തൻ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ വരവ് ക്രെറ്റക്ക് കരുത്തായിട്ടുണ്ട്.

6 സ്പീഡ് മാനുവൽ, iVT ഓട്ടോമാറ്റിക്, 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന മൂന്ന് തരം ഗിയർബോക്‌സുകളാണ് പുതിയ ഹ്യുണ്ടായി ക്രെറ്റയിൽ ഒരുക്കിയിട്ടുള്ളത്. മാര്‍ച്ച് മാസത്തില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ 16,458 യൂണിറ്റ് ക്രെറ്റയാണ് വിറ്റഴിച്ചത്. 2015-ല്‍ എസ്‌യുവി മോഡല്‍ പുറത്തിറക്കിയതിന് ശേഷമുള്ള റെക്കോര്‍ഡ് പ്രതിമാസ വില്‍പ്പനയാണിത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ക്രെറ്റയുടെ 1.63 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.


Click it and Unblock the Notifications








