പുതിയതിനും പഴയതിനും ഓഫർ, 7 സീറ്റർ എസ്‌യുവിക്ക് 1.35 ലക്ഷത്തിന്റെ വിലക്കുറവുമായി ജീപ്പ്
സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രത്യേക കഴിവുള്ളവരാണ് അമേരിക്കൻ മുതലാളിയായ ജീപ്പ്. കോമ്പസിലൂടെ ഇന്ത്യക്കാരുടെയും മനംകവർന്ന ബ്രാൻഡ് മെറിഡിയനും റാങ്ലറും ചെറോക്കിയുമെല്ലാം അവതരിപ്പിച്ച് ഞെട്ടിക്കുകയും ചെയ്‌തിട്ടുണ്ട്. ഫോർഡ് എൻഡവർ പതിയെ കളംവിട്ടിടത്തേക്ക് മെറിഡിയനെ അവതരിപ്പിച്ച് ടൊയോട്ട ഫോർച്യൂണറിനെ വീഴിക്കാനായിരുന്നു ജീപ്പ് ശ്രമിച്ചിരുന്നത്. ഏറെക്കുറെ പ്ലാൻ ഏറ്റുവെങ്കിലും വലിയ വിജയമൊന്നും ആയിരുന്നില്ല. ഇപ്പോഴിതാ മെറിഡിയന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി. ഇത്തവണ 5-സീറ്റർ, 7-സീറ്റർ ഓപ്ഷനിൽ വാഹനം സ്വന്തമാക്കാനാവുമെന്നതാണ് പ്രധാന ഹൈലൈറ്റ്.
24.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. അങ്ങനെ എത്തരത്തിലും വിൽപ്പന പിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ. ഇതിലും വീഴാത്തവരെ ചാക്കിലാക്കാൻ അമേരിക്കൻ വാഹന നിർമാതാക്കൾ എസ്‌യുവിയിൽ വൻ ഓഫറുകളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഈ ഡിസ്കൌണ്ട് പ്രീ-അപ്‌ഡേറ്റ് ചെയ്ത മോഡലിൽ മാത്രമല്ല, മെറിഡിയൻ്റെ പുതുതായി സമാരംഭിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ഓഫറുണ്ടെന്നത് ആരേയും കൊതിപ്പിക്കും.

മെറിഡിയൻ പ്രീ-ഫെയ്‌സ്‌ലിഫ്റ്റിന്റെ വിറ്റഴിയാതെ കിടക്കുന്ന സ്റ്റോക്കുകളിൽ 1.35 ലക്ഷം രൂപ വരെ ഓഫർ ഉപയോഗപ്പെടുത്താനാവും. ഈ ആനുകൂല്യങ്ങളിൽ തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് 80,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും ലഭിക്കും. ഇതുകൂടാതെ ലോയൽറ്റി ബോണസായി 30,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസായി 25,000 രൂപയും കമ്പനി ഒരുക്കിയിട്ടുണ്ട്.
മാത്രമല്ല പുതുതായി ലോഞ്ച് ചെയ്ത 2025 മെറിഡിയന് 30,000 രൂപയാണ് മൊത്തത്തിൽ ഓഫറിട്ടിരിക്കുന്നത്. ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് ജീപ്പ് മെറിഡിയൻ നിലവിൽ വിൽപ്പനയ്‌ക്ക് എത്തുന്നത്. എല്ലാ ട്രിമ്മുകളിലും 2.0 ലിറ്റർ, നാല് സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ തന്നെയാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഫുൾ സൈസ് എസ്‌യുവിയിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ. പുതിയ പരിഷ്ക്കാരങ്ങളിൽ ഇപ്പോൾ കുറച്ച് പുതിയ ഫീച്ചറുകളും മെറിഡിയന് ലഭിക്കുന്നുണ്ടെന്ന് വേണം പറയാൻ. മുമ്പത്തെ അതേ ഡിസൈൻ നിലനിർത്തിയിട്ടുണ്ടെങ്കിലും അങ്ങിങ്ങായി ചില നവീകരണങ്ങൾ കാണാം.
ഇനി അകത്തളത്തിലേക്ക് വന്നാൽ ഇൻ്റീരിയർ ലേഔട്ട് അതേപടി നിലനിർത്തിയെങ്കിലും അപ്ഹോൾസ്റ്ററിയുടെ നിറം മാറ്റിയാണ് കമ്പനി പുതുമകൊണ്ടുവന്നിരിക്കുന്നത്. ലോ-സ്‌പെക് ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ് ട്രിമ്മുകൾ സീൽ ഗ്രേ അപ്‌ഹോൾസ്റ്ററിയോടെയാണ് വരുന്നത്.അതേസമയം മെറിഡിയന്റെ ലിമിറ്റഡ് (O) വേരിയന്റുകൾ പുതിയ വിക്കർ ബീജ് കളർ ഓപ്ഷനൊപ്പം ലഭിക്കും. എസ്‌യുവിയുടെ ലോഞ്ചിറ്റ്യൂഡ് ട്രിം മാത്രമേ അഞ്ച് സീറ്റ് ഫോർമാറ്റിൽ ലഭിക്കൂവെന്നാണ് ജീപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

മറ്റെല്ലാ വേരിയന്റുകളും മൂന്ന്-വരി കോൺഫിഗറേഷനിൽ 7-സീറ്റർ ഓപ്ഷനിൽ ലഭ്യമാവും. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസിന്റെ ഫീച്ചർ അപ്ഗ്രേഡാണ് എടുത്തു പറയേണ്ട കാര്യം. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സ്മാർട്ട് ബീം അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, കൂട്ടിയിടി ലഘൂകരണ ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ജീപ്പ് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിലെ ADAS സ്യൂട്ടിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.
മറ്റ് സുരക്ഷാ ഫീച്ചറുകളിലേക്ക് നോക്കിയാൽ ADAS ടെക്കിന് പുറമെ മെറിഡിയന് സ്റ്റാൻഡേർഡായി എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകളും 6 എയർബാഗുകളും എസ്‌യുവിയിൽ കിട്ടും. ലെതർ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, പിൻ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന ഫീച്ചറുകളായി എടുത്തു പറയാനാവുന്നത്. 9 സ്പീക്കർ ആൽപൈൻ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, കണക്റ്റഡ് ഫീച്ചറുകളുടെ യുകണക്റ്റ് സ്യൂട്ട് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








