എസ്‌യുവികളിലെ 'കസിൻസ്'; ക്രെറ്റ Vs സെൽറ്റോസ്, ഏത് വാങ്ങണമെന്ന കൺഫ്യൂഷൻ ഇത് വായിച്ചാൽ തീരും
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതിയമാനം സമ്മാനിച്ച മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. ഏറെക്കാലമായി സ്പോർട് യൂട്ടിലിറ്റി വാഹനപ്രേമികളുടെ മനസ് കീഴടക്കി മുന്നേറുകയാണ് വണ്ടി. എന്നാൽ 2019-ൽ സാക്ഷാൽ ക്രെറ്റയെ വിറപ്പിച്ചുകൊണ്ട് സെഗ്മെന്റ് കാൽക്കലാക്കിയ മുതലാണ് കിയ സെൽറ്റോസ്. അന്നേവരെ നാമൊന്നും കാണാത്ത സ്റ്റൈലും ഫീച്ചറുകളും കുത്തിനിറച്ച കൊറിയൻ എസ്‌യുവി ചൂടപ്പം പോലെയാണ് വിറ്റഴിച്ചത്. ഇന്നും ഈ നിരയിലെ വമ്പനായി മുൻനിരയിൽ ക്രെറ്റക്ക് ഒപ്പം പിടിച്ചുനിൽക്കാനും മോഡലിനാവുന്നുണ്ട്. ഈ രണ്ടിൽ ഏത് വാങ്ങുമെന്ന് കൺഫ്യൂഷനടിച്ച് നിൽക്കുന്നവരും നമുക്കിടയിലുണ്ട്.
അത്തരക്കാർക്കായി 2024 മോഡൽ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും തമ്മിൽ ഒന്ന് മാറ്റുരച്ചു നോക്കിയാലോ? രൂപം രണ്ടാണെങ്കിലും സെൽറ്റോസിന്റെയും ക്രെറ്റയുടേയും മനസും ശരീരവും ഒന്നാണെന്ന് ആദ്യം മനസിലാക്കിക്കോ. ഒരേ പ്ലാറ്റ്ഫോം, എഞ്ചിൻ, ഗിയർബോക്‌സ് എന്നിവയാണ് ഇവയ്ക്കുള്ളത്. എങ്കിലും അങ്ങിങ്ങായി രണ്ട് മോഡലുകളേയും അവരവരുടേതായി സവിശേഷമാക്കുന്ന കാര്യങ്ങളുമുണ്ട്. ഇനി പറയുന്ന സംഗതികൾ മനസിലാക്കിയിട്ട് ഏത് വാങ്ങണമെന്ന് തീരുമാനമെടുക്കാം.

