ഗ്രാൻഡ് വിറ്റാരയും സെൽറ്റോസും വീണു, ഇനി ക്രെറ്റയാണ് താരം; പോയമാസം ഹ്യുണ്ടായി വിറ്റത് 60,501 കാറുകൾ
സാൻട്രോ എന്ന ടോൾബോയ് ഹാച്ച്ബാക്കിലൂടെ ഇന്ത്യൻ മനസുകൾ കീഴടക്കിയ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. പിന്നീട് i10, i20, ക്രെറ്റ പോലുള്ള ജനപ്രിയ മോഡലുകളിലൂടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വണ്ടിക്കമ്പനിയായി മാറാനും ഈ ദക്ഷിണ കൊറിയൻ ബ്രാൻഡിനായി. ഇപ്പോൾ പ്രധാനമായും ടാറ്റ മോട്ടോർസിനോട് രണ്ടാംസ്ഥാനത്തിനായുള്ള കിടമത്സരത്തിലാണ് ഹ്യുണ്ടായി.
എക്സ്റ്റർ മൈക്രോ എസ്‌യുവിയും പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റുമെല്ലാം കൊണ്ടുവന്ന് ഹ്യുണ്ടായി നിലനിൽപ്പിന്റെ പോരാട്ടത്തിൽ ടാറ്റക്ക് ഒരുപടി മുന്നിലായെന്ന് വേണം പറയാൻ. ദേ ഇപ്പോൾ 2024 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. പോയമാസം ആഭ്യന്തര വിപണിയിൽ 50,201 യൂണിറ്റുകൾ വിറ്റഴിച്ചതായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു.

അതായത് 2023 ഫെബ്രുവരിയിലെ കണക്കുകളേക്കാൾ 6.8 ശതമാനം വിൽപ്പന വർധിപ്പിക്കാൻ ബ്രാൻഡിനായെന്ന് സാരം. അതേസമയം തമിഴ്‌നാട്ടിലെ പ്ലാന്റിൽ നിന്നും ദക്ഷിണ കൊറിയൻ ബ്രാൻഡ് 10,300 വാഹനങ്ങൾ കയറ്റുമതി ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അങ്ങനെ 2024 ഫെബ്രുവരിയിലെ വിൽപ്പന കണക്കിൽ മൊത്തം 60 501 യൂണിറ്റ് കാറുകളാണ് കമ്പനിയുടെ സമ്പാദ്യം. ശ്രദ്ധേയമായി അടുത്തിടെ പുറത്തിറക്കിയ 2024 ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ 15,276 യൂണിറ്റുകളാണ് ഹ്യുണ്ടായി നിരത്തിലെത്തിച്ചത്.
ഇന്ത്യയിലുടനീളമുള്ള 1 361 സെയിൽസ് പോയിൻ്റുകളുടെയും 1 549 സർവീസ് പോയിൻ്റുകളുടെയും ശക്തമായ ശൃംഖലയിലാണ് നിലവിൽ ഹ്യുണ്ടായി മോട്ടോർ ഇപ്പോൾ പ്രവർത്തിക്കുന്നത്. മാരുതിക്ക് ശേഷം വിൽപ്പനാന്തര സേവനങ്ങളിൽ ഇത്രയധികം മികവ് പുലർത്തുന്ന മറ്റൊരു വാഹന നിർമാതാക്കൾ ഉണ്ടോയെന്ന് വരെ സംശയമാണ്. ശക്തമായ മോഡൽ നിര തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന ഹ്യുണ്ടായിക്ക് ഇപ്പോൾ രാജ്യത്ത് 13 മോഡലുകളോളമാണ് വിപണനത്തിന് എത്തുന്നത്.

