ഥാർ റോക്‌സിന്റെ ആദ്യ മുതലാളിയെ കണ്ടോ? ലേലത്തിൽ പിടിച്ചത് 1.31 കോടിക്ക്; 3-ഡോർ ആദ്യം വാങ്ങിയതും ഇങ്ങേര് തന്നെ
ആരും വാങ്ങാൻ മോഹിക്കുന്ന എസ്‌യുവികളിൽ ഒന്നായി മഹീന്ദ്ര ഥാർ റോക്‌സ് മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഓണം ബംബറടിച്ചാൽ ഒന്ന് വാങ്ങണമെന്ന് സ്വപ്‌നം കണ്ടിരിക്കുന്നവരും അനേകമായിരിക്കും അല്ലേ. കൊതിപ്പിക്കുന്ന വിലയും രൂപവും ഫീച്ചറുകളും എല്ലാം കൂടെയാവുമ്പോൾ ഇതിനെ വെല്ലാൻ സെഗ്മെന്റിലും വിപണിയിലും വേറെ മിടുക്കൻമാരൊന്നുമില്ലെന്ന് പറയാം. ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ വാങ്ങാനെത്തിയത് 1.76 പേരോളമാണ്. അപ്പോൾ തന്നെ മനസിലാക്കാമല്ലോ 5-ഡോർ ഥാറിന്റെ പവറ്. എന്നാൽ ഥാർ റോക്‌സിന്റെ ആദ്യ മോഡൽ സ്വന്തമാക്കിയത് ഒരു സ്പെഷ്യൽ വ്യക്തിയാണ്.
അതും സാധാരണ വണ്ടിക്ക് നിശ്ചയിച്ച വിലയൊന്നുമല്ല, 1.31 കോടി രൂപ മുടക്കിയാണ് മഹീന്ദ്ര ഥാർ റോക്‌സിന്റെ ആദ്യ മോഡൽ ഇദ്ദേഹം സ്വന്തമാക്കിയത്. VIN001 എന്ന എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ലേലം ചെയ്‌താണ് വിറ്റുപോയത്. സെപ്റ്റംബർ 15 നും 16 നും ഇടയിൽ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കാർആൻഡ്ബൈക്ക് (CarandBike) വെബ്‌സൈറ്റിലാണ് വാഹനത്തിനായുള്ള ഡിജിറ്റൽ ലേലം നടന്നത്. ഏകദേശം 20 പേരോളമാണ് ആകടീവ് ബിഡിംഗ് പോരാട്ടത്തിൽ പങ്കെടുത്തത്.

കൂടാതെ മഹീന്ദ്ര ഥാർ റോക്‌സ് VIN001 പതിപ്പ് സ്വന്തമാക്കാനുള്ള ലേലത്തിന് 10980 രജിസ്‌ട്രേഷനുകളും ഉണ്ടായിരുന്നു. ഒടുവിൽ എല്ലാവരേയും മറികടന്ന് മിൻഡ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആകാശ് മിൻഡയാണ് VIN 001 റോക്‌സ് 1.31 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. അദ്ദേഹത്തിന് വാഹനം കൈമാറി വിജിയിയെ ഔദ്യോഗികമായി കമ്പനി പ്രഖ്യാപിക്കുകയും ചെയ്‌തു.
25 ലക്ഷം രൂപയായിരുന്നു ലേലത്തിൽ വാഹനത്തിന്റെ അടിസ്ഥാന വില. ടോപ്പ്-സ്പെക്ക് 4WD വേരിയൻ്റിന് 22.49 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില വരുന്നതും. അതായത് കരുതൽ ധനം 2.50 ലക്ഷം രൂപയോളം കൂടുതലായിരുന്നുവെന്ന് സാരം. 24 മണിക്കൂറിനുള്ളിൽ ലേലം ഒരു കോടിക്ക് മുകളിലെത്തി. സെപ്തംബർ 16ന് വൈകിട്ട് 7 മണിക്കാണ് ലേലം വിളി അവസാനിച്ചത്. പ്രത്യേകം തയാറാക്കിയ നെബുല ബ്ലൂ നിറത്തിലാണ് ഥാർ റോക്‌സ് VIN001 പണിതിറക്കിയിരിക്കുന്നതും.

പതിവ് കാര്യങ്ങൾക്ക് പുറമേ ഇതിന് 'VIN 001' ബാഡ്ജും ആനന്ദ് മഹീന്ദ്ര തന്നെ ഒപ്പിട്ട ഒരു പ്രത്യേക ബാഡ്ജും ലഭിക്കുന്നുണ്ട്. ബാക്കിയെല്ലാം സ്റ്റാൻഡേർഡ് എസ്‌യുവികൾക്ക് സമാനമാണ്. മഹീന്ദ്ര ഓട്ടോമോട്ടീവിൻ്റെ സിഎംഒ മഞ്ജരി ഉപാധ്യേയാണ് ആകാശിന് റോക്‌സ് ഡെലിവർ ചെയ്തത്. ഈ ലേലത്തിൽ നിന്ന് ലഭിച്ച് മുഴുവൻ തുകയും എൻജിഒയായ നന്ദി ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഒപ്പം ബിഡിന് തുല്യമായ തുക സംഭാവന കമ്പനിയും നൽകുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്.
അങ്ങനെ നാന്ദി ഫൗണ്ടേഷന് ഇതിലൂടെ 2.62 കോടി രൂപ സംഭാവന ലഭിക്കുകയും ചെയ്യും. രസകരമായ കാര്യമെന്തെന്നാൽ മുമ്പ് VIN 001 ഥാർ 3-ഡോർ 1.11 കോടി രൂപയ്ക്ക് സ്വന്തമാക്കിയ അതേ വ്യക്തിയാണ് ആകാശ് മിൻഡ. അതായത് 3-ഡോറിന്റെ ആദ്യ മോഡലും 5-ഡോറിന്റെ ആദ്യ മോഡലും സ്വന്തമാക്കിയത് ഒരേയാളാണെന്ന് ചുരുക്കം. ഇനി ഥാർ റോക്‌സ് ബുക്ക് ചെയ്‌ത് കാത്തിരിക്കുന്നവർക്കായുള്ള ഡെലിവറി ദസറയോട് അനുബന്ധിച്ച് തുടങ്ങും.
6 ട്രിമ്മുകളിലായി മൊത്തത്തിൽ 18 വേരിയൻ്റുകളിലാണ് ഥാർ റോക്‌സ് വിപണിയിൽ എത്തുന്നത്. സ്റ്റെൽത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റിൽഷിപ്പ് ഗ്രേ, ബേൺഡ് സിയന്ന എന്നീ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ട്. MX5, AX5L, AX7L ട്രിമ്മുകളിൽ മാത്രമേ ഫോർ വീൽ ഡ്രൈവ് (4WD) ലഭ്യമാകൂ. 4×4 വേരിയൻ്റുകൾക്ക് ഇൻ്റീരിയർ കളർ ഓപ്ഷനിൽ ഐവറി, മോക്ക എന്നിവയും യഥേഷ്‌ടം വാങ്ങാം.
6-പാക്ക് ഗ്രിൽ, പുതിയ വീലുകൾ, എൽഇഡി ഡിആർഎല്ലുകൾ, പില്ലർ മൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾ എന്നിവയാണ് ഥാർ റോക്‌സിൻ്റെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. അകത്ത് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 9 സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സജ്ജീകരണം, പനോരമിക് സൺറൂഫ്, പിൻ എസി വെൻ്റുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ പോലുള്ള ഗംഭീര ഫീച്ചറുകളുടെ വലിയ നിരയുമുണ്ട്.
മഹീന്ദ്രയുടെ പുതിയ M-GLYDE പ്ലാറ്റ്‌ഫോമിലാണ് ഥാർ 5-ഡോർ പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ അതിൻ്റെ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ സ്കോർപിയോ N എസ്‌യുവിയുമായാണ് പങ്കിടുന്നതും. 2.2 ലിറ്റർ എംഹോക്ക് ഡീസൽ അല്ലെങ്കിൽ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് റോക്‌സിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് മോഡലിനുള്ളത്.


Click it and Unblock the Notifications








