ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിനേക്കാൾ കുറഞ്ഞ വില, കോമ്പസ് എസ്‌യുവിക്ക് 1.70 ലക്ഷം രൂപ വെട്ടിക്കുറച്ച് ജീപ്പ്
ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത പേരാണ് ജീപ്പന്റേത്. ഈ പേര് കേൾക്കുമ്പോഴേ പെട്ടന്ന് മനസിലേക്ക് ഓടിയെത്തുന്നത് മഹീന്ദ്രയുടെ കമാൻഡോ പോലുള്ള ജീപ്പായിരിക്കുമെങ്കിലും ഈ പേരിന്റെ യഥാർഥ ഉടമകൾ അമേരിക്കയിൽ നിന്നാണ് വരുന്നത്. കോമ്പസും റാങ്ലറും ഗ്രാൻഡ് ചെറോക്കിയും മെറിഡിയനുമെല്ലാം പണിതിറക്കുന്ന ഒറിജിനൽ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളാണ് ഇവർ. ഇന്ത്യയിൽ കോമ്പസുമായി കാലുകുത്തിയ ബ്രാൻഡിന് തുടക്ക നാളുകളിൽ കിട്ടിയ വരവേൽപ്പ് ചില്ലറയൊന്നുമല്ലായിരുന്നു. സ്വന്തം രാജ്യക്കാരായ ഷെവർലെയും ഫോർഡുമെല്ലാം ആഭ്യന്തര വിപണിയിൽ നിന്നും പടിയിറങ്ങിയെങ്കിലും കരുത്തോടെ പിടിച്ചു നിൽക്കാനാണ് ജീപ്പിന്റെ ശ്രമം.
അമേരിക്കൻ വാഹന നിർമാതാക്കൾക്ക് അത്ര രാശിയില്ലാത്തൊരു നാടാണ് ഇന്ത്യയെന്ന ചീത്തപ്പേരെല്ലാം ഇനി ജീപ്പിന്റെ ഭാവിയെ ആശ്രയിച്ചാണിരിക്കുന്നത്. പ്രീമിയം എസ്‌യുവി മോഡലുകൾ മാത്രം വിപണിയിലിറക്കുന്ന കമ്പനിക്ക് വിൽപ്പനയുടെ കാര്യത്തിൽ അടുത്തിടെയായി അത്ര നല്ലകാലമൊന്നുമല്ലെന്ന് വേണം പറയാൻ. വില തന്നെയാണ് ബ്രാൻഡിന്റെ മെയിൻ വില്ലനായി നിലനിൽക്കുന്നത്.

പിന്നെ ആളുകളെ കൈയിലെടുക്കാൻ പോന്ന തരത്തിലുള്ള പുത്തൻ മോഡലുകളൊന്നും ജീപ്പിന്റെ നിരയിലില്ലെന്നതും വിസ്‌മരിക്കാനാവാത്ത കാര്യമാണ്. ഇപ്പോൾ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് ആകർഷിക്കാനും വിൽപ്പന കണക്കുകൾ വർധിപ്പിക്കാനുമായി ഞെട്ടിക്കുന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് അമേരിക്കൻ എസ്‌യുവി നിർമാതാക്കൾ. മറ്റൊന്നുമല്ല കോമ്പസിന്റെ വില വെട്ടിക്കുറച്ചതാണ് സംഭവം.
ജീപ്പ് ഇന്ത്യയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി മോഡലായ കോമ്പസിൻ്റെ പുതിയ വില 2024 ജൂൺ മാസം മുതൽ നിലവിൽ വന്നിട്ടുണ്ട്. ഏറ്റവും പുതിയ തീരുമാന പ്രകാരം കോമ്പസ് ശ്രേണിയുടെ എക്‌സ്‌ഷോറൂം വിലയിപ്പോൾ 18.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മുമ്പ് 20.69 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന എൻട്രി ലെവൽ സ്‌പോർട് വേരിയന്റിന് 1.70 ലക്ഷം രൂപയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്.

