ഹ്യുണ്ടായിയുടെ ഈ കാർ ഉപയോഗിക്കുന്നവരുണ്ടോ? എന്നാൽ വണ്ടിയുമായി നേരെ ഷോറൂമിലേക്ക് വിട്ടോ...
ഇലക്‌ട്രിക് വാഹന രംഗത്ത് ടാറ്റ മോട്ടോർസാണ് അരങ്ങുവാഴുന്നതെങ്കിലും കൂടെയോടാൻ മഹീന്ദ്രയും ശ്രമിക്കുന്നുണ്ട്. ഇവി എന്നു കേൾക്കുമ്പേഴേ മിക്കവർക്കും ഈ രണ്ട് ബ്രാൻഡുകളായിരിക്കും ഓർമവരിക. പക്ഷേ ഇന്ത്യയിൽ ആദ്യത്തെ ഇവി അവതരിപ്പിച്ചത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ആണെന്ന കാര്യം പലർക്കും അറിയില്ല. കോന ഇവി എന്ന എസ്‌യുവി ഹിറ്റായില്ലെങ്കിലും വൈദ്യുത വാഹന രംഗത്തെ ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ കഴിവുകൾ പ്രദർശിപ്പിക്കാനായി എന്നതാണ് സത്യം. പിന്നീട് വന്ന ടാറ്റ നെക്സോൺ ഇവിയുടെ പിന്നാലെ ജനങ്ങൾ പാഞ്ഞപ്പോൾ ക്ഷമയോടെ കാത്തിരിക്കാനും ഹ്യുണ്ടായിക്കായി.
കോനയ്ക്ക് ശേഷം ഏറെക്കാലത്തിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരുന്നു അയോണിക് 5. വേൾഡ് കാർ ഓഫ് ദി ഇയർ പട്ടം വരെ സ്വന്തമാക്കിയ മോഡൽ എത്തിയത് പ്രീമിയം കാറുകൾ അരങ്ങുവാഴുന്ന സെഗ്മെന്റിലായിരുന്നുവെന്ന് മാത്രം. അയോണിക് 5 ഓൾ-ഇലക്‌ട്രിക് എസ്‌യുവി പ്രാദേശികമായി അസംബിൾ ചെയ്‌താണ് ഇന്ത്യയിൽ വിപണനത്തിന് എത്തിക്കുന്നത്.

ചെറിയ യൂണിറ്റുകളിൽ മാത്രമാണ് ഇതുവരെ വിൽപ്പന നടത്താൻ സാധിച്ചിരിക്കുന്നുവെങ്കിലും വാങ്ങിയവരെല്ലാം തൃപ്‌തരാണെന്നതാണ് ഹ്യുണ്ടായി പറയുന്നത്. എന്നാൽ ഇതിനിടയിൽ ഇന്ത്യയിൽ വിറ്റഴിച്ച അയോണിക് 5 ഇവിയിൽ ചെറിയ തകരാറുകൾ കണ്ടുപിടിച്ചിരിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി ഫ്ലാഗ്ഷിപ്പ് മോഡലിനെ ഔദ്യോഗികമായി തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്.
അയോണിക് 5 ഇലക്ട്രിക്കിന്റെ ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റിൽ (ICCU) ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ കാരണമാണ് ഇന്ത്യയിൽ തിരിച്ചുവിളിച്ചിരിക്കുന്നത്. ഔദ്യോഗിക വിവരം അനുസരിച്ച് 2022 ജൂലൈ 21-നും 2024 ഏപ്രിൽ 30-നും ഇടയിൽ നിർമിച്ച യൂണിറ്റുകൾക്കാണ് ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നത്. എസ്‌യുവിയുടെ ഏകദേശം 1,744 യൂണിറ്റുകളാണ് തിരിച്ചുവിളിക്കലിന് വിധേയമായിരിക്കുന്നത്. 12V ബാറ്ററി ഡിസ്ചാർജ് ചെയ്തേക്കാവുന്ന ഐസിസിയുവുമായി ബന്ധപ്പെട്ടതാണ് തകരാർ.

മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സഹായിത്തുന്ന വെഹിക്കിൾ-ടു-ലോഡ് (V2L) ഫംഗ്‌ഷനും നിയന്ത്രിക്കുന്നതും ICCU ആയതിനാൽ ഇതെല്ലാം പ്രവർത്തന രഹിതമാവും. കൂടാതെ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ അത്യാവശ്യ ഇലക്ട്രോണിക് ഫീച്ചറുകളെയും ഈ കണ്ടെത്തിയിരിക്കുന്ന തകരാർ പ്രവർത്തനരഹിതമാക്കും. എന്തായാലും തിരിച്ചുവിളിച്ചിരിക്കുന്ന മോഡലുകളിൽ തകരാർ കണ്ടെത്തിയാൽ കമ്പനി അത് സൗജന്യമായി തന്നെ മാറ്റി നൽകും.
അയോണിക് 5 ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ വാഹനം തിരിച്ചുവിളിയുടെ ഭാഗമാണോ എന്ന് പരിശോധിക്കാൻ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. നിലവിൽ 46.05 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന പൂർണമായി ലോഡുചെയ്‌ത സിംഗിൾ വേരിയന്റിൽ മാത്രമാണ് ഹ്യുണ്ടായിയുടെ ഇലക്ട്രിക് കാർ വിപണിയിൽ എത്തുന്നത്. പ്രാദേശികമായി അസംബിൾ ചെയ്‌ത ടൂവീൽ ഡ്രൈവ് ഓപ്ഷനുമായാണ് അയോണിക് 5 ഇന്ത്യയിൽ അവരിപ്പിച്ചിരിക്കുന്നത്.
ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 72.6kWh ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. ഇത് 215 bhp കരുത്തിൽ പരമാവധി 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 631 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഈ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് വാഹനം പ്രാപ്‌തമാണ്. വെറും 6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ അയോണിക് 5 ഇവി കഴിയുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അവകാശപ്പെടുന്നത്.

ഇനി ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജ് കൈവരിക്കാനാവുന്ന 50kW ചാർജറാണ് അയോണിക് 5 ഇവിയിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ വെറും 21 മിനിറ്റിനുള്ളിൽ വാഹനങ്ങൾ 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 150kW ചാർജിംഗ് ഓപ്ഷനും അധികമായി ഹ്യുണ്ടായി നൽകുന്നുണ്ട്. ഇത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.
ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിനെ (E-GMP) അടിസ്ഥാനമാക്കിയാണ് അയോണിക് 5 ഇവി നിർമിച്ചെടുത്തിരിക്കുന്നത്. ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി, ട്രാക്ഷൻ കൺട്രോൾ, ലെവൽ 2 ADAS, ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, എഞ്ചിൻ പാർക്കിംഗ് ബ്രേക്ക്, നാല് ഡിസ്‌ക് ബ്രേക്കുകൾ എന്നീ മോഡേൺ ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.


Click it and Unblock the Notifications








