പൊറോട്ടയ്ക്ക് പോലുമില്ല ഇത്രയും ആവശ്യക്കാർ, ഈ വർഷം ഹ്യുണ്ടായി എസ്‌യുവി വാങ്ങിയത് 2 ലക്ഷം പേർ
മനുഷ്യൻമാരെല്ലാം എസ്‌യുവകളുടെ പിന്നാലെ പായുന്ന കാലമാണിത്. എൻട്രി ലെവൽ കാറുകൾ വാങ്ങാനിരുന്നവർ വരെ ഇപ്പോൾ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ കിട്ടുമോയെന്നാണ് അന്വേഷിച്ച് നടക്കുന്നത്. പക്ഷേ ഇന്ത്യയിൽ ഏറ്റവും കച്ചോടം നേടുന്ന എസ്‌യുവി ഏതാണെന്ന് നിങ്ങൾക്കറിയാമോ? ടാറ്റ പഞ്ച്, മാരുതി സുസുക്കി ബ്രെസ, മാരുതി ഫ്രോങ്ക്‌സ് എന്നിങ്ങനെ പലരും പല പേരുകൾ പറയുമെങ്കിലും ഇതൊന്നുമല്ല ഉത്തരം. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന എസ്‌യുവി ഹ്യുണ്ടായി ക്രെറ്റയാണ്. വിലയും മൈലേജും ഒന്നുമല്ല ആളുകൾക്ക് വലിയ കാര്യമെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടം.
വാഹന ഗവേഷണത്തിന് പേരുകേട്ട സ്ഥാപനമായ ജാറ്റോ ഡൈനാമിക്‌സ് ലിമിറ്റഡ് നടത്തിയ പഠനത്തിൽ 2024-ൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എസ്‌യുവി ക്രെറ്റയാണ്. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ മോഡലിന്റെ 1,87,200 യൂണിറ്റുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഈ കലണ്ടർ വർഷം ഇതുവരെ ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. ഡിസംബറിൽ 13,000 യൂണിറ്റുകൾ വിറ്റഴിക്കാൻ ഹ്യുണ്ടായിക്കാവുമെന്നതിനാൽ വിൽപ്പന 2 ലക്ഷം കടക്കുമെന്ന് ഉറപ്പാണ്.

മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റർ, ടൊയോട്ട ഹൈറൈഡർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ C3 എയർക്രോസ് തുടങ്ങിയ വമ്പൻമാരുമായി ഏറ്റുമുട്ടിയാണ് ഹ്യുണ്ടായി ക്രെറ്റ ഉയരങ്ങൾ കീഴടക്കുന്നത്. ഓരോ എതിരാളികളും അവരവരുടേതായ രീതിക്ക് വേറിട്ടു നിൽക്കുന്നുണ്ടെങ്കിലും ക്രെറ്റയെ മികച്ചതാക്കുന്നത് ഗംഭീര ഫീച്ചറുകളും വകഭേദങ്ങളുമാണ്.
E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയൻ്റുകളിലാണ് ഹ്യുണ്ടായി ക്രെറ്റ വിപണനത്തിന് എത്തുന്നത്. ഇവ വൈവിധ്യമാർന്ന ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്നതിനായാണ് കമ്പനി രൂപംകൊടുത്തിരിക്കുന്നത്. ഓരോ മോഡലിലും അതിൻ്റെ 70 നൂതന സവിശേഷതകളാൽ സമ്പന്നമാണെന്ന് മാത്രമല്ല, ടോപ്പ് വേരിയന്റുകളിൽ ലെവൽ-2 ADAS വരെ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം സുരക്ഷയിലും പുതുമയിലും ഹ്യുണ്ടായിയുടെ ശ്രദ്ധയെ എടുത്തുകാണിക്കുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയായ 'സെൻഷ്യസ് സ്പോർട്ടിനെസ്' അടിസ്ഥാനമാക്കിയാണ് ക്രെറ്റ പണികഴിപ്പിച്ചിരിക്കുന്നത്. മുൻവശത്തെ വലിയ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയെല്ലാമാണ് എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ വേറിട്ടു നിർത്തുന്നത്.
ഇനി ഇന്റീരിയറിലേക്ക് കയറിയാലും ആർക്കും ഇഷ്‌ടമാവുന്ന രീതിയിലാണ് ക്രെറ്റയുടെ അകത്തളം ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനുമായുള്ള ഡ്യുവൽ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ലെവൽ 2 ADAS പോലുള്ള പ്രീമിയം ഫീച്ചറുകളാൽ കക്ഷി സമ്പന്നനാണ്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഒന്നുമില്ലെങ്കിലും ലെവൽ 2 ADAS കൂടാതെ 6 എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ പോലുള്ള സവിശേഷതകളെല്ലാം ഹ്യുണ്ടായി ക്രെറ്റയിൽ ഒരുക്കിയിട്ടുണ്ട്.
എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷന്റെ കാര്യത്തിലും ഇത്രയും സെലക്ഷനുള്ള മറ്റൊരു മിഡ്-സൈസ് എസ്‌യുവി ഉണ്ടോയെന്ന് പോലും സംശയമാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് ഹൃദയങ്ങളാണ് ഹ്യുണ്ടായി ക്രെറ്റയിൽ കൊടുത്തിരിക്കുന്നത്. 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ.


Click it and Unblock the Notifications








