ഷോറൂമിൽ ഇനി പെരുന്നാളിന്റെ തിരക്കായിരിക്കും, ജീപ്പ് എസ്‌യുവിക്ക് 2.80 ലക്ഷം രൂപ വരെ വിലക്കുറവ്
വന്നകാലത്ത് കോമ്പസ് എസ്‌യുവിയിലൂടെ ഇന്ത്യൻ നിരത്തുകളിൽ തരംഗം തീർത്തവരാണ് ജീപ്പ്. എന്നാൽ തുടക്കത്തിൽ ചൂടപ്പം പോലെ വിറ്റഴിച്ചിരുന്ന മോഡലുകളുടെ സ്വീകാര്യത പതിയെ ഇല്ലാതാവുന്ന കാഴ്ച്ചയാണ് നമുക്ക് കാണാനായത്. പ്രീമിയം ബ്രാൻഡായതിനാൽ തന്നെ ഡീലർഷിപ്പിലെല്ലാം കാര്യമായ തിരക്കൊന്നുമില്ലാതെ കിടക്കുകയാണിപ്പോൾ. എങ്കിലും ഓരോ മാസവും മോശമല്ലാത്ത രീതിയിൽ പിടിച്ചു നിൽക്കാൻ കമ്പനിക്കാവുന്നുണ്ട്.
പക്ഷേ ഫോർഡ്, ഷെവർലെ പോലുള്ള അമേരിക്കൻ വാഹന നിർമാതാക്കൾക്ക് രാശിയില്ലാത്ത ഇന്ത്യൻ വിപണിയിൽ സമാനമായ ഭാവി തന്നെയാണോ ജീപ്പിനും സംഭവിക്കുക എന്നതാണ് ഇപ്പോൾ ആളുകൾക്കുള്ള ആശങ്ക. എന്തായാലും വിൽപ്പന കൂട്ടാനായുള്ള പൊടികൈകൾ പ്രയോഗിച്ച് വരികയാണ് നമ്മുടെ സ്വന്തം ജീപ്പ്. ഇതിന്റെ ഭാഗമായി മോഡൽ നിരയിൽ ഗംഭീര വിലക്കുറവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ മുതലാളി.

2024 ഏപ്രിൽ മാസത്തേക്കായി ജീപ്പ് അതിൻ്റെ മുഴുവൻ മോഡലുകളിലും ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു പുതിയ ജീപ്പ് എസ്‌യുവി വാങ്ങുമ്പോൾ നിങ്ങൾക്ക് എത്രത്തോളം പൈസ ലാഭിക്കാം എന്നകാര്യം വിശദീകരിച്ചു തരാം. പക്ഷേ ഇനി പറയുന്ന ഓഫറുകൾ സ്ഥലം, സംസ്ഥാനം, സ്റ്റോക്കിൻ്റെ ലഭ്യത എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കൃത്യമായ കാര്യങ്ങൾ അറിയാൻ അടുത്തുള്ള ജീപ്പ് ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.
ജീപ്പ് കോമ്പസിന് 2024 ഏപ്രിലിൽ 1.55 ലക്ഷം രൂപ വരെ ഓഫർ ലഭിക്കും. ഈ ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ, 3 വർഷത്തെ സൗജന്യ മെയിൻ്റനൻസ് പാക്കേജ് എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. കൂടാതെ 2 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും കമ്പനി ഒരുക്കിയിട്ടുണ്ട്. ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700 എന്നിവയുമായി മത്സരിക്കുന്ന കോമ്പസിന് നിലവിൽ 20.69 ലക്ഷം മുതൽ 30.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

കോമ്പസിനെ അടിസ്ഥാനമാക്കി നിർമിച്ച മൂന്ന്-വരി പതിപ്പായ ജീപ്പ് മെറിഡിയൻ ഈ മാസം 2.80 ലക്ഷം രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ, 3 വർഷത്തെ സൗജന്യ മെയിൻ്റനൻസ് പാക്കേജ്, 2 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയാണ് മെറിഡിയന്റെ ഓഫറുകളിൽ ഉൾപ്പെടുന്നവയാണ്.
2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രം എത്തുന്ന മെറിഡിയൻ ഫുൾ-സൈസ് എസ്‌യുവി വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ പോലുള്ള വമ്പൻമാരുമായാണ് ഇതിന്റെ മത്സരം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 171 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് വാഹനം. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി മെറിഡിയൻ സ്വന്തമാക്കാം.

പെട്രോള്‍ എഞ്ചിന്‍ ഓപ്ഷൻ മെറിഡിയനിൽ ലഭ്യമല്ലാത്തത് വലിയൊരു പോരായ്‌മയായി പലരും കാണുന്നുണ്ട്. നിലവിൽ 33.60 ലക്ഷം മുതൽ 36.97 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. ജീപ്പിൻ്റെ ഇന്ത്യയിലെ മുൻനിര ഉൽപ്പന്നമായ ഗ്രാൻഡ് ചെറോക്കി എസ്‌യുവിക്ക് ഈ മാസം 11.85 ലക്ഷം രൂപ വരെയുള്ള വമ്പൻ ഡിസ്‌കൗണ്ട് ഓഫറുകളാണ് ഇപ്പോൾ ലഭ്യമാവുന്നത്.
പുതിയ ഓഫറോടെ ഗ്രാൻഡ് ചെറോക്കിയുടെ വില 68.50 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. കൂടാതെ, ചില ഡീലർമാർ ജീപ്പ് റാങ്ലർ ഓഫ്-റോഡറിലും മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. പക്ഷേ ഇതിന്റെ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. ജീപ്പുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ ADAS ഫീച്ചർ ഉപയോഗിച്ച് മെറിഡിയനും കോമ്പസും പരിഷ്ക്കരിക്കാനുള്ള തയാറെടുപ്പിലാണ് അമേരിക്കൻ ബ്രാൻഡിപ്പോൾ.

ADAS സ്യൂട്ടിൽ ആക്റ്റീവ് ബ്രേക്കിംഗിനൊപ്പം ഫുൾ സ്പീഡ് ഫോർവേഡ് കൊളിഷൻ വാർണിംഗ്, ആക്റ്റീവ് ലെയ്ൻ മാനേജ്മെന്റ്, റിയർ ക്രോസ് പാത്ത് ഡിറ്റക്ഷൻ, ഡ്രൌസി ഡ്രൈവർ ഡിറ്റക്ഷൻ, പെഡസ്ട്രിയൻ, സൈക്ലിസ്റ്റ് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവ പോലുള്ള സവിശേഷതകളാണ് ജീപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. എന്തായാലും മുകളിൽ പറഞ്ഞ ഓഫറുകളിലൂടെ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താനുള്ള തന്ത്രം വിജയം കാണുമെന്ന പ്രതീക്ഷയിലാണ് ബ്രാൻഡ്.


Click it and Unblock the Notifications