സ്‌പോർട്, ലോഞ്ചിറ്റ്യൂഡ്, നൈറ്റ് ഈഗിൾ, ലിമിറ്റഡ്, ബ്ലാക്ക് ഷാർക്ക്, മോഡൽ എസ് എന്നിങ്ങനെ ആറ് വേരിയൻ്റുകളിലാണ് ജീപ്പ് കോമ്പസ് വിപണിയിൽ എത്തുന്നത്. എൻട്രി ലെവൽ ബേസ് മോഡലിന്റെ വില ഗണ്യമായി കുറച്ചെങ്കിലും മറ്റെല്ലാ വേരിയൻ്റുകളിലും ഏകീകൃത വില വർധനവാണ് ജീപ്പ് നടപ്പിലാക്കിയിരിക്കുന്നത്. അതായത് രൂപ. 14,000 രൂപ ഇനി മുതൽ അധികമായി മുടക്കേണ്ടി വരുമെന്ന് സാരം.
ഇനി കോമ്പസിന്റെ വേരിയന്റ് തിരിച്ചുള്ള വില എങ്ങനെയാണെന്ന് നോക്കാം. ഇതിൽ ബേസ് സ്പോർട്ടിന് 18.99 ലക്ഷം, ലോഞ്ചിറ്റ്യൂഡിന് 22.33 ലക്ഷം, നൈറ്റ് ഈഗിളിന് 25.18 ലക്ഷം, ലിമിറ്റഡിന് 26.33 ലക്ഷം, ബ്ലാക്ക് ഷാർക്കിന് 26.83 ലക്ഷം, മോഡൽ എസിന് 28.33 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് മാരുതി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് മോഡലുകളേക്കാൾ കുറഞ്ഞ വിലയിൽ കോമ്പസിന്റെ ബേസ് മോഡൽ സ്വന്തമാക്കാമെന്ന് സാരം.

വില കുറഞ്ഞും കൂടിയും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മെക്കാനിക്കലായി കാര്യമായ പരിഷ്ക്കാരങ്ങളോ മാറ്റങ്ങളോ ഒന്നും തന്നെ എസ്‌യുവിയിഷ സംഭവിച്ചിട്ടില്ല. കഴിഞ്ഞ വർഷം പെട്രോൾ എഞ്ചിൻ നിർത്തലാക്കിയതിന് ശേഷം, ജീപ്പ് കോമ്പസിന് 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ മാത്രമേ ലഭിക്കൂ. ഇത് 172 bhp പവറിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഉൾപ്പെടുന്നത്.
ഇന്ത്യൻ വിപണിയിലെ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ട്യൂസോൺ, ഫോക്‌സ്‌വാഗൺ ടിഗുവാൻ, സിട്രൺ C5 എയർക്രോസ് പോലുള്ള വമ്പൻ സ്പോർട് യൂട്ടിലിറ്റി മോഡലുകളുമായാണ് ജീപ്പ് കോമ്പസ് മത്സരിക്കുന്നത്. ഇനി ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ മെറിഡിയൻ എസ്‌യുവിയുടെ സ്പെഷ്യൽ 'X' എഡിഷൻ അമേരിക്കൻ ബ്രാൻഡ് രാജ്യത്ത് വീണ്ടും അവതരിപ്പിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഈ പ്രത്യേക പതിപ്പ് ആദ്യമായി അവതരിപ്പിച്ചത്. മെറിഡിയൻ 7 സീറ്ററിന്റെ X എഡിഷന് 29.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. എസ്‌യുവിയുടെ ലിമിറ്റഡ് (O) വേരിയൻ്റിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഇതിന് കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാണ് സമ്മാനിച്ചിരിക്കുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ജീപ്പ് മെറിഡിയൻ X കരുത്തേകുന്നത്.
ഇത് 168 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. X വേരിയന്റിന് ബോഡി കളറുള്ള ലോവറുകൾ, സൈഡ് സ്റ്റെപ്പുകൾ, ഗ്രേ-കളർ റൂഫ്, ORVM-കൾ, അലോയ് വീലുകൾ എന്നിവ ലഭിക്കുന്നു. അകത്ത് മെറിഡിയൻ X പതിപ്പിന്റെ ക്യാബിനിൽ ഒരു ഡാഷ് ക്യാം, മൾട്ടികളർ ആംബിയൻ്റ് ലൈറ്റിംഗ്, പ്രീമിയം കാർപെറ്റ് മാറ്റുകൾ, പിൻസീറ്റ് എൻ്റർടെയ്ൻമെൻ്റ് പാക്കേജ് എന്നിവയെല്ലാമാണ് കമ്പനി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications








