ഇവനിങ്ങ് വന്നാൽ ഫോർച്യൂണർ വാങ്ങാൻ ആളില്ലാതാവും, അന്യായ ലുക്കുമായി MU-X ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി
വിദേശത്തേതു പോലെ ഇന്ത്യയിൽ അത്ര ജനപ്രിയമല്ലാതിരുന്ന വിഭാഗമായിരുന്നു ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. മഹീന്ദ്രയും (Mahindra) ടാറ്റ മോട്ടോർസും (Tata Motors) പോലുള്ള വമ്പൻമാർ പയറ്റിയിട്ട് പോലും തോറ്റുപോയ രംഗത്ത് പിടിച്ചുകയറിയത് ഇസൂസു എന്ന ജാപ്പനീസ് വാഹിന നിർമാതാക്കളായിരുന്നു. ഡി-മാക്‌സിലൂടെ രാജ്യത്ത് അഡ്രസുണ്ടാക്കിയെടുത്ത കമ്പനി ശരിക്കും കേമനായ ബ്രാൻഡാണ്. ഉയർന്ന വിലയും മറ്റ് പ്രീമിയം എസ്‌യുവികളോടുള്ള ആളുകളുടെ പ്രണയവും കാരണം വമ്പൻ വിൽപ്പന കണക്കുകൾ ഒന്നും തന്നെയുണ്ടാക്കി എടുക്കാൻ സാധിക്കുന്നില്ലെങ്കിലും നഷ്ടക്കണക്കില്ലാതെ പിടിച്ചു നിൽക്കാൻ ഇസൂസുവിന് സാധിക്കുന്നുണ്ട്.
ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കായ ഡി-മാക്‌സ് വി-ക്രോസിന് പുറമെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലും കമ്പനിക്ക് സാന്നിധ്യമുണ്ട് കേട്ടോ. ടൊയോട്ട ഫോർച്യൂണറും ഫോർഡ് എൻഡവറും ഭരിച്ചിരുന്ന നാളുകളിൽ അരങ്ങേറ്റം കുറിച്ച MU-X എന്ന കിടുക്കൻ മോഡലാണത്. എതിരാളികൾക്ക് കിട്ടുന്ന സ്വീകാര്യതയൊന്നും ഇപ്പോൾ ലഭിക്കുന്നില്ലെങ്കിലും വിദേശത്ത് ഇവനെ തേടിയെത്തുന്നത് വലിയ ആൾക്കൂട്ടം തന്നെയാണ്. അവിടെ ഇസൂസുവിന്റെ ഇമേജും വേറെയാണ്.

ഇപ്പോഴിതാ തായ്‌ലൻഡിൽ ഇസൂസു രണ്ടാംതലമുറ MU-X എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ പുറത്തിറക്കിയിരിക്കുകയാണ്. ആരും കണ്ടാൽ മോഹിക്കുന്ന വാഹനത്തിന്റെ ലുക്ക് കണ്ട് സാക്ഷാൽ ടൊയോട്ട ഫോർച്യൂണർ വരെ അമ്പരന്നിരിക്കുകയാണ്. ഭീമാകാരമായ വലിപ്പവും അഴകും ഇന്ത്യക്കാരെ വരെ ഭ്രമിപ്പിക്കുമെന്നതിൽ തർക്കമൊന്നുമില്ലത്ത കാര്യമാണ്. സ്റ്റൈലിലും ഫീച്ചറുകളിലും പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ലാഡർ ഫ്രെയിം ഷാസിയും എഞ്ചിൻ ഓപ്ഷനുകളും അതേപടി നിലനിർത്തിയാണ് MU-X ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്.
ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ് ഉടൻ തന്നെ മറ്റ് വിപണികളിലും അവതരിപ്പിക്കുമെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇന്ത്യക്കും പ്രതീക്ഷക്ക് വകയുണ്ടെന്ന് സാരം. പ്രായമായ ഒന്നാംതലമുറ മോഡലിന് പകരക്കാരനായി എത്തിയാൽ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഫോർച്യൂണറിന് വെല്ലുവിളിയാവാൻ ഈ പുത്തൻ മോഡലിനാവുമെന്ന് തന്നെയാണ് നിഗമനം.

