ടൊയോട്ടക്ക് ഒരുമുഴം മുമ്പേ... ഡീസൽ അടിക്കണ്ട, ബാറ്റിയിൽ ഓടിക്കോളും; ഡി-മാക്‌സ് ഇലക്‌ട്രിക്കുമായി ഇസൂസു
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടാറ്റയും മഹീന്ദ്രയും വരെ തോറ്റ് പിൻമാറിയ ഒരു സെഗ്മെന്റ് ഉണ്ട്. എന്നാൽ വമ്പൻമാരെല്ലാം വീണിടത്ത് വിപ്ലവം രചിച്ച് പിടിച്ചുനിൽക്കുന്നൊരു ബ്രാൻഡ് ഉണ്ട് നമുക്ക്. മറ്റാരുമല്ല ഇസൂസുവിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയെ ഇന്ത്യക്കാർക്കിടയിൽ ശ്രദ്ധേയമാക്കിയവരാണ് ഈ ജാപ്പനീസ് വാഹന നിർമാതാക്കൾ എന്നുവേണം പറയാൻ.
ഇന്നും പിക്കപ്പ് ട്രക്ക് എന്നുകേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന പേരായിരിക്കും ഇസൂസു ഡി-മാക്‌സ് വി-ക്രോസിന്റേത്. ടൊയോട്ട ഹൈലക്‌സ് വന്നിട്ടു പോലും ഇമേജിന് കോട്ടംതട്ടാതെ പിടിച്ചുനിൽക്കുന്നുണ്ടെങ്കിൽ ലെവൽ മനസിലാക്കാമല്ലോ. ടൊയോട്ടയെല്ലാം മാനത്ത് കാണുന്നതിനു മുമ്പേ തന്നെ പിക്കപ്പിനെ വൈദ്യുതീകരിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി ഇസൂസുവിന്റെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) അവതരിപ്പിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ.

ഡി-മാക്‌സ് പിക്കപ്പിന്റെ ഇലക്‌ട്രിക് പതിപ്പിനെ വളരെ ആകാംക്ഷയോടെയാണ് വാഹന ലോകം വരവേറ്റിരിക്കുന്നത്. മാർച്ച് 27-ന് തായ്‌ലൻഡിൽ നടക്കുന്ന 2024 ബാങ്കോക്ക് ഇൻ്റർനാഷണൽ മോട്ടോർ ഷോയിൽ ഇസൂസു ഡി-മാക്‌സ് ഇവിയുടെ പ്രീ-പ്രൊഡക്ഷൻ പ്രോട്ടോടൈപ്പ് അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്ന് അടുത്ത വർഷത്തോട (2025) യൂറോപ്യൻ വിപണികൾക്കായി ഇലക്ട്രിക് പിക്കപ്പ് നിർമിച്ച് തുടങ്ങുമെന്നും കമ്പനി സ്ഥിരീകരിച്ചു.
ഇലക്ട്രിക് ഡി-മാക്‌സിന് അതിൻ്റെ ഡീസൽ മോഡലിലേതിനു സമാനമായ പേലോഡ് കപ്പാസിറ്റി ഉണ്ടായിരിക്കുമെന്നാണ് ഇസൂസു പറയുന്നത്. ഒരു പിക്കപ്പ് ട്രക്കിൽ നിന്ന് പ്രതീക്ഷിക്കുന്ന വാണിജ്യ, പാസഞ്ചർ വാഹന ആവശ്യങ്ങളെല്ലാം നിറവേറ്റാൻ വരാനിരിക്കുന്ന ഡി-മാക്‌സ് ബിഇവിക്ക് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. അതായത് എന്തിനും പോന്ന പരുക്കൻ സ്വഭാവം ഇവി കാത്തുസൂക്ഷിക്കുമെന്ന് സാരം.

