ഈ 7-സീറ്ററിന്റെ വില കുത്തനെ കുറയും, ജീപ്പ് കണ്ടുവെച്ചിരിക്കുന്ന ഐഡിയ കേട്ടോ; ടൊയോട്ട പോലും ചിന്തിച്ചിട്ടില്ല
ഇന്ത്യൻ വിപണിയിൽ കോമ്പസിലൂടെ വരവറിയിച്ചവരാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. പിന്നീട് കുതിച്ചുയർന്ന് വേറെ ലെവലായെങ്കിലും ഇടയ്ക്കൊന്ന് പദ്ധതികൾ ചീറ്റിപ്പോയിരുന്നു. മെറിഡിയൻ എന്ന 7-സീറ്റർ എസ്‌യുവി പുറത്തിറക്കി അൽപം പിടിച്ചുനിന്നുവെങ്കിലും ഇപ്പോൾ കാര്യമായ ശക്തിയില്ലാതെ കിതക്കുകയാണ് ബ്രാൻഡ്. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലെ മുടിചൂടാ മന്നൻ ടൊയോട്ട ഫോർച്യൂണറിനെ വീഴ്ത്താനിയിരുന്നു മെറിഡിയൻ പണികഴിപ്പിച്ചത്. ഫോർഡ് എൻഡവർ കളമൊഴിഞ്ഞപ്പോൾ ആ ഗ്യാപ്പിൽ കയറാനും ജീപ്പിന് ഉദ്ദേശമുണ്ടായിരുന്നു. കാര്യമായ ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും അമേരിക്കൻ മുതലാളിയെ ഇന്ത്യയിൽ പിടിച്ചുനിർത്താൻ മോഡലിന് ഒരുവിധം സാധിച്ചു.
ഇപ്പോഴിതാ പ്രതാപം തിരിച്ചുപിടിക്കാൻ മെറിഡിയനെ മുഖംമിനുക്കി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജീപ്പ്. ഇതിന്റെ ഭാഗമായുള്ള പണികളെല്ലാം അവസാനഘട്ടത്തിൽ എത്തിയതോടെ എസ്‌യുവിക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ 7-സീറ്റർ ഓപ്ഷന് പുറമെ 5-സീറ്റർ പതിപ്പിലും മെറിഡിയൻ വിപണിയിലെത്തുമെന്നതാണ് ഏറ്റവും വലിയ വാർത്ത. താത്പര്യമുള്ളവർക്ക് 50,000 രൂപ ടോക്കൺ നൽകി പുതുക്കിയ എസ്‌യുവിയുടെ ബുക്ക് ചെയ്‌തിടാം.

സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കുന്നതിനോടൊപ്പം നിലവിലെ മോഡലിനേക്കാൾ കൂടുതൽ ഫീച്ചറുകളും ഒപ്പം ADAS സ്യൂട്ടും മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് വരുമെന്നത് ടൊയോട്ടയ്ക്ക് നെഞ്ചിടിപ്പ് കൂട്ടിയേക്കാം. 5 സീറ്റർ പതിപ്പിന്റെ വരവോടെ എസ്‌യുവിയുടെ വില കുറയ്ക്കാനും കമ്പനിക്കാവും. ഇത് വിൽപ്പനയിൽ പ്രതിഫലിക്കുമെന്നാണ് അനുമാനം. നിലവിൽ 31.23 ലക്ഷം രൂപ മുതൽ 39.83 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
പക്ഷേ 5-സീറ്ററാണെങ്കിൽ കോമ്പസില്ലേയെന്ന് ചോദിക്കുന്നവരും ഉണ്ടാവും. 18.99 ലക്ഷം മുതൽ 32.41 ലക്ഷം രൂപ വരെയാണ് ഇതിന് മുടക്കേണ്ടി വരുന്ന വില. താരതമ്യപ്പെടുത്തുമ്പോൾ മെറിഡിയൻ എങ്ങനെ സ്ഥാപിക്കുമെന്നത് കണ്ടുതന്നെ അറിയണം. ഇനി ഡിസൈനിലെ മാറ്റങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിയാൽ ജീപ്പ് ഇന്ത്യയുടെ വെബ്‌സൈറ്റിലെ ടീസറുകൾ കാണിക്കുന്നത് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിന് നേരിയ മാറ്റം വരുത്തിയ ഗ്രിൽ ഡിസൈൻ ലഭിക്കുന്നുവെന്നാണ്.

