തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
ഇന്ത്യയിലും എസ്‌യുവികൾ (SUV) ട്രെൻഡായതോടെ എങ്ങനെയും ആളുകളെ കൈയിലെടുക്കാനുള്ള തന്ത്രങ്ങളാണ് വാഹന നിർമാതാക്കൾ മെനഞ്ഞെടുത്തത്. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ഹാച്ച്ബാക്കിന്റെ വിലയിൽ പുതിയ എസ്‌യുവി പുറത്തിറക്കിയ നിസാനാണ് ആദ്യം ട്രെൻഡ് ആരംഭിച്ചത്. എന്നാൽ മൈക്രോ എസ്‌യുവി സെഗ്മെന്റിന് രൂപം കൊടുത്ത് ടാറ്റ മോട്ടോർസ് എത്തിയതോടെയാണ് കളിമാറിയത്.
പഞ്ച് എന്ന തട്ടുപൊളിപ്പൻ മോഡൽ അവതരിപ്പിച്ചതോടെ സാധാരണക്കാരനും എസ്‌യുവി വാങ്ങുക എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനായി. ഇറങ്ങിയ കാലം മുതൽ ചൂടപ്പംപോലെ വിറ്റഴിഞ്ഞ മോഡലിന് കുറേക്കാലം എതിരാളിയൊന്നുമില്ലാതെ വിലസാനായി. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഇതേ വിഭാഗത്തിലേക്ക് എക്സ്റ്ററിനെ പുറത്തിറക്കിയതോടെ സംഭവം കളറായി.

ചിരവൈരികൾ ഒരേ സെഗ്മെന്റിൽ മത്സരിക്കാൻ എത്തിയതോടെ 6 ലക്ഷം രൂപ മുതൽ എസ്‌യുവി കിട്ടാൻ തുടങ്ങി. ഹ്യുണ്ടായി ഈയടുത്തകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു എക്സ്റ്റർ എന്ന് പറായാതെ വയ്യ. ഷോറൂമുകളിൽ വമ്പൻ തിരക്കായപ്പോൾ ഓരോ മാസവും ആയിരക്കണക്കിന് എക്സ്റ്ററുകളാണ് ഇപ്പോൾ നിരത്തിലെത്തുന്നത്. ആധുനിക ഫീച്ചറുകളുടെ അകമ്പടിയും കാഴ്ച്ചയിലെ ഗാംഭീര്യതയുമെല്ലാം എസ്‌യുവിക്ക് മൈലേജാവുകയും ചെയ്‌തു.
പോരാത്തതിന് കാലാകാലങ്ങളിൽ ഹ്യുണ്ടായി കാറുകളിൽ പരീക്ഷിച്ച് വിജയിച്ച 1.2 ലിറ്റർ 4-സിലിണ്ടർ കാപ്പ പെട്രോൾ എഞ്ചിൻ കൂടി കരുത്തേകാൻ എത്തിയതോടെ സംഭവം കളറായി. പഞ്ചിന് ഇല്ലാത്ത പെർഫോമൻസ് വേണ്ടവരെല്ലാം എക്സ്റ്ററിനെ തേടിയാണ് എത്തിയത്. ഇപ്പോഴിതാ എക്സ്റ്ററിന് കിട്ടുന്ന മൈലേജിനെ കുറിച്ചുള്ള ചർച്ചയാണ് ഇന്റർനെറ്റിൽ ചൂടേറിയ ചർച്ചാവിഷയം. വാഹന ഉടമകൾ അവരുടെ ഗ്രൂപ്പിൽ പങ്കുവെച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകളാണ് യഥാർഥ ഇന്ധനക്ഷമത വെളിപ്പെടുത്തിയിരിക്കുന്നത്.