ഗ്രാൻഡ് i10 നിയോസ് കോംപാക്‌ട് ഹാച്ച്ബാക്ക്, i20 പ്രീമിയം ഹാച്ച്ബാക്ക്, i20 N-ലൈൻ പെർഫോമൻസ് ഹാച്ച്ബാക്ക്, ഔറ കോംപാക്‌ട് സെഡാൻ, എക്സ്റ്റർ മൈക്രോ എസ്‌യുവി, വെന്യു കോംപാക്‌ട് എസ്‌യുവി, വെന്യു N-ലൈൻ, വെർണ പ്രീമിയം സെഡാൻ, ക്രെറ്റ മിഡ്-സൈസ് എസ്‌യുവി, അൽകസാർ 7 സീറ്റർ എസ്‌യുവി, ട്യൂസോൺ പ്രീമിയം എസ്‌യുവി, കോന ഇലക്ട്രിക്, അയോണിക് 5 ഓൾ-ഇലക്‌ട്രിക് ലക്ഷ്വറി എസ്‌യുവി എന്നിവയാണ് ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്ന വാഹനങ്ങൾ.
ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിനമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലെ 88 രാജ്യങ്ങളിലേക്കാണ് നിലവിൽ ഹ്യുണ്ടായി ഇന്ത്യ വാഹനങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുന്നത്. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ആഗോള കയറ്റുമതി ഹബ്ബിൻ്റെ നിർണായക ഭാഗമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ വിഭാഗത്തിൽ ക്രെറ്റയുടെ ഉയർത്തെഴുന്നേൽപ്പ് ബ്രാൻഡിന് മൈലേജായിട്ടുണ്ട്.

മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള എതിരാളികൾക്ക് മുന്നിലേക്ക് മുഖംമിനുക്കിക്കൊണ്ട് ഹ്യുണ്ടായി ക്രെറ്റ ജനുവരി 16-നാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. 10 ലക്ഷം രൂപ അടിസ്ഥാന വിലയിൽ ബേസ് വേരിയന്റിനെ അവതരിപ്പിച്ചപ്പോൾ ഏറ്റവും ഉയർന്ന വേരിയൻ്റിന് 20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചത്. 2015-ൽ രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച ക്രെറ്റ ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ മാത്രമല്ല, മിഡ്-സൈസ് എസ്‌യുവി നിരയിൽ ഏറ്റവും വിൽപ്പനയുള്ള വാഹനം കൂടിയായി മാറിയിട്ടുണ്ട്.
എട്ട് വർഷമായി ഈ മോഡൽ നിലനിൽക്കുന്നുണ്ടെങ്കിലും, ഫെബ്രുവരിയിലെ അതിൻ്റെ വിൽപ്പന പ്രകടനം മുൻ മാസങ്ങളിലെ ഏറ്റവും ഉയർന്നതാണ്. അതായത് 2015 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വിൽപ്പന കണക്കുകളാണ് പോയ മാസം ക്രെറ്റ നേടിയെടുത്തത്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ , 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ഏറ്റവും പുതിയ ക്രെറ്റയ്ക്ക് കരുത്തേകുന്നത്.

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മുതൽ IVT, DCT വരെയുള്ള വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്‌സുകളും ക്രെറ്റയുടെ ഹൈലൈറ്റുകളാണ്. മോഡലിൻ്റെ ഡിസൈൻ അപ്‌ഡേറ്റുകൾ സാധ്യതയുള്ള ഉപഭോക്താക്കൾ നന്നായി സ്വീകരിച്ചിട്ടുണ്ടെങ്കിലും എസ്‌യുവിയിലേക്ക് ഇപ്പോൾ എത്തിയ ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും ആറ് എയർബാഗുകളും പോലുള്ള സുരക്ഷാ സവിശേഷതകളും വിൽപ്പന കൂടാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഇതോടൊപ്പം തന്നെ ക്രെറ്റയുടെ പെർഫോമൻസ് പതിപ്പായ N ലൈൻ മോഡൽ കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി. മാർച്ച് 11-ന് വാഹനത്തിന്റെ വില പ്രഖ്യാപിക്കും. i20 N ലൈൻ, വെന്യു N ലൈൻ എന്നിവ പോലെ തന്നെ ചെറിയ എക്സ്റ്റീരിയർ അപ്‌ഡേറ്റുകളും മെക്കാനിക്കൽ പരിഷ്ക്കാരങ്ങളുമായിരിക്കും മിഡ്-സൈസ് എസ്‌യുവി പതിപ്പിലേക്കും ചേക്കേറിയെത്തുക. താത്പര്യമുള്ളവർക്ക് മോഡൽ ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാനാവും.


Click it and Unblock the Notifications








