ഇന്ത്യയിൽ നിന്നും ഗുഡ്ബൈ പറഞ്ഞിറങ്ങി ഈ കാറും, ഇനിയുള്ളത് ഈയൊരു വണ്ടി മാത്രം
ആഡംബര കാറുകൾക്ക് ഏറ്റവും സാധ്യതയുള്ള വിപണികളിൽ ഒന്നായി ഇന്ത്യ മാറിയിട്ട് കാലം കുറേയായി. അതിനാൽ ലോകമെമ്പാടുമുള്ള ലക്ഷ്വറി വാഹന നിർമാതാക്കളെല്ലാം ഇങ്ങോട്ടേക്ക് കടന്നുവന്നിട്ടുമുണ്ട്. മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു, മിനി, പോർഷ പോലുള്ള ജർമൻ ബ്രാൻഡുകൾക്ക് പുറമെ ലാൻഡ് റോവർ, ബെന്റ്ലി, റോൾസ് റോയ്‌സ്, ജാഗ്വർ തുടങ്ങി ബ്രിട്ടീഷ് കമ്പനികൾ വരെ നമ്മുടെ ആഭ്യന്തര വിപണിയിൽ പണംവാരുന്നവരാണ്. ഒരിടയ്ക്ക് സിനിമാക്കാർക്കിടയിലും മറ്റുമെല്ലാം ജാഗ്വർ മോഡലുകൾ തീർത്ത ഓളം ചെറുതൊന്നുമല്ലെന്ന് വേണം പറയാൻ. ഇപ്പോൾ അത്രയ്ക്ക് ആരവം ഇല്ലെങ്കിലും തരക്കേടില്ലാത്ത വിൽപ്പനയാണ് ബ്രാൻഡ് നേടിയെടുക്കുന്നത്.
നിലവിൽ വൈദ്യുത വാഹന രംഗത്തേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ മോഡൽ നിരയിൽ ചെറിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിനായുള്ള പദ്ധതികളിലാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ ആദ്യകാല ലക്ഷ്വറി ഇലക്ട്രിക് കാറുകളിൽ ഒന്നായ ഐ-പേസിനെ ജാഗ്വർ നിർത്തലാക്കിയതായാണ് വിവരം. ബ്രാൻഡിൻ്റെ വെബ്‌സൈറ്റിൽ നിന്ന് മോഡൽ ഒഴിവാക്കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഐ-പേസ്, എഫ്-പേസ് എന്നിവയായിരുന്നു ജാഗ്വർ ഇന്ത്യയിൽ പുറത്തിറക്കിയിരുന്ന മോഡലുകൾ. ഇതിൽ ആദ്യ വാഹനം നിർത്തലാക്കിയതോടെ ബ്രിട്ടീഷ് കാർ നിർമാതാക്കൾക്ക് രാജ്യത്ത് ഇനി ഈയൊരു മോഡൽ മാത്രമാവും ഉണ്ടാവുക. ജാഗ്വർ ലാൻഡ് റോവർ (JLR) മൊബിലിറ്റി ഒരു പുതിയ യുഗത്തിലേക്ക് കടക്കാനിരിക്കുകയാണെന്ന് നേരത്തെ സൂചന കിട്ടിയിരുന്നെങ്കിലും ഏറെ ആരാധകരുള്ള ഐ-പേസ് നിർത്തലാക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു.
ജാഗ്വർ പൂർണമായും ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കുമ്പോൾ ഈ നീക്കം പ്രതീക്ഷിച്ചിരുന്ന ഒരു വിഭാഗം ആളുകളും ഉണ്ടായിരുന്നു. 2021-ലാണ് ഒരു കോടി രൂപയുടെ എക്സ്ഷോറൂം വിലയിൽ ഐ-പേസിനെ അവതരിപ്പിക്കുന്നത്. പുറത്തിറക്കിയപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ ആഡംബര ഇലക്ട്രിക് എസ്‌യുവിയായും ഇതറിയപ്പെട്ടു. ഔഡി ഇ-ട്രോൺ, മെർസിഡീസ് EQC പോലുള്ളവയോടാണ് വാഹനം മത്സരിച്ചിരുന്നത്.

എതിരാളികൾ കാലാനുസൃതമായ അപ്‌ഡേറ്റുകളുമായി മുന്നേറിയപ്പോൾ ഐ-പേസിന് ഇക്കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പരിഷ്ക്കാരങ്ങളൊന്നും സമ്മാനിക്കാൻ ജാഗ്വർ തയാറായില്ല. അങ്ങനെ വിൽപ്പന ഇടിയുകയും ചെയ്‌തു. ഇപ്പോൾ ഇന്ത്യയിൽ നിർത്തലാക്കിയെങ്കിലും അന്താരാഷ്‌ട്ര വിപണികളിൽ വാഹനത്തിന്റെ വിൽപ്പന കമ്പനി തുടരുകയാണ്. എന്നാൽ 2025 മുതൽ ആഗോളതലത്തിൽ ജാഗ്വർ ഇവികളുടെ അടുത്ത തലമുറ പതിപ്പുകൾ പുറത്തിറക്കുന്നതോടെ മോഡൽ അവിടെയും നിർത്തലാക്കും.
കൂപ്പെ ശൈലിയിലുള്ള എസ്‌യുവിക്ക് ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നു ജാഗ്വർ ഐ-പേസ്. ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ അക്കാലത്ത് ഓടിക്കാൻ കൂടുതൽ ആവേശകരമായ ഇലക്ട്രിക് എസ്‌യുവികളിലൊന്നായാണ് ഇത് അറിയപ്പെട്ടത്. അതിമനോഹരമായ രൂപവും ഡ്രൈവിംഗ് ഡൈനാമിക്‌സും മോഡലിനെ വേറിട്ടു നിർത്തി. എന്നാൽ സെഗ്മെന്റിലെ മറ്റ് എതിരാളികളെ പോലെ വിശാലമോ പ്രായോഗികമോ ആയിരുന്നില്ല.

ഒറ്റ ചാർജിൽ ഏകദേശം 470 കിലോമീറ്റർ (ക്ലെയിം ചെയ്യപ്പെട്ട) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 90 kWh ബാറ്ററി പായ്ക്കാണ് ജാഗ്വർ ഐ-പേസ് ഇലക്ട്രിക് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 395 bhp പവറിൽ 696 Nm torque വരെ ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരുന്നത്. ഇത് വെറും 4.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തമായിരിക്കും. 100 കിലോവാട്ട് റാപ്പിഡ് ചാർജർ ഉപയോഗിച്ചാൽ വെറും 45 മിനിറ്റിനുള്ളിൽ മോഡലിന് 80 ശതമാനം വരെ വാഹനംചാർജ് ചെയ്യാനാകും.
അതേസമയം, 7 kW എസി വാൾ ബോക്സ് ചാർജർ വഴി പൂർണ ചാർജിൽ എത്താൻ ഏകദേശം 10 മണിക്കൂർ സമയം വേണ്ടി വരും. ഇനി കമ്പനിയുടെ ഭാവിയെന്താണെന്ന് ചോദിച്ചാൽ പുതുതായി വികസിപ്പിച്ച ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്ന വലിയൊരു നിര തന്നെ ബ്രാൻഡ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പോർഷെ ടെയ്‌കാൻ, ഔഡി ഇ-ട്രോൺ ജിടി എന്നിവയോട് മത്സരിക്കാൻ എത്തുന്ന പുതിയ 4-സീറ്റർ ജിടി കാർ ഇതിൽ ഉൾപ്പെടുന്നുവെന്നതാണ് ശ്രദ്ധേയം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








