കുറഞ്ഞ വില, 28 കി.മീ. മൈലേജ്, ഇഷ്‌ടം പോലെ സ്ഥലം! 7.75 ലക്ഷത്തിന് നിയോസിന്റെ ഡ്യുവൽ സിഎൻജി വാങ്ങാം
ഇന്ത്യയിൽ ഇന്ധനവില ഉയർന്ന് തന്നെ നിൽക്കുമ്പോൾ പലരും ഇലക്‌ട്രിക് കാറുകൾ വാങ്ങിയാലോ എന്ന ആലോചന മുമ്പോട്ട് വെക്കാറുണ്ട്. മുടക്ക് മുതലും കൂടുതലാണ് അത്ര പ്രായോഗികവുമല്ലല്ലോ വാങ്ങിയാൽ പെടുമോയെന്നും ആശങ്കയുള്ളവരാണ് അധികവും. അത്തരക്കാർ ഇപ്പോൾ സിഎൻജി കാറുകളുടെ പിന്നാലെയാണ് പായുന്നത്. പണ്ടത്തെ പോലെ ലഗേജ് സ്പേസിലൊന്നും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരില്ലെന്നതാണ് കാര്യം. ബൂട്ടിനടിയിലേക്ക് സിഎൻജി ടാങ്ക് ഘടിപ്പിക്കുന്ന സംവിധാനം ടാറ്റ മോട്ടോർസും ഹ്യുണ്ടായിയുമെല്ലാം കണ്ടുപിടിച്ച് യാഥാർഥ്യമാക്കി കഴിഞ്ഞു. അടുത്തിടെ എക്സ്റ്ററിലൂടെ ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ കൊണ്ടുവന്ന് ഞെട്ടിച്ച കൊറിയൻ ബ്രാൻഡ് താങ്ങാനാവുന്ന വിലയിൽ ഈ സംവിധാനം മറ്റൊരു കാറിലും അവതരിപ്പിച്ചിരിക്കുകയാണ്.
രാജ്യത്തെ കോംപാക്‌ട് ഹാച്ച്ബാക്കുകളിൽ ഏറ്റവും ഫാൻസുള്ള ഗ്രാൻഡ് i10 നിയോസിലാണ് ഡ്യുവൽ സിലിണ്ടർ സിഎൻജി സംവിധാനം ഉപയോഗിച്ച് കമ്പനി പുതുക്കിയിരിക്കുന്നത്. 7.75 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഗ്രാൻഡ് i10 നിയോസ് ഹൈ-സിഎൻജി ഡ്യുവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. പുതിയ സിഎൻജി വേരിയൻറ് പ്രധാനമായും ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയോടെയാണ് വരുന്നതെന്ന് ഏവർക്കും മനസിലായി കാണുമല്ലോ.

ഇത് ഹാച്ച്ബാക്കിൻ്റെ പ്രായോഗികത വർധിപ്പിക്കാൻ സഹായിക്കുന്ന നീക്കമാണ്. എക്സ്റ്റർ മൈക്രോ എസ്‌യുവിക്ക് ശേഷം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഹ്യുണ്ടായിയുടെ നിരയിലെ രണ്ടാമത്തെ വാഹനമാണ് ഗ്രാൻഡ് i10 നിയോസ്. മാഗ്‌ന, സ്‌പോർട്‌സ് എന്നീ രണ്ട് വേരിയൻ്റുകളിലാണ് ഡ്യുവൽ സിലിണ്ടർ സിഎൻജി സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്. മാഗ്നയ്ക്ക് 7.75 ലക്ഷം മുടക്കേണ്ടി വരുമ്പോൾ സ്‌പോർട്‌സ് പതിപ്പിന് 8.30 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
ഗ്രാൻഡ് i10 നിയോസിന് സിംഗിൾ സിലിണ്ടർ സംവിധാനം നൽകുന്നതും കമ്പനി തുടരും. ഡിസൈനിലേക്ക് നോക്കിയാൽ യാതൊരു മാറ്റവും കൂടാതെയാണ് ഹാച്ച്ബാക്കിന്റെ പുതിയ സിഎൻജി ഡ്യുവൽ സിലിണ്ടർ പതിപ്പ് വിപണിയിൽ എത്തിയിരിക്കുന്നത്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന, 20.25 സെൻ്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫുട്‌വെൽ ലൈറ്റിംഗ് പോലുള്ള സവിശേഷതകളെല്ലാം കാറിനെ വേറിട്ടു നിർത്തുന്നുണ്ട്.

കഴിഞ്ഞില്ല, ഇതോടൊപ്പം റിയർ എസി വെൻ്റുകൾ, ടിൽറ്റ് സ്റ്റിയറിംഗ് എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാലും ഗ്രാൻഡ് i10 നിയോസ് സിഎൻജി സമ്പന്നമാണ്. കൂടാതെ സേഫ്റ്റിലും മിടുക്കനാണ് കക്ഷി. 6 എയർബാഗുകൾ സ്റ്റാൻഡേർഡ്, ടിപിഎംഎസ് ഹൈലൈൻ, റിയർ പാർക്കിംഗ് ക്യാമറ, ഡേ ആൻഡ് നൈറ്റ് ഐആർവിഎം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC) തുടങ്ങിയ വിപുലമായ സുരക്ഷാ ഫീച്ചറുകളും ഹാച്ച്ബാക്കിൽ ഒരുക്കിയിട്ടുണ്ട്.
ഉപഭോക്തൃ സുരക്ഷയ്ക്കായി പെട്രോളും സിഎൻജിയും തമ്മിലുള്ള സുഗമമായ പരിവർത്തനത്തിനായി ഒരു ഇൻ്റഗ്രേറ്റഡ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റും (ECU) കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗ്രാൻഡ് i10 നിയോസ് 'ഹൈ-സിഎൻജി ഡ്യുവോ' ഉപഭോക്താക്കളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് പ്രായോഗിക ബൂട്ട് സ്പേസ് വർധിപ്പിക്കുന്നുവെന്നും ഹ്യുണ്ടായി പറയുന്നു.

സിഎൻജി കോംപാക്ട് ഹാച്ച്ബാക്കിൽ ഇപ്പോൾ പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കാൻ കഴിയുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് അവതരിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇതേവരെ തങ്ങളുടെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ തുടങ്ങിയിട്ടില്ല.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോൾ പതിപ്പിനെ അപേക്ഷിച്ച് സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ കാറിന്റെ പവർഔട്ട്പുട്ട് കണക്കുകൾ കുറയുന്നുണ്ട്. എഞ്ചിന് 69 bhp പവറിൽ പരമാവധി 95.2 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കാറിലെ സിഎൻജി ടാങ്കിന് 60 ലിറ്റർ ശേഷിയാണുള്ളതെന്നും കമ്പനി പറയുന്നു. 2019-ൽ ലോഞ്ച് ചെയ്ത ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ഇതുവരെ 4 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