ദുരൈ ആനന്ദ് എന്ന എക്‌സ്‌റ്റർ പെട്രോൾ ഉടമ പറയുന്നത് അനുസരിച്ച് 1,300 കിലോമീറ്ററിന് ശേഷം ലിറ്ററിന് ശരാശരി 17 കിലോമീറ്റർ മൈലേജാണ് എസ്‌യുവിയിൽ ലഭിക്കുന്നത്. എസി സദാസമയവും ഓണാക്കിയിട്ട ശേഷമാണ് ഇത്രയും മൈലേജ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യാത്രയുടെ പകുതിയും ഹൈവേകളിലൂടെയായിരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ആയതിനാൽ ഇത് ഹൈവേയിൽ വാഹനത്തിന് കിട്ടുന്ന ശരാശരി മൈലേജാവാനാണ് സാധ്യത.
മറ്റൊരു എക്‌സ്‌റ്റർ ഉടമയായ ദീപക് റായ് റിപ്പോർട്ട് ചെയ്യുന്നത് എസിയില്ലാതെ ഹൈവേയിൽ സിഎൻജിയിൽ ലിറ്ററിന് 33 കി.മീ. വരെ മൈലേജ് ലഭിച്ചുവെന്നാണ്. അതേസമയം എസി ഉപയോഗത്തിലായിരുന്നപ്പോൾ എക്‌സ്‌റ്റർ സിഎൻജി ലിറ്ററിന് 30 കിലോമീറ്റർ ഇന്ധനക്ഷമയും നൽകി. പെട്രോളിൽ ഓടുമ്പോൾ ഹൈവേയിൽ 17-ൽ കൂടുതൽ ആയിരുന്നു മൈലേജ് എന്നും പറയുന്നു. മറ്റ് വിവിധ എക്‌സ്‌റ്റർ ഉടമകൾ അവരുടെ ട്രിപ്പ് തിരിച്ചുള്ള മൈലേജ് നമ്പറുകളുടെ സ്‌ക്രീൻഷോട്ടുകൾ പങ്കിട്ടിട്ടുണ്ട്.

എക്‌സ്‌റ്റർ പെട്രോൾ വേരിയന്റുകൾക്ക് ശരാശരി മൈലേജ് 17 മുതൽ 20 കിലോമീറ്റർ ആണെന്ന് ഇതിലൂടെ വ്യക്തമാവുന്നുമുണ്ട്. അതേസമയം എക്‌സ്‌റ്റർ സിഎൻജിക്ക് 30 കിലോമീറ്റർ മൈലേജും ശരാശരി കിട്ടുന്നുണ്ടെന്ന് കണക്കാക്കാം. റോഡിലെ യഥാർഥ സാഹചര്യങ്ങളിൽ പോലും ഇത്രയും ഉയർന്ന ഇന്ധനക്ഷമത നൽകാൻ എസ്‌യുവിക്ക് സാധിച്ചത് വളരെ ശ്രദ്ധേയമാണ്, എക്‌സ്റ്ററിൻ്റെ വർധിച്ചുവരുന്ന ഡിമാന്റിന് ഇതൊരു പ്രധാന കാരണമായിരിക്കാം.
സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ എക്‌സ്‌റ്ററിന് നിലവിൽ ഏകദേശം 8 ശതമാനം വിപണി വിഹിതമാണുള്ളത്. എന്തായാലും താരതമ്യേന പുതിയൊരു വാഹനത്തിന് ഇത്രയേറെ മികച്ച പ്രതികരണം ലഭിക്കുന്നത് എന്തായാലും മറ്റുള്ള ആളുകളിലേക്കും എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന കാര്യമാണ്. സേഫ്റ്റിയാണ് ഇന്നും ആളുകളുടെ പ്രധാന പരിഗണനയെങ്കിലും അടിക്കുന്ന പെട്രോളിന് കൂടുതൽ മൈലേജ് കിട്ടുന്നത് സന്തോഷം നൽകുന്ന കാര്യമാണ്.

പോരാത്തതിന് മികച്ച സർവീസും മറ്റ് വിൽപ്പനാന്തര സേവനങ്ങളും നൽകുന്നതിൽ ഹ്യുണ്ടായി മികച്ച് നിൽക്കുന്നതും ടാറ്റ പഞ്ചിന് മുകളിൽ മേൽകൈ നേടാൻ സഹായകരമാവുന്ന സംഗതിയാണ്. എക്സ്റ്ററിന് 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. മെച്ചപ്പെടുത്തിയ ഇന്ധനക്ഷമതയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇതിന് 5-സ്പീഡ് മാനുവൽ, സ്മാർട്ട് ഓട്ടോ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്.


Click it and Unblock the Notifications








