ഇതറിയാതെ എക്സ്റ്റർ വാങ്ങാൻ പോയാൽ കിട്ടില്ല, 27 കി.മീ. മൈലേജുള്ള എസ്‌യുവി റിച്ചായത് അറിഞ്ഞോ?
സാൻട്രോയുമായി എത്തി ഇന്ത്യക്കാരെ വിസ്‌മയിപ്പിച്ചവരാണ് ഹ്യുണ്ടായി. അങ്ങ് കൊറിയയിൽ നിന്നുമെത്തി അതിവേഗം ജനപ്രീതിയാർജിച്ച ബ്രാൻഡ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വണ്ടിക്കമ്പനിയാണ് പെട്ടന്നൊരു ഹ്യുണ്ടായി കാർ മനസിലോർക്കാൻ പറഞ്ഞാൽ നേരത്തെ ക്രെറ്റയോ, i20-യോ ആയിരിക്കും പലരുടേയും മനസിലേക്ക് ഓടിയെത്തുന്നതെങ്കിലും ഇപ്പോൾ അത് എക്സ്റ്ററായി മാറിയിട്ടുണ്ട്.
പോയ വർഷം ഇന്ത്യയിലെത്തി ബമ്പർ ഹിറ്റായ എക്സ്റ്റർ വാങ്ങാൻ ഇന്നും ആളുകളുടെ കൂട്ടിയിടിയാണ്. ആളൊരു കുഞ്ഞനാണെങ്കിലും അകത്ത് ഇഷ്‌ടം പോലെ ഇടയുള്ളതും ഫീച്ചർ റിച്ചായതുമെല്ലാം ആളുകളുടെ മനസ് കീഴടക്കാൻ സഹായിച്ചിട്ടുണ്ട്. മാത്രമല്ല, കിടിലൻ വില നിർണയവും വേഗത്തിൽ ആളെക്കൂട്ടാൻ സഹായകരമായ കാര്യമായിരുന്നു. പക്ഷേ ഇനി പഴയ വിലയുമായി വാങ്ങാൻ ചെന്നാൽ ഈ മൈക്രോ എസ്‌യുവി കിട്ടില്ല കേട്ടോ.

പുതുവർഷത്തോട് അനുബന്ധിച്ച് എക്സ്റ്റർ എസ്‌യുവിയുടെ വില പരിഷ്ക്കരിച്ചിരിക്കുകയാണ് ഹ്യുണ്ടായി. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ മോഡലായ എക്‌സ്‌റ്ററിന്റെ എല്ലാ വേരിയന്റുകൾക്കും പുതിയ വിലയാണ് മുടക്കേണ്ടി വരുന്നത്. അതായത് നിലവിലുണ്ടായിരുന്ന വിലയിൽ നിന്നും 12,910 രൂപയുടെ അധിക വർധനവാണ് മോഡലിന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
അങ്ങനെ ഇനി മുതൽ 6,12,800 രൂപ മുതലാവും എക്സ്റ്റർ വാങ്ങാനാവുക. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ ഹ്യുണ്ടായി എക്‌സ്‌റ്റർ ലഭിക്കും. വില പരിഷ്‌ക്കാരത്തിലേക്ക് വരുമ്പോൾ എല്ലാ പെട്രോൾ വേരിയന്റുകൾക്കും 12,910 രൂപയുടെ ഏകീകൃത വില വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, സിഎൻജി വേരിയന്റുകൾക്ക് 9,910 രൂപയാണ് വില വർധിച്ചിരിക്കുന്നത്.

പുതിയ വിലയാണെങ്കിലും മറ്റ് മാറ്റങ്ങളൊന്നും വാഹനത്തിന് ലഭിച്ചിട്ടില്ലെന്നു വേണം പറയാൻ. , സൺറൂഫ്, ഡാഷ്‌ക്യാം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവയുൾപ്പെടെ നിരവധി ആധുനിക ഫീച്ചറുകളാൽ എക്‌സ്‌റ്റർ എസ്‌യുവി സമ്പന്നമാണ്. . ക്യാബിനിനുള്ളിൽ ധാരാളം ഇടം വാഗ്ദാനം ചെയ്യുന്നതിനാൽ പലരും ഹാച്ച്ബാക്കുകളെ ഉപേക്ഷിച്ച് എക്സ്റ്ററിലേക്ക് ചേക്കേറുകയാണിപ്പോൾ.
ഗ്രാൻഡ് i10 നിയോസിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് എക്‌സ്‌റ്ററും. മൊത്തത്തിൽ 3,815 mm നീളവും 1,710 mm വീതിയും 1,631 mm ഉയരവും 2,450 mm വീൽബേസും 185 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. അതേ എഞ്ചിൻ ഓപ്ഷനുകളും ഗിയർബോക്‌സ് കോമ്പിനേഷനുമാണ് കമ്പനി ഇതിലും ഉപയോഗിച്ചിരിക്കുന്നതെങ്കിലും എസ്‌യുവിയുടെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് ചെറിയ റീട്യൂണിഗുമെല്ലാം നടത്തിയിട്ടുണ്ട്.

83 bhp കരുത്തിൽ 114 Nm torque നൽകുന്ന 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഫോർ സിലിണ്ടർ പെട്രോൾ, അല്ലെങ്കിൽ 68 bhp പവറിൽ 95.2 Nm torque ഉത്പാദിപ്പിക്കുന്ന സിഎൻജി കിറ്റുമാണ് വാഹനത്തിലുള്ളത്. ട്രാൻസ്മിഷനെ സംബന്ധിച്ചിടത്തോളം, മോഡലിന് അഞ്ച് സ്പീഡ് മാനുവലും എഎംടി ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കുന്നു. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റിൽ മാനുവൽ ഓപ്ഷൻ മാത്രമേ ലഭ്യമാവൂ.
ഹ്യുണ്ടായി എക്സ്റ്റർ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. അതേസമയം സിഎൻജി പതിപ്പിൽ 27.10 കിലോമീറ്റർ മൈലേജാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. സേഫ്റ്റിയിലേക്ക് നോക്കിയാലും ആളിച്ചിരി മുറ്റാണ് കേട്ടോ. അതായത് പ്രധാന ശത്രുവായ ടാറ്റ പഞ്ചിനെ വെല്ലാൻ തക്ക എല്ലാവിധ കൂട്ടുകളും ഉണ്ടെന്ന് സാരം.

ആറ് എയർബാഗുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ആങ്കറേജുകൾ എന്നിവ സ്റ്റാൻഡേർഡായി തന്നെ ഹ്യുണ്ടായി എക്സ്റ്ററിൽ ഒരുക്കിയിട്ടുണ്ട്. അടുത്തിടെ മൈക്രോ എസ്‌യുവിക്കായി 1 ലക്ഷം ബുക്കിംഗുകൾ നേടി പറക്കുകയാണ് കമ്പനി. 2024 ഇന്ത്യൻ കാർ ഓഫ് ദി ഇയർ അവാർഡും എക്സ്റ്റർ നേടുകയുണ്ടായി.


Click it and Unblock the Notifications