ലക്ഷങ്ങൾ മുടക്കാതെ വെറും 22,000 രൂപക്ക് എസ്‌യുവി മുതലാളിയാവാം, മാരുതിയുടെ ഐഡിയ പിടിച്ച് കിയ
സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് ഏതൊരു മനുഷ്യന്റെയും ചിരകാല സ്വപ്നങ്ങളിൽ ഒന്നായിരിക്കും അല്ലേ. സ്വന്തമായൊരു വീട് അതിനു ശേഷം പലരും ചിന്തിക്കുന്നത് വാഹനങ്ങളെക്കുറിച്ചായിരിക്കും. പണ്ട് ആഡംബര വസ്‌തുവായി പലരും കണ്ടിരുന്ന കാറുകൾ ഇന്ന് നിത്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. യാത്രകൾ കൂടിയതും ആവശ്യങ്ങൾ മാറിയതുമെല്ലാം വണ്ടികളുടെ രാശി തെളിയിച്ച കാര്യമാണ്.
ഇന്ന് സ്വന്തമായി കാറില്ലാത്ത വീടുകൾ കുറവാണെങ്കിലും പല പ്രാരാബ്ദങ്ങളും കാരണം വണ്ടിയെന്ന സ്വപ്‌നം മാറ്റിവെച്ച ഒരുപാട് ആളുകളും നമുക്ക് ചുറ്റിനുമുണ്ടാവും. സീറോ ഡൗൺ പേയ്മെന്റ് സൗകര്യങ്ങളോടെ വാഹനങ്ങൾ സുലഭമായി കിട്ടുന്ന കാലംകൂടിയാണിത്. എങ്ങനെയെങ്കിലും ഇഎംഐ അടക്കാമെന്ന് കരുതി വാങ്ങിയാൽ പലിശ കൂടി വലിയ കടബാധ്യതയാവുമെന്നത് ഇതിനെല്ലാം പിന്നിലെ ചില ചതിക്കുഴികൾ മാത്രമാണ്.


എന്നാൽ ഇത്തരക്കാരെ സഹായിക്കാനായി പല വാഹന നിർമാതാക്കളും വണ്ടി വാടകയ്ക്ക് കൊടുക്കുന്ന പരിപാടിയുണ്ട് കേട്ടോ. റെന്റൽ എന്നല്ല ലീസിംഗ് എന്നു വേണമെങ്കിൽ ഈ സംവിധാനത്തെ വിളിക്കാം. പ്രതിമാസം ഒരു നിശ്ചിത തുക മാത്രമടച്ച് വണ്ടി സ്വന്തം പോലെ ഉപയോഗിക്കാനാവുന്ന രീതിയാണിത്. മെയിന്റനൻസ്, ഇൻഷുറൻസ് പോലുള്ള അധിക ചെലവുകളെല്ലാം കമ്പനി വഹിക്കുകയും ചെയ്യും.
മാരുതി സുസുക്കി പോലുള്ള വമ്പൻ കമ്പനികൾ ഇത്തരം പദ്ധതികളിലൂടെ കാശ് വാരുന്നവരാണ്. ഇപ്പോഴിതാ ഈ രംഗത്തേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയും കടന്നുവന്നിരിക്കുകയാണ്. പുതിയ ലീസിംഗ് പ്രോഗ്രാം അവതരിപ്പിക്കാൻ ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡുമായി സഹകരിച്ചാണ് 'കിയ ലീസ്' എന്ന സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

വിവിധ ഓപ്ഷനുകളോടെ 24 മുതൽ 60 മാസം വരെ ഫ്ലെക്സിബിൾ ലീസിംഗ് നിബന്ധനകൾ വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്നതിനാണ് 'കിയ ലീസ്' പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുടക്കത്തിൽ ഡൽഹി എൻസിആർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങളിൽ മാത്രമായിരിക്കും കമ്പനി ലീസിംഗ് വാഗ്‌ദാനം ചെയ്യുക. തുടർന്ന് ലഭിക്കുന്ന പ്രതികരണത്തെ തുടർന്ന് കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളിലും സേവനം എത്തിയേക്കും.
കിയ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്നതും സൗകര്യപ്രദവുമാക്കാനായാണ് കിയ ലീസ് സർവീസ് തുടങ്ങിയിരിക്കുന്നത്. പുതിയ ലീസിംഗ് പ്രോഗ്രാമിന് കീഴിൽ ഡൗൺ പേയ്‌മെന്റിന്റെ ആവശ്യമില്ലാതെ തന്നെ കിയ കാറുകൾ ഉപഭോക്താക്കൾക്ക് പോർച്ചിലെത്തിക്കാനാവും. ലീസിംഗിന് കീഴിൽ എല്ലാ മെയിൻ്റനൻസ് ചെലവുകളും ഇൻഷുറൻസ് പുതുക്കലുകളും റീസെയിൽ ആശങ്കകളുമെല്ലാം കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും.

റെന്റൽ കാലയളവ് അവസാനിക്കുമ്പോൾ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി വാഹനം തിരികെ നൽകാനും പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സൗകര്യമുണ്ടെന്നും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. കിയ ലീസിന് കീഴിൽ സോനെറ്റ്, സെൽറ്റോസ്, കാരെൻസ് തുടങ്ങിയ വാഹനങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഇതിൽ സോനെറ്റ് സ്വന്തമാക്കാനായി മുടക്കേണ്ട ഏറ്റവും കുറഞ്ഞ പ്രതിമാസ വാടക 21,900 രൂപയാണ്. ഇനി സെൽറ്റോസാണ് വേണ്ടതെങ്കിൽ 28,900 രൂപയും കാരെൻസിനായി 28,800 രൂപയും മുടക്കിയാലും മതിയാവും. ലീസിംഗ് പരിപാടി ഒരു ആഗോള മെഗാ ട്രെൻഡായി മാറിയിട്ടുണ്ടെന്നും ഇപ്പോൾ ഇന്ത്യയിലും അത് ശക്തി പ്രാപിക്കുന്ന വേളയിലാണ് തങ്ങളും ഇതിലേക്ക് ചുവടുവെക്കുന്നതെന്നും കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ മിസ്റ്റർ മ്യുങ്-സിക് സോൺ പറഞ്ഞു.

ലീസിംഗ് വിപണിയിലേക്കുള്ള കിയയുടെ കടന്നുവരവ് അവരുടെ ബ്രാൻഡ് ഇമേജ് വർധിപ്പിക്കുകയും അധിക വിൽപ്പന അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് അനുമാനം. 'കിയ ലീസ്' പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് തടസമില്ലാത്ത അനുഭവം ഉറപ്പാക്കുന്നതിന് സമർപ്പിത ലീസിംഗ് സ്റ്റാഫും കസ്റ്റമർ കെയറും വരെ കൊറിയൻ ബ്രാൻഡ് കൊണ്ടുവന്നിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.


Click it and Unblock the Notifications








