മുന്നിൽ നിന്ന് നയിക്കുന്നത് ക്രെറ്റയല്ലേ പിന്നെങ്ങനെ വീഴും, ഒറ്റമാസത്തിൽ ഹ്യുണ്ടായി വിറ്റത് 64803 കാറുകൾ
ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി (Hyundai). ബജറ്റ് ഹാച്ച്ബാക്കിൽ നിന്നും തുടങ്ങി ഇന്ന് പ്രീമിയം എസ്‌യുവി വരെ നീണ്ടുനിൽക്കുന്ന കൊറിയൻ ബ്രാൻഡിന്റെ മോഡലുകൾക്കെല്ലാം വലിയ ആരാധകരാണുള്ളത്. വിൽപ്പനയുടെ കാര്യത്തിൽ ഒന്നാമനായ മാരുതി സുസുക്കിയുമായി (Maruti Suzuki) താരതമ്യത്തിന് സാധ്യതയില്ലെങ്കിലും ഇന്ത്യക്കാരുടെ ഇഷ്‌ടം പിടിച്ചുപറ്റി ബ്രാൻഡ് കുതിക്കുകയാണ്. ഓരോ മാസവും വിൽപ്പനയുടെ കാര്യത്തിൽ കുതിച്ചുചാട്ടവുമായാണ് ബ്രാൻഡ് മുന്നോട്ടു പോവുന്നത്. 2024 ജൂൺ മാസത്തെ കണക്കുകൾ പ്രഖ്യാപിച്ച കമ്പനി ടാറ്റ മോട്ടോർസ് പോലുള്ള എതിരാളികളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.
2024 ജൂൺ മാസത്തിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ മൊത്തം 64,803 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൽ ആഭ്യന്തരമായി വിറ്റഴിച്ച 50,103 യൂണിറ്റുകളും കയറ്റുമതി വിപണികൾക്കായുള്ള 14,700 യൂണിറ്റുകളുമാണ് ഉൾപ്പെടുന്നത്. 2024 കലണ്ടർ വർഷത്തിന്റെ ആദ്യ പകുതിയിൽ കൊറിയൻ ബ്രാൻഡ് മൊത്തത്തിൽ 3,85,772 കാറുകളാണ് രാജ്യത്ത് വിപണനം ചെയ്‌തിരിക്കുന്നത്.

രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായി വാർഷിക വിൽപ്പനയിൽ 5.68 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാൻഡിന്റെ വിൽപ്പനയുടെ 66 ശതമാനവും എസ്‌യുവികളിൽ നിന്നുമാണ് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമായ കാര്യമാണ്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 91,348 യൂണിറ്റുകൾ വിറ്റഴിച്ച പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റാണ് ആഭ്യന്തര വിൽപ്പനയിലെ ഒന്നാമൻ.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ക്രെറ്റയുടെ വിൽപ്പനയിൽ നേടിയെടുത്തിരിക്കുന്നത്. ഇനി പ്രതിമാസ കണക്കുകളിലേക്ക് വന്നാൽ ഇന്ത്യയിൽ ഹ്യുണ്ടായി കഴിഞ്ഞ മാസം 50,103 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 50,001 യൂണിറ്റുകളായിരുന്നു കമ്പനി നിരത്തിലെത്തിച്ചിരുന്നത്. വാർഷിക അടിസ്ഥാനത്തിൽ വെറും 0.2 ശതമാനം വളർച്ചയാണ് കാണാനാവുന്നത്.

കയറ്റുമതി മേഖലയിൽ 2023 ജൂണിൽ 15,600 യൂണിറ്റുകളിൽ നിന്ന് 14,700 യൂണിറ്റിന്റെ ഉയർച്ച ഹ്യുണ്ടായി രേഖപ്പെടുത്തി. 5.77 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ കമ്പനി കൈവരിച്ചത്. എന്നിരുന്നാലും 2023 ജൂണിലെ 65,601 യൂണിറ്റിൽ നിന്നും 1.22 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചിരിക്കുന്നത്. എങ്കിലും വെന്യു, എക്‌സ്‌റ്റർ, ക്രെറ്റ എന്നിവയുൾപ്പെടെയുള്ള ഹ്യുണ്ടായിയുടെ എസ്‌യുവികളുടെ വിൽപ്പന ക്രമാനുഗതമായി ഉയരുന്നുണ്ട്.
മുഖംമിനുക്കിയെത്തിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റാണ് പിടിച്ചുനിൽക്കാൻ സഹായിക്കുന്നത്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.അകത്തും പുറത്തും വരുത്തിയ പരിഷ്ക്കാരങ്ങൾ ഇന്ത്യക്കാർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇൻ്റീരിയറിലേക്ക് കൊണ്ടുവന്ന പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളുമെല്ലാം ആഡംബര കാറുകൾക്ക് സമാനമാണെന്ന് പറയാം.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഫോർ-സിലിണ്ടർ ഡീസൽ, പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ക്രെറ്റയുടെ ഹൃദയം. മാനുവൽ, ഒന്നിലധികം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും മിഡ്-സൈസ് എസ്‌യുവി ലഭ്യമാണ്. സ്റ്റാൻഡേർഡ്, N-ലൈൻ പതിപ്പുകളിൽ ലഭ്യമായ മിഡ്-സൈസ് എസ്‌യുവിക്ക് 11 ലക്ഷം മുതൽ 20.15 ലക്ഷം രൂപ വരെ നിലവിലെ എക്സ്ഷോറൂം വില വരുന്നത്.
ക്രെറ്റയെ കൂടാതെ ട്യൂസോൺ, അൽകസാർ, വെന്യു, എക്‌സ്‌റ്റർ തുടങ്ങിയ എസ്‌യുവികളും ഹാച്ച്ബാക്ക് വിഭാഗത്തിൽ ഗ്രാൻഡ് i10 നിയോസ്, i20 മോഡലുകളും സെഡാൻ സെഗ്മെന്റിൽ വെർണ, ഓറ എന്നിവയും ഇലക്ട്രിക് വാഹന വിഭാഗത്തിലെ ഏക മോഡലായ അയോണിക് 5 ഇവിയും ഉൾപ്പെടുന്ന വലിയ നിരതന്നെയാണ് ഹ്യുണ്ടായിക്കുള്ളത്. കൊറിയൻ ഓട്ടോ ഭീമൻ്റെ നിരയിലേക്ക് അടുത്ത വർഷം ക്രെറ്റ ഇവി പതിപ്പും കൂടിയെത്തുമെന്നാണ് അനുമാനം.


Click it and Unblock the Notifications








