കണ്ണിൽ ചോരയില്ലാതെ ഹ്യുണ്ടായി, ജനുവരി മുതൽ കാറുകൾ പഴയ വിലയ്ക്ക് തരാൻ പറ്റില്ലെന്ന് തീരുമാനം
പുതുവർഷം (New year) പിറക്കുന്നതോടെ വാഹന വിപണിയിൽ സംഭവിക്കാൻ പോവുന്നൊരു മാറ്റമായിരിക്കും വില വർധനവ് (Price Hike). പല പ്രമുഖ ബ്രാൻഡുകളും ഇതിനോടകം വില പരിഷ്ക്കാരത്തിന് അണിയറ ചർച്ചകൾ സജീവമാക്കി കഴിഞ്ഞപ്പോൾ പടക്കത്തിന് തിരികൊളുത്തുന്നത് പോലെ ഹ്യുണ്ടായി (Hyundai) ആദ്യ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. 2025 ജനുവരി മുതൽ തങ്ങളുടെ കാറുകൾ പഴയ വിലയ്ക്ക് കിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ തീയതിക്ക് ശേഷം വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ അതത് മോഡലുകളുടെ പുതുക്കിയ വില മുടക്കേണ്ടതായുണ്ട്.
എന്നാൽ ഇതിന് മുമ്പ് കാർ ബുക്ക് ചെയ്യുന്നവരുടെ കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. മോഡൽ ലൈനപ്പിലുടനീളം പരമാവധി 25,000 രൂപയുടെ വർധനവ് ഉണ്ടാവുമെന്നാണ് ഹ്യുണ്ടായി മോട്ടോർ കമ്പനി അറിയിച്ചിരിക്കുന്നത്. ഓരോ മോഡലിനും വില വർധനവ് വ്യത്യസ്‌ത തോതിലായിരിക്കും നടപ്പിലാക്കുക. എങ്കിലും പരമാവധി വർധനവ് 25,000 രൂപയ്ക്ക് മുകളിൽ പോവില്ലെന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.

ഒന്നിലധികം ഘടകങ്ങളാണ് ഈ വില വർധനവിന് കാരണമായിരിക്കുന്നത്. മെറ്റീരിയലുകളും ഘടകങ്ങളും ഉൾപ്പെടെ വർധിച്ചു വരുന്ന ഇൻപുട്ട് ചെലവുകളാണ് ഇതിൽ പ്രധാന ഘടകം. കൂടാതെ, പ്രതികൂല വിനിമയ നിരക്കുകൾ കമ്പനിയുടെ ചെലവ് സമ്മർദങ്ങൾ വർധിപ്പിക്കുന്നതിലേക്കും നയിച്ചിട്ടുണ്ട്. വിദേശ കറൻസികൾക്കെതിരെ രൂപയുടെ മൂല്യം കുറയുമ്പോൾ അവശ്യ ഇറക്കുമതിക്കുള്ള ചെലവ് ഉയരുകയും നിർമാണത്തിന്റെ മൊത്തത്തിലുള്ള ചെലവ് കുത്തനെ ഉയരുകയും ചെയ്യുന്നു.
സ്റ്റീൽ, അലുമിനിയം, മറ്റ് അസംസ്‌കൃത വസ്തുക്കൾ എന്നിവയുൾപ്പെടെ വർധിച്ചു വരുന്ന ഇൻപുട്ട് ചെലവുകൾ വാഹന വില നിർണയത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. എന്തായാലും പുതുവർഷത്തിൽ കാർ വാങ്ങാനിരുന്നവർക്ക് ഇതൊരു തിരിച്ചടിയാണെന്നതിൽ സംശയമൊന്നുമില്ല. 2024 നവംബറിൽ 61,252 യൂണിറ്റുകളുടെ മൊത്ത വിൽപ്പനയാണ് ഹ്യുണ്ടായി നേടിയത്. ആഭ്യന്തര വിപണിയിൽ 48,246 കാറുകൾ വിറ്റഴിച്ചപ്പോൾ വിദേശത്തേക്ക് 13,006 കാറുകളാണ് കയറ്റയയച്ചത്.

2023 നവംബഡ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 2.4 ശതമാനം കുറവാണ് ഹ്യുണ്ടായി നേരിട്ടത്. ഈ സാഹചര്യത്തിൽ വില വർധനവ് കൂടി പ്രഖ്യാപിച്ചത് ബ്രാൻഡിന് തിരിച്ചടിയാവുമോയെന്ന് കണ്ടറിയാം. നിലവിൽ ബ്രാൻഡ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം ക്രെറ്റ തന്നെയാണ്. സ്റ്റാൻഡേർഡ്, N-ലൈൻ പതിപ്പുകളിൽ ലഭ്യമായ മിഡ്-സൈസ് എസ്‌യുവിക്ക് 11 ലക്ഷം മുതൽ 20.15 ലക്ഷം രൂപ വരെ നിലവിലെ എക്സ്ഷോറൂം വില വരുന്നത്.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഫോർ-സിലിണ്ടർ ഡീസൽ, പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ക്രെറ്റയുടെ ഹൃദയം. അതിന് ശേഷം എക്സ്റ്റർ, വെന്യു പോലുള്ള എസ്‌യുവികളും വിൽപ്പനയിൽ കാര്യമായ സംഭാവന നൽകുന്നുണ്ട്. അടുത്തിടെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ പ്രീമിയം എസ്‌യുവിയായ ട്യൂസോണ്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ വാർത്തയും ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

മുമ്പ് ക്രാഷ് ടെസ്റ്റിൽ വെർണ സി-സെഗ്മെന്റ് സെഡാനും 5-സ്റ്റാർ റേറ്റിംഗ് സ്വന്കമാക്കിയിരുന്നു. എന്നിരുന്നാലും ഭാരത് NCAP-ല്‍ പരീക്ഷിക്കപ്പെടുന്ന ആദ്യ ഹ്യുണ്ടായി കാറാണ് ട്യൂസോണ്‍. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായി കൊണ്ടുവന്ന എസ്‌യുവിയാണ് ഇടിക്കൂട്ടില്‍ പരീക്ഷണത്തിനിറക്കിയത്. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ ട്യൂസോൺ 32-ല്‍ 30.84 പോയന്റ് നേടിയപ്പോൾ കുട്ടികളുടെ സേഫ്റ്റിയിൽ 49-ല്‍ 41 പോയിന്റാണ് വാഹനം സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.
ഫ്രണ്ടല്‍ എയര്‍ബാഗ്, ബെല്‍റ്റ് പ്രെറ്റന്‍ഷനര്‍, ബെല്‍റ്റ് ലോഡ് ലിമിറ്റര്‍, സൈഡ് ഹെഡ് കര്‍ട്ടന്‍ എയര്‍ബാഗ്, സൈഡ് ചെസ്റ്റ് എയര്‍ബാഗ്, സൈഡ് പെല്‍വിസ് എയര്‍ബാഗ്, ഇബിഡിയുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, എല്ലാ സീറ്റുകള്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ടോപ് എന്‍ഡ് വേരിയന്റുകള്‍ക്ക് ഹ്യുണ്ടായിയുടെ സ്മാര്‍ട് സെന്‍സ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സ്യൂട്ട് എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളാൽ ട്യൂസോൺ സമ്പന്നവുമാണ്.


Click it and Unblock the Notifications








