ടാറ്റയ്ക്ക് ധൈര്യമുണ്ടോ ഇങ്ങനെ ചെയ്യാൻ? എല്ലാ പണിക്കും ഡിസ്‌കൗണ്ടുമായി ഹ്യുണ്ടായിയുടെ സർവീസ് ക്യാമ്പ്
സാൻട്രോ എന്ന ടോൾബോയ് ഹാച്ച്ബാക്കിലൂടെ ഇന്ത്യക്കാരുടെ മനംകവർന്നവരാണ് ഹ്യുണ്ടായി. ഇന്ന് ക്രെറ്റ, വെന്യു, എക്സ്റ്റർ പോലുള്ള എസ്‌യുവി മോഡലുകളിലൂടെ കുതിച്ചുപായുന്ന ഈ ദക്ഷിണ കൊറിയൻ ബ്രാൻഡ് വിൽപ്പനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളാണ്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ശ്രദ്ധ കൊടുത്തുവെങ്കിലും i10, ഓറ പോലുള്ള സാധാരണക്കാരുടെ വണ്ടികൾക്കും കമ്പനി പ്രാധാന്യം കൊടുക്കുന്നുണ്ട്.
സെയിൽസിന്റെ കാര്യത്തിലായാലും സർവീസിന്റെ കാര്യത്തിലായാലും അധികം പരാതികളും പേരുദോഷവും ഒന്നും കേൾപ്പിക്കാതെ മുമ്പോട്ടു പോവുന്നതാണ് ഹ്യുണ്ടായിയുടെ മറ്റൊരു വിജയമന്ത്രം. മാരുതി സുസുക്കി കഴിഞ്ഞാൽ സെയിൽസ് സർവീസ് നെറ്റ്‌വർക്കുകളുടെ ഏറ്റവും വലിയ ശൃംഖലയുള്ളതും ഹ്യുണ്ടായിക്കാണ്. ഇവയെല്ലാം മികച്ച രീതിയിൽ തന്നെ മുമ്പോട്ട് പോവുന്നുമുണ്ട്.

ഇപ്പോഴിതാ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനായി പുതിയ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. രാജ്യത്തുടനീളമുള്ള കാർ ഉടമകൾക്കായി ഹ്യുണ്ടായി ഇന്ത്യ വാർഷിക സമ്മർ സർവീസ് ക്യാമ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. 2024 മാർച്ച് 27 മുതൽ ഏപ്രിൽ 7 വരെ 12 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ശരിക്കും പഴയ വാഹന ഉടമകൾക്കും ആശ്വാസമേകുന്ന കാര്യമാണ്.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സമ്മർ സർവീസ് ക്യാമ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഹ്യുണ്ടായിയുടെ അംഗീകൃത ഡീലർഷിപ്പുകൾ അല്ലെങ്കിൽ സർവീസ് സെന്ററുകളുമായി ബന്ധപ്പെടാം. സർവീസ് ക്യാമ്പയിന് കീഴിൽ നിലവിലെ ഹ്യുണ്ടായി കാർ ഉടമകൾക്ക് വിവിധ കിഴിവുകളും ആനുകൂല്യങ്ങളും വരെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ആനുകൂല്യങ്ങളിൽ സൗജന്യ എസി ചെക്കപ്പുകളും എസി സർവീസിംഗ്, വീൽ അലൈൻമെന്റ്, വീൽബാലൻസിങ്, എസി അണുവിമുക്തമാക്കൽ, വാഷിംഗ്, ലേബർ കോസ്റ്റ് എന്നിവയെല്ലാമാണ് ഉപയോഗപ്പെടുത്താനാവുക. ഒപ്പം 15 ശതമാനം വരെ ഡിസ്കൌണ്ടും ലഭിക്കും. നിലവിൽ, ഗ്രാൻഡ് i10 നിയോസ്, ഓറ, i20, i20 N-ലൈൻ, എക്‌സ്‌റ്റർ, വെന്യു, വെന്യു N-ലൈൻ, ക്രെറ്റ, ക്രെറ്റ N-ലൈൻ, വെർണ, അൽകസാർ, കോന ഇലക്ട്രിക്, ട്യൂസോൺ, അയോണിക് 5 എന്നീ മോഡലുകളാണ് ഹ്യുണ്ടായി വിപണനം ചെയ്യുന്നത്.
അടുത്തിടെ ചെറിയ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് ഹ്യുണ്ടായി വെർണ പ്രീമിയം സി-സെഗ്മെന്റ് സെഡാനെ തിരികെ വിളിച്ചിരുന്നു. കാറിന്റെ IVT ഓട്ടോമാറ്റിക് മോഡലുകൾക്കായാണ് ഹ്യുണ്ടായി ഇന്ത്യ തിരിച്ചുവിളിക്കൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതായത് മാനുവൽ മോഡലുകൾ ഉപയോഗിക്കുന്നവർക്ക് ഇത് ബാധകമെല്ലന്ന് സാരം. തകരാർ ബാധിച്ച വാഹന ഉടമകൾക്ക് പരിശോധനയ്ക്കായി വാഹനം ഷോറൂമുകളിൽ എത്തിക്കാനുള്ളതിന്റെ അറിയിപ്പ് കൊടുത്തുവരികയാണിപ്പോൾ.

വെർണ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻന്റെ ഇലക്‌ട്രോണിക് ഓയിൽ പമ്പ് കൺട്രോളറിൽ ഉണ്ടായേക്കാവുന്ന തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് സെഡാന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾ തിരികെവിളിച്ചിരിക്കുന്നത്. ക്രെറ്റ എസ്‌യുവിയുടെ IVT മോഡലുകൾക്കും ഈ തിരിച്ചുവിളി ബാധകമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്തെങ്കിലും തകരാർ ഉണ്ടെന്ന് കണ്ടാൽ കമ്പനി തന്നെ ഈ പ്രശ്‌നം ഫ്രീയിയി പരിഹരിച്ച് നൽകുകയും ചെയ്യും.
അടുത്തിടെ ജനപ്രിയമായ ക്രെറ്റ എസ്‌യുവിയുടെ പെർഫോമൻസ് മോഡലായ N ലൈൻ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി ഞെട്ടിച്ചിരുന്നു. N8, N10 വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്ന ക്രെറ്റ N ലൈൻ ഒരു എഞ്ചിനിലും രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ലഭ്യമാണ്. N8 മോഡലുകളുടെ വില 16.82 ലക്ഷം മുതൽ 18.32 ലക്ഷം രൂപ വരെയാണ് വരുന്നത്. അതേസമയം ടോപ്പ് എൻഡ് N10 മാനുവലിന 19.34 ലക്ഷവും ഓട്ടോമാറ്റിക് പതിപ്പിന് 20.30 ലക്ഷവുമാണ് മുടക്കേണ്ടതായി വരുന്നത്.

1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ക്രെറ്റ N ലൈൻ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 158 bhp പവറിൽ 253 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന ഇത് ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം. പെർഫോമൻസ് അധിഷ്ഠിതമാക്കി നിർമിച്ചിരിക്കുന്നതിനാൽ തന്നെ വെറും 9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








