വരിനിൽക്കാൻ എത്രപേരുണ്ടെങ്കിലും 21 കി.മീ. മൈലേജുള്ള ഈ എസ്‌യുവി വേഗം തരാമെന്ന് ഹ്യുണ്ടായി
വാങ്ങാൻ ആളുകൾ തള്ളിക്കയറുന്ന എസ്‌യുവികളിൽ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ. വന്ന കാലം മുതൽ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്രിലെ ഡോണായി നിൽക്കുന്ന വണ്ടിയുടെ ഗമ കാലംമാറിയിട്ട് പോലും നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് രസകരമായ കാര്യം. ഇതേ വാഭാഗത്തിൽ സാക്ഷാൽ മാരുതി സുസുക്കിയും ടൊയോട്ടയും ഹോണ്ടയുമെല്ലാം മത്സരിക്കാൻ ഇറങ്ങിയിട്ടും ഒന്നാമനായി ഹ്യുണ്ടായിയെ ഇന്ത്യക്കാർ വാഴിക്കുകയാണ്.
ഹൈബ്രിഡിനേക്കാൾ ഡിമാന്റാണ് ഡീസൽ മോഡലുകൾക്കുള്ളതെന്ന് വരെ തെളിയിക്കാൻ ക്രെറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. സാധാരണ പെട്രോൾ എഞ്ചിനും പെർഫോമൻസ് വേണ്ടവർക്കായി ടർബോ പെട്രോൾ എഞ്ചിനും എല്ലാം സമംചേർത്ത് നൽകാൻ ഹ്യുണ്ടായിക്ക് സാധിക്കുന്നിടത്താണ് വിജയം. കാലത്തിനൊത്ത് ക്രെറ്റയുടെ കോലംമാറ്റാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ മനസുകാണിക്കാറുണ്ട്.

അതിനാൽ തന്നെ ഇന്ത്യയുടെ പ്രിയപ്പെട്ട എസ്‌യുവികളിലൊന്നായി ഹ്യുണ്ടായി ക്രെറ്റ ഇന്നും തുടരുകയാണ്. അടുത്തിടെ എസ്‌യുവിക്ക് ഒരു വലിയ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചതും ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. പ്രതീക്ഷിച്ചതുപോലെ വാങ്ങാൻ ആളുകൾ തള്ളിക്കയറുന്നത് കമ്പനിയെ സന്തോഷിപ്പിക്കുന്ന കാര്യമാണെങ്കിലും വലിയ ബുക്കിംഗ് പിരീഡ് ഒന്നുമില്ലാതെ വണ്ടികൊടുത്തുവെങ്കിലെ ആളുകളെ പിടിച്ചു നിർത്താനാവൂ.
ഹ്യുണ്ടായി ക്രെറ്റ വാങ്ങാൻ പദ്ധതിയിടുന്നവരെല്ലാം കമ്പനിയോട് ആദ്യം ചേദിക്കുന്ന കാര്യമാണ് ഡെലിവറിക്കായി എത്രത്തോളം കാത്തിരിക്കേണ്ടിവരുമെന്നത്. വരി നിൽക്കാൻ ഒരുപാട് പേരുണ്ടെന്ന് അറിയാവുന്ന ദക്ഷിണ കൊറിയൻ ബ്രാൻഡ് ആരേയും കാത്തിരുത്തി മുഷിപ്പിക്കാറില്ലെന്നതാണ് സത്യം. നിലവിലെ കണക്കനുസരിച്ച് ക്രെറ്റ ഡീസൽ എഞ്ചിൻ മോഡലുകൾക്ക് 4 മുതൽ 5 മാസം വരെ നീണ്ട കാത്തിരിപ്പ് കാലാവധിയുണ്ടെന്നാണ് വിവരം.

അതേസമയം, 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ്റെയും 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ്റെയും കാത്തിരിപ്പ് കാലാവധി ഏകദേശം 3 മുതൽ 5 മാസം വരെയാണ്. മൂന്ന് എഞ്ചിൻ ഓപ്ഷനുകൾക്കുമുള്ള കാത്തിരിപ്പ് കാലയളവിൽ ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന ട്രാൻസ്മിഷൻ ഓപ്ഷനും അനുസരിച്ച് വ്യത്യാസപ്പെടാനും സാധ്യതയുണ്ട്. ഏറ്റവും പ്രധാനമായി ഉയർന്ന ഡിമാൻഡുള്ള ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ വേരിയന്റുകളിൽ ഒന്നാണ് SX(O) ടോപ്പ് എൻഡ്.
കളർ ഓപ്ഷനുകളെക്കുറിച്ച് പറയുമ്പോൾ ഹ്യുണ്ടായി ക്രെറ്റയ്ക്ക് സ്പോർട്ടിനെസ് സമ്മാനിക്കുന്ന അബിസ് ബ്ലാക്കിനാണ് ഡിമാന്റ് കൂടുതലുള്ളതെന്നും കമ്പനി പറയുന്നു. അതായത് മിഡ് അല്ലെങ്കിൽ ലോവർ വേരിയൻ്റിലെ അബിസ് ബ്ലാക്ക് ഒഴികെയുള്ള മറ്റേതൊരു കളർ ഓപ്ഷനും താരതമ്യേന കുറഞ്ഞ ബുക്കിംഗ് പിരീഡ് ഉണ്ടായിരിക്കുമെന്ന് സാരം. മുകളിൽ പറഞ്ഞതു പോലെ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്.

133 bhp പവറിൽ പരമാവധി 144 Nm torque വികസിപ്പിക്കാനാവുന്ന 1.5 ലിറ്റർ പെട്രോൾ 6-സ്പീഡ് മാനുവൽ, iVT ഗിയർബോക്സുകളിലാണ് വരുന്നത്. 158 bhp കരുത്തിൽ 253 Nm torque നൽകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ മാനുവലിനൊപ്പം 7-സ്പീഡ് DCT ട്രാൻസ്മിഷനുമായാണ് വരുന്നത്. 114 bhp, 250 Nm torque നൽകുന്ന 1.5 ലിറ്റർ ഡീസലാണെങ്കിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നീ കോമ്പോയിലും വാങ്ങാനാവും.
സെഗ്മെന്റിലെ ഏറ്റവും ഫീച്ചർ ലിസ്റ്റ് എസ്‌യുവികളിൽ ഒന്നുകൂടിയാണ് ഹ്യുണ്ടായി ക്രെറ്റയെന്ന വമ്പൻ. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലെവൽ-2 ADAS, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ക്രെറ്റയുടെ മൊഞ്ച് കൂട്ടുന്ന സവിശേഷതകളാണ്.

ആറ് എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിങ്ങനെ 36 സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകൾക്കൊപ്പം മൊത്തം 70 സുരക്ഷാ സന്നാഹങ്ങളും കോർത്തിണക്കിയാണ് പുതിയ ക്രെറ്റ വരുന്നത്. ഇതോടൊപ്പം ലെവൽ 2 ADAS കൂടി ചേരുന്നതോടെ സംഗതി കളറാവുന്നുണ്ട്. നിലവിൽ 11.00 ലക്ഷം രൂപ മുതൽ 20.15 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ക്രെറ്റയുടെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