മൂന്നുവരി എസ്‌യുവിയായ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റിന് ഡി-മാക്‌സ് പിക്കപ്പുമായി വളരെയധികം സാമ്യമുണ്ട്. വിദേശത്ത് വിൽക്കുന്ന രണ്ടാം തലമുറ മോഡലിന് ഒരു പുതിയ RS വേരിയൻ്റിനൊപ്പം ഒരു സ്‌പോർട്ടിയർ ലുക്കാണ് ഇപ്പോൾ സമ്മാനിച്ചിരിക്കുന്നത്. പൂർണമായും പുനർരൂപകൽപ്പന ചെയ്ത മുൻഭാഗമാണ് മോഡലിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി ചൂണ്ടിക്കാണിക്കാനാവുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകളുടെ മാറ്റം അതിഗംഭീരം തന്നെ.
ഒപ്പം വലിപ്പമേറിയ കൂറ്റൻ ഗ്രില്ലും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ബമ്പർ ഇൻടേക്കുകൾക്കുള്ള പരുക്കൻ രൂപകൽപ്പന ഈ എസ്‌യുവിയുടെ സ്‌പോർട്ടി സ്റ്റൈലിംഗിനെ കൂടുതൽ എടുത്തുകാണിക്കുന്നുമുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ കട്ടിയുള്ള ബോഡി ക്ലാഡിംഗ്, റണ്ണിംഗ് ബോർഡുകൾ, സ്‌പോർട്ടി അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് ബി, സി പില്ലറുകൾ, ബോഡി കളറിൽ ഒരുക്കിയ ഡോർ ഹാൻഡിലുകൾ എന്നിവയെല്ലാമാണ് ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റിനെ കിടിലമാക്കുന്നത്.

പിൻഭാഗത്ത് പുതുക്കിയ ബമ്പറും കുറുകെ ഓടുന്ന എൽഇഡി ടെയിൽ ലൈറ്റുകളുമാണ് പുതുരൂപം സമ്മാനിക്കുന്നത്. ഇതിലും കൂടുതൽ സ്റ്റൈൽ കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് വിചാരിക്കുന്നവർക്ക് MU-X ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ RS പതിപ്പ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. ക്രോം ഇൻഫ്യൂസ്ഡ് ഗ്രിൽ, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, ഇൻടേക്കുകൾക്ക് ചുറ്റും ഗാർണിഷിംഗ്, റിയർ ബമ്പർ എക്‌സ്‌റ്റൻഷനുകൾ എന്നിങ്ങനെയുള്ള എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.
പുതിയ ഇസൂസു MU-X RS വേരിയന്റിന് കറുപ്പിൽ ഒരുക്കിയിരിക്കുന്ന 20 ഇഞ്ച് അലോയ് വീലുകളും ബ്ലാക്ക്ഡ്-ഔട്ട് ഫെൻഡർ ഫ്ലെയറുകളും റൂഫും ലഭിക്കുന്നു. RS എംബ്ലങ്ങളിലും സെൻ്റർ ക്യാപ്പുകളിലും ലൈം ഗ്രീൻ ഹൈലൈറ്റുകൾ ഉപയോഗിച്ച് കൂടുതൽ അലങ്കരിക്കാനും കമ്പനിക്കായിട്ടുണ്ട്. എക്സ്റ്റീരിയറിലേതു പോലെ ഇന്റീരിയറിലും കാത്തിരിക്കുന്നത് വലിയ മാറ്റങ്ങളാണ്. പുതിയ 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഉൾപ്പെടുത്തിയതാണ് ഇതിലെ പ്രധാന ഹൈലൈറ്റ്.
ഒപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടുള്ള പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സീറ്റുകളുടെയും ഡോർ ട്രിമ്മുകളുടെയും അപ്‌ഡേറ്റുകൾ, അൾട്ടിമേറ്റ് ട്രിം പായ്ക്കുകൾ, ട്രഫിൾ ബ്രൗൺ ലെതർ അപ്‌ഹോൾസ്റ്ററി എന്നിവയാണ് അകത്തളത്തെ പ്രീമിയമാക്കുന്ന കാര്യങ്ങൾ. RS വേരിയൻ്റിന് റെഡ് ആംബിയൻ്റ് ലൈറ്റിംഗ്, ബ്ലാക്ക് ഇൻസെർട്ടുകൾ തുടങ്ങിയ അധിക ഇൻ്റീരിയർ ഹൈലൈറ്റുകൾ ലഭിക്കും.
ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റിന് ADAS സാങ്കേതികവിദ്യയുടെ പിന്തുണയും ഇപ്പോൾ ലഭിക്കുന്നുണ്ട്. വേരിയൻ്റിനെ ആശ്രയിച്ച്, എസ്‌യുവിയുടെ ADAS കിറ്റിൽ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് ജാം അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് ബ്രേക്ക് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നു. സറൗണ്ട് വ്യൂ മോണിറ്റർ പോലുള്ള ഫീച്ചറുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
148 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.9 ലിറ്റർ ടർബോ ഡീസൽ, 187 bhp പവറുള്ള 3.0 ലിറ്റർ ടർബോ ഡീസൽ ഓപ്ഷനുകളിലാണ് ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തുന്നത്. 6-സ്പീഡ് മാനുവൽ ഗിർബോക്‌സ് സ്റ്റാൻഡേർഡായാണ് നൽകിയിരിക്കുന്നത്. ടോപ്പ്-സ്പെക്ക് RS വേരിയൻ്റിൽ മാത്രമാണ് 4WD ഓപ്ഷൻ ലഭ്യമാവുന്നത്. ഏകദേശം 26.90 ലക്ഷം രൂപയാണ് ഇതിന് തായ്‌ലൻഡിൽ വരുന്ന വില.


Click it and Unblock the Notifications