എക്സ്ഷോറൂം വില: വിലയൊരു പ്രധാന ഘടകമായ രാജ്യമാണ് ഇന്ത്യയെന്ന് ഏവർക്കുമറിയാം. 28 വേരിയന്റുകളോളമുള്ള ഏറ്റവും പുതിയ കിയ സെൽറ്റോസിന് 10.90 ലക്ഷം മുതൽ 20.37 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം സഹോദരൻ ഹ്യുണ്ടായി ക്രെറ്റയ്ക്ക് 11 ലക്ഷം മുതൽ 20.15 ലക്ഷം വരെയും വില നൽകേണ്ടി വരും. ഏകദേശം 28 വേരിയന്റുകൾ ഈ വാഹനത്തിലുമുണ്ടെന്നാണ് കമ്പനി പറയുന്നത്.
ഫീച്ചേഴ്‌സ്: ഹ്യുണ്ടായി ക്രെറ്റയുടെയും കിയ സെൽറ്റോസിൻ്റെയും ഏറ്റവും പുതിയ മോഡലുകൾ ഫീച്ചറുകളാൽ സമ്പന്നമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെൻ്റിലേറ്റഡ് സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, പ്രീമിയം ഓഡിയോ, 360 ഡിഗ്രി ക്യാമറ എന്നിവ ക്രെറ്റയിലും സെൽറ്റോസിലും പൊതുവായി കാണാം.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ലെയ്ൻ-കീപ്പിംഗ് അസിസ്റ്റും ഫീച്ചർ ചെയ്യുന്ന ലെവൽ 2 അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റംസ് ഹ്യുണ്ടായി ക്രെറ്റയിലും കിയ സെൽറ്റോസിന്റേയും ടോപ്പ് വേരിയന്റുകളിൽ ഒരേപോലെ ലഭിക്കുന്നുണ്ട്. എന്നാൽ സെൽറ്റോസിന്റെ ടോപ്പ് എൻഡ് വേരിയൻ്റായ X-ലൈനിൽ ഒരു എക്‌സ്‌ക്ലൂസീവ് ഹെഡ്-അപ്പ് ഡിസ്‌പ്ലേ അധികമായി ലഭിക്കുന്നുണ്ടെന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
ഡിസൈനും വലിപ്പവും: ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും കിടിലൻ ഡിസൈനും സ്റ്റൈലിഷ് ലുക്കുമുള്ള മോഡലുകളാണ്. പുതിയ ക്രെറ്റ ഇക്കാര്യത്തിൽ കൂടുതൽ മികവുണ്ടെന്ന് തോന്നിയേക്കാം. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വന്നതോടെ ഹ്യുണ്ടായിക്ക് മേൽകൈയുണ്ടെന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല. ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്നതിനാൽ രണ്ട് എസ്‌യുവികൾക്കും ഏതാണ്ട് ഒരേ വലിപ്പമാണുള്ളത്.

കിയ സെൽറ്റോസിന് ഹ്യുണ്ടായി ക്രെറ്റയേക്കാൾ നീളവും വീതിയും ഉണ്ട്. അതേസമയം ക്രെറ്റയാണ് ഉയരത്തിന്റെ കാര്യത്തിൽ കേമൻ. എന്നാൽ രണ്ടിനും 2610 മില്ലീമീറ്ററിന്റെ ഒരേ വീൽബേസ് നീളമാണുള്ളത്. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ വ്യക്തമായൊരു വിജയി ഇല്ലെന്ന് വേണം പറയാൻ. പക്ഷേ എഞ്ചിൻ ഗിയർബോക്‌സ് കാര്യങ്ങൾ കൂടി നോക്കി നിങ്ങൾക്കേതാവും അനുയോജ്യമെന്ന് തെരഞ്ഞെടുക്കാം.
എഞ്ചിൻ: ഹ്യുണ്ടായി ക്രെറ്റ മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. ഇതിൽ രണ്ട് പെട്രോളും ഒരു ഡീസലും ആണ് ഉൾപ്പെടുന്നത്. പെട്രോൾ വേരിയൻ്റുകളിൽ 1.5 ലിറ്റർ MPi യൂണിറ്റും 1.5 ലിറ്റർ കാപ്പ ടർബോചാർജ്ഡ് GDi യൂണിറ്റും ഉണ്ട്. 1.5 ലിറ്റർ U2 CRDi ഡീസൽ പെർഫോമൻസിന്റെയും മൈലേജിന്റെയും ആവശ്യകത ഒരേപോലെ തേടുന്നവർക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. 6-സ്പീഡ് മാനുവൽ, IVT, 7-സ്പീഡ് ഡിസിടി, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.
മറുവശത്ത് കിയ സെൽറ്റോസിനും രണ്ട് പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. 1.5 ലിറ്റർ ടർബോ-പെട്രോൾ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയോടൊപ്പം ആറ് സ്പീഡ് മാനുവൽ, IVT, 6-സ്പീഡ് ഐഎംടി, 7-സ്പീഡ് ഡിസിടി, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. ഒരേ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് രണ്ടിലും ഉള്ളത് എന്നതിനു പുറമെ പെർഫോമൻസ് കണക്കുകളും സമാനമാണ്.


Click it and Unblock the Notifications