മുന്നിലും പിന്നിലും പുതുതായി വികസിപ്പിച്ച ഇ-ആക്സിലുകളുള്ള 4WD സിസ്റ്റമായിരിക്കും ഇലക്ട്രിക് ഡി-മാക്‌സിന് കരുത്തേകുക. ഡിസൈനിലേക്ക് നോക്കിയാൽ ഇസൂസു ഡി-മാക്‌സ് ഇലക്ട്രിക് പ്രോട്ടോടൈപ്പ് അതിന്റെ ഡീസൽ മോഡലുകൾക്ക് സമാനമായി തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്. എങ്കിലും ഇവിയായതിനാൽ ബ്ലൂ ആക്‌സൻ്റുകളുള്ള ക്ലോസ്‌ഡ് ഗ്രില്ലാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ മുൻവശത്തിന് പുതുമ നൽകാൻ ബ്രാൻഡിനായിട്ടുണ്ട്.
വശക്കാഴ്ച്ചയിലേക്ക് വന്നാലും ഡീസൽ മോഡലിന് സമാനമായി കാണപ്പെടുന്നുവെന്ന് വേണം പറയാൻ. പുതിയ 6 സ്‌പോക്ക് അലോയ് വീലുകളാണ് വാഹനത്തിൽ ഇസൂസു ഉപയോഗിച്ചിരിക്കുന്നത്. പിന്നിലേക്ക് വന്നാൽ ലോഡിംഗ് ബെഡിൽ "ഇവി കൺസെപ്റ്റ്" എന്ന ബാഡ്‌ജിംഗ് ഒരുക്കിയിട്ടുണ്ട്. ബാക്കിയെല്ലാം നമുക്ക് പരിചിതമായ വാഹനത്തിന് സമാനമായ രീതിയിൽ തന്നെയാണ് മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്.

മാത്രമല്ല ഇലട്രിക് പിക്കപ്പിന്റെ അകത്തളത്തെ കുറിച്ച് വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യവുമല്ല. ഇസൂസു ഡി-മാക്‌സ് ബിഇവി പ്രോട്ടോടൈപ്പിന് 66.9 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. കരുത്തിനായി ഓരോ ആക്സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് കമ്പനി ഘടിപ്പിച്ചിരിക്കുന്നതും. മുൻവശത്തെ ഇലക്ട്രിക് മോട്ടോർ 54 bhp പവറിൽ 108 Nm torque വരെ വികസിപ്പിക്കുമ്പോൾ റിയർ ഇലക്ട്രിക് മോട്ടോർ 121 bhp കരുത്തിൽ 217 Nm torque വരെ ഉത്പാദിപ്പിക്കുന്നു.
അങ്ങനെ ഇലക്ട്രിക് പിക്കപ്പിന്റെ സംയോജിത ഔട്ട്‌പുട്ട് 174 bhp, 325 Nm torque എന്നിങ്ങനെയാവുന്നു. ഇത് ഡി-മാക്‌സിന്റെ നിലവിലെ ബേസ് മോഡൽ വേരിയന്റിലെ 1.9 ലിറ്റർ ഡീസൽ പതിപ്പിനേക്കാൾ കൂടുതൽ ശക്തമാക്കുന്നു. എന്നാൽ ഇവിയുടെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഡി-മാക്‌സ് ബിഇവിയുടെ ഡ്രൈവിംഗ് റേഞ്ച് എത്രത്തോളമുണ്ടെന്ന കാര്യം ജാപ്പനീസ് ബ്രാൻഡ് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ കരുത്തുറ്റ ഫ്രെയിമും ബോഡിയും സഹിതം "ഉയർന്ന ടവിംഗ് കപ്പാസിറ്റി" വാഹനത്തിന് ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു. ഡി-മാക്‌സ് ഇവിക്ക് പേലോഡ് കപ്പാസിറ്റി 1,000 കിലോഗ്രാം, 3,500 കിലോഗ്രാം ടവിംഗ് കപ്പാസിറ്റി എന്നിങ്ങനെയായിരിക്കും ഉണ്ടായിരിക്കുക. ഡി-മാക്‌സ് ഇലക്ട്രിക് ആദ്യം യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പിക്കപ്പ് ട്രക്കുകൾക്ക് ഏറ്റവും ഡിമാന്റുള്ള യൂറോപ്പിൽ തന്നെ ആദ്യം വിപണനത്തിന് എത്തുന്നതും മൈലേജാവും.
ഇതിനുശേഷം ഓസ്‌ട്രേലിയ, തായ്‌ലൻഡ്, മറ്റ് രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് വിപണികളിലേക്കും വാഹനം എത്തും. പക്ഷേ വിപണി ആവശ്യങ്ങളും ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചറും അടിസ്ഥാനമാക്കിയായിരിക്കും അവതരണം തീരുമാനിക്കുക. ഇലക്ട്രിക് പിക്കപ്പിന് പുറമേ മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനോടുകൂടിയ ഡി-മാക്‌സ് പ്രോട്ടോടൈപ്പും ഇസൂസു അവതരിപ്പിച്ചിട്ടുണ്ട്. 1.9 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുമായി ജോടിയാക്കിയ 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സംവിധാനമാണ് ഇതിന്റെ ഹൃദയം.


Click it and Unblock the Notifications