സെവൻ സ്ലാറ്റ് ഗ്രില്ലിലെ ഹണികോംബ് മെഷിന് ഇപ്പോൾ ക്രോം സ്റ്റഡുകൾ കൊടുത്താണ് കമ്പനി അലങ്കരിച്ചിരിക്കുന്നത്. ഇതോടൊപ്പം മുൻപ് പുറത്ത് വന്നിരുന്ന സ്പൈ ഷോട്ടുകളിൽ കാണുന്നത് പോലെ 18 ഇഞ്ച് വലിപ്പമുള്ള പുതിയ അലോയ് വീൽ ഡിസൈനുകളും മറ്റ് ചെറിയ മാറ്റങ്ങൾക്കൊപ്പം ജീപ്പ് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് വന്നെത്തും. മുകളിൽ പറഞ്ഞതുപോലെ മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും വലിയ മാറ്റം ലെവൽ 2 ADAS സ്യൂട്ടിൻ്റെ കൂട്ടിച്ചേർക്കലായിരിക്കും.
മറ്റ് പരിഷ്ക്കാരങ്ങളിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യയുടെ വിപുലീകരിച്ച സന്നാഹങ്ങളും എസ്‌യുവിയിലേക്ക് ഇത്തവണ വന്നെത്തും. നിലവിലെ മോഡലിൻ്റെ ബീജ് കളർ ഓപ്ഷന് പകരം ഗ്രേ ഫിനിഷുള്ള ത്രീ ലെയർ ഡാഷ്‌ബോർഡാവും പുതിയ മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിന് അഴകേകാൻ എത്തുക. കൂടാതെ ക്രോം സ്ട്രിപ്പിന് പകരം ഒരു കോപ്പർ ഫിനിഷ് സ്ട്രിപ്പ് നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴത്തെ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും 10.1 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനും അതേപടി മുമ്പോട്ട് കൊണ്ടുപോവുകയും ചെയ്യും. അതുപോലെ 9-സ്പീക്കർ ആൽപൈൻ ഓഡിയോ സിസ്റ്റം, വയർലെസ് ചാർജർ, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലോക്കിംഗ് ഡിഫറൻഷ്യൽ, ലോ റേഞ്ച് എന്നിവയുള്ള ഫോർ വീൽ ഡ്രൈവ് സിസ്റ്റം എന്നിവ ഉൾപ്പെടെയുള്ള ഫീച്ചറുകളും വാഹനത്തിൽ അതേപടി തുടരും.
മെറിഡിയൻ ഓവർലാൻഡ് എഡിഷന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന അതേ 2.0 ലിറ്റർ മൾട്ടിജെറ്റ് II ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാണ് തുടിപ്പേകാൻ എത്തുക. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും 4X2, 4X4 ഡ്രൈവും ലഭ്യമാവുകയും ചെയ്യും. ഇത്തവണയും പെട്രോൾ എഞ്ചിൻ ഓപ്ഷൻ മെറിഡിയനിലേക്ക് കുടിയേറാൻ സാധ്യതയില്ലെന്നാണ് അനുമാനം.
ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണറും എംജി ഗ്ലോസ്റ്ററും സ്കോഡ കൊഡിയാക്കും ഇടംപിടിച്ചിരിക്കുന്ന സെഗ്‌മെന്റിൽ തന്റേതായ സ്ഥാനം പിടിക്കാനായ മെറിഡിയൻ പുതിയ പരിഷ്ക്കാരങ്ങളോടെ എതിരാളികൾക്ക് കൂടുതൽ ഭീഷണിയുയർത്തുമെന്നതിൽ തർക്കമൊന്നുമില്ല. കൂടാതെ വിൽപ്പന പിടിക്കാൻ 5-സീറ്റർ ഓപ്ഷൻ സഹായകരമാവുമെന്നാണ് സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പിന്റെ പ്രതീക്ഷ.


Click it and Unblock the Notifications








