5-സ്റ്റാർ സേഫ്റ്റിയുള്ള ഒരേയൊരു ഹ്യുണ്ടായി കാർ, രണ്ട് മാറ്റങ്ങളുമായി ക്രെറ്റയുടെ 'സെഡാൻ മോഡൽ' വിപണിയിൽ
ഇന്ത്യയിൽ സജീവമാവാൻ ഒരുങ്ങുകയാണ് സെഡാൻ വിപണി. കോംപാക്‌ട് സെഗ്മെന്റിൽ മാരുതി സുസുക്കി ഡിസയറും ഹോണ്ട അമേസും തലമുറ മാറ്റവുമായി ഉടൻ വിപണിയിലേക്ക് എത്തുകയാണ്. എന്നാൽ അതിന് മുന്നോടിയായി വല്യേട്ടൻ വെർണ ചെറിയ മാറ്റങ്ങളോടെ വീണ്ടും വിപണിയിൽ എത്തിയിരിക്കുകയാണ്. ഒരു പുതിയ റിയർ സ്‌പോയിലറും പുത്തൻ ആമസോൺ ഗ്രേ സിംഗിൾ-ടോൺ കളർ ഓപ്ഷനുമായാണ് പ്രീമിയം സെഡാൻ അവതരിച്ചിരിക്കുന്നത്. ഇതോടൊപ്പം കാറിന്റെ വിലയിലും വർധനവുണ്ടായിട്ടുണ്ടെന്നും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ബേസ് മോഡലിന്റെ വിലയിൽ കൈതൊടാതെയാണ് പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്.
11 ലക്ഷം രൂപ മുതൽ 17.47 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വെർണയുടെ പുതുക്കിയ വില വരുന്നത്. നിലവിൽ എസ്‌യുവി വിൽപ്പനക്കിടയിൽ കുരുങ്ങി കിടക്കുകയാണെങ്കിലും മോടിപിടിപ്പിക്കലിലൂടെ വെന്നിക്കൊടി പാറിക്കാനാവുമെന്നാണ് കമ്പനി വിശ്വാസം. രണ്ട് ഡ്യുവൽ-ടോൺ ഓപ്‌ഷനുകൾക്കൊപ്പം പുതിയ ആമസോൺ ഗ്രേ ഉൾപ്പെടെ എട്ട് മോണോടോൺ ഷേഡുകളിൽ വെർണ ലഭ്യമാണ്.

ആമസോൺ ഗ്രേയ്ക്ക് പുറമെ ടൈറ്റൻ ഗ്രേ, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടൈഫൂൺ സിൽവർ, സ്റ്റാറി നൈറ്റ്, ഫിയറി റെഡ്, ടെല്ലൂറിയൻ ബ്രൗൺ, അറ്റ്ലസ് വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ്, ഫയറി റെഡ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് ഹ്യുണ്ടായി വെർണയുടെ മറ്റ് കളർ ഓപ്ഷനുകൾ. പുതിയ നിറം കൊണ്ടുവന്നതും സ്പോയിലർ അവതരിപ്പിച്ചതും മാറ്റി നിർത്തിയാൽ കാർ പഴതിനു സമാനമായി തുടരുകയാണ്. മെക്കാനിക്കൽ നവീകരണങ്ങൾ പോലും ഹ്യുണ്ടായി കൊണ്ടുവന്നിട്ടില്ല.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ CRDi ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത ഹൃദയവുമായാണ് ഹ്യുണ്ടായി വെർണ തുടർന്നും വാങ്ങാനാവുന്നത്. സെഡാന്റെ NA പെട്രോൾ യൂണിറ്റിന് 115 bhp കരുത്തിൽ പരമാവധി 144 Nm torque വരെ വികസിപ്പിക്കാനാവും. അതേസമയം ഡീസലാവട്ടെ 115 bhp പവറിൽ 250 Nm torque നിർമിക്കാനും കഴിവുള്ളതാണ്.

വെർണയിലെ ടർബോ എൻജിൻ 160 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഉൾപ്പെടെ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിലും പ്രീമിയം സെഡാൻ ലഭ്യമാണ്. അതായത് ജനപ്രിയനായ ക്രെറ്റ എസ്‌യുവിയിലെ അതേ എഞ്ചിൻ, പെർഫോമൻസ് ഓപ്ഷൻ തന്നെയാണ് വെർണയും നൽകുന്നതെന്ന് സാരം. ഗംഭീര യാത്രാ സുഖവും 5-സ്റ്റാർ സേഫ്റ്റിയുമാണ് ക്രെറ്റയിൽ നിന്നും പ്രീമിയം സെഡാനെ വേറിട്ടുനിർത്തുന്നത്.
ഒപ്പം മോഡേൺ ഫീച്ചറുകളുടെ സമ്പന്നത കൂടിയാവുമ്പോൾ വെർണ കളറാവുന്നുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പൂർണ ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ, ഫ്രണ്ട് വെൻ്റിലേറ്റഡ് ഹീറ്റഡ് സീറ്റുകൾ, 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, 8 സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയാണ് ഹ്യുണ്ടായി വെർണയിലെ പ്രധാന സവിശേഷതകൾ.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടുന്ന ഹ്യുണ്ടായിയുടെ ആദ്യത്തെ കാറാണ് വെർണ. 6 എയർബാഗുകൾ, 3-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെൻ്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ ഉൾപ്പെടെ 33 സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളോടെയാണ് സെഡാൻ വരുന്നത്. ഒപ്പം ഹ്യുണ്ടായി സ്മാർട്ട് സെൻസ് എന്നുവിളിക്കുന്ന ലെവൽ 2 ADAS സാങ്കേതികവിദ്യയും സെഡാനിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സി-സെഗ്മെന്റ് സെഡാൻ സെഗ്മെന്റിൽ ഫോക്‌സ്‌വാഗൺ വെർട്ടിസ്, ഹോണ്ട സിറ്റി, മാരുതി സിയാസ്, സ്‌കോഡ സ്ലാവിയ എന്നിവയ്‌ക്ക് എതിരാളിയായാണ് ഹ്യുണ്ടായി വെർണ കളത്തിലിറങ്ങുന്നത്. ഒപ്പം വില കൂടി നോക്കുമ്പോൾ മിഡ്-സൈസ് എസ്‌യുവികളോടും വെർണയ്ക്ക് മല്ലിടേണ്ടി വരുന്നുണ്ട്. എസ്‌യുവികളേക്കാൾ മികച്ച യാത്രാ സുഖം നൽകാനാവുന്ന സെഡാൻ വാഹനങ്ങൾക്ക് അവരർഹിക്കുന്ന പരിഗണന ലഭിക്കാൻ വെർണയുടെ മാറ്റങ്ങൾ സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








