ഇനി ആർക്കായാലും ഒന്ന് 'കാക്കിയിടാൻ' തോന്നും, പൊലീസ് കാറായി ഇനി കാരെൻസും
ഇന്ത്യയിലെ ജനപ്രിയമായ ഫാമിലി കാറുകളിൽ ഒന്നായി അതിവേഗം പേരെടുത്ത വാഹനമാണ് കിയ കാരെൻസ്. മാരുതി എർട്ടിഗയുടെ അതേ സെഗ്മെന്റിൽ എത്തി പ്രത്യേക ഫാൻബേസുണ്ടാക്കിയ മുതലാണ് ഈ എംപിവി. എസ്‌യുവി സ്റ്റൈലിംഗോടെ കിടിലൻ എഞ്ചിൻ ഓപ്ഷനുകളും ഫീച്ചറുകളുമെല്ലാം കോർത്തിണക്കിയാണ് കാരെൻസ് അതിവേഗം പ്രശസ്‌തിയാർജിച്ചത്.
എർട്ടിഗയേക്കാൾ എന്തെങ്കിലും അധികമായി വേണമെന്നും എന്നാൽ ഇന്നോവയ്ക്ക് താഴെ ബജറ്റ് നിൽക്കണമെന്നും ആഗ്രഹിക്കുന്നവർക്കെല്ലാം പറ്റിയ വണ്ടികൂടിയാണിത്. എന്നാൽ ഇപ്പോഴിതാ പൊലീസിന്റെ കൂടി ഔദ്യോഗിക വാഹനമായി ഭാവം മാറ്റിപ്പിടിക്കുകയാണ് കിയ കാരെൻസ്. പക്ഷേ നമ്മുടെ കേരളാ പൊലീസിലേക്കല്ലെന്നു മാത്രം. നമുക്ക് ബൊലേറോയും ഇന്നോവയും പോലുള്ള പഴഞ്ചൻ വണ്ടികൾ തന്നെയാണ് ഇപ്പോഴും സേനയിലുള്ളത്.

എന്താണെങ്കിലും ഹൈടെക് ആവുന്നത് മറ്റൊരു സംസ്ഥാനത്തിലെ കാവൽതുറൈയാണ്. പ്രത്യേകമായി കസ്റ്റമൈസ് ചെയ്ത 71 കാരെൻസ് എംപിവികൾ പഞ്ചാബ് പൊലീസിനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കൈമാറിയിരിക്കുന്നത്. ഡൽഹിയിൽ അടുത്തിടെ സമാപിച്ച 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്ന പർപ്പസ്-ബിൽറ്റ് വെഹിക്കിൾ (PBV) ആയി കാരെൻസിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു.
കൂടാതെ പൗരന്മാർക്ക് ഉടനടി സഹായം നൽകുന്നതിനുള്ള ഒരു എമർജൻസി റെസ്‌പോൺസ് വെഹിക്കിൾ (ERV) ആയും എംപിവിക്ക് പ്രവർത്തിക്കാനാവുമെന്നാണ് കിയ അവകാശപ്പെടുന്നത്. ഇങ്ങനെ ഏതുതരത്തിലും ഉപയോഗിക്കാനാവുന്ന മോഡൽ ശരിക്കും പൊലീസ് സേനയ്ക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്. പഞ്ചാബ് പൊലീസിനായി പ്രത്യേകം കസ്റ്റമൈസ് ചെയ്ത കാരെൻസ്, PBV സെഗ്‌മെൻ്റിലേക്കുള്ള കിയയുടെ പ്രവേശനത്തെയും അടയാളപ്പെടുത്തുകയാണ്.

ഇതിലൂടെ രാജ്യത്തെ പ്രത്യേക സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന മൊബിലിറ്റി ആവശ്യകതകൾ തമ്മിലുള്ള അന്തരം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും വാഹന നിർമാതാക്കൾ പറയുന്നു. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് പഞ്ചാബ് പൊലീസിനായുള്ള കസ്റ്റമൈസ്ഡ് കിയ കാരെൻസ് ഒരുങ്ങിയിരിക്കുന്നത്. ആയതിനാൽ മൈലേജും പെർഫോമൻസും ഒരുപോലെ ഇതിനുണ്ടാവും.
പ്രത്യേക ഉദ്ദേശ്യത്തോടെ പണിതെടുത്ത വാഹനത്തിന് കസ്റ്റമൈസ് ചെയ്‌ത ഉയർന്ന തീവ്രതയുള്ള സ്ട്രോബ് ലൈറ്റുകളും പബ്ലിക് അനൌൺസ്മെന്റ് സംവിധാനങ്ങളും കിയ മോട്ടോർസ് ഒരുക്കിയിട്ടുണ്ട്. അധികമായി ഘടിപ്പിച്ച ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഉയർന്ന ശേഷിയുള്ള 60 Ah ബാറ്ററിയും മോഡൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. കൂടാതെ എക്സ്റ്റീരിയറിൽ 'ഡയൽ 112 - എമർജൻസി റെസ്‌പോൺസ് വെഹിക്കിൾ' ഡീക്കലുകളും കാണാനാവും.

കാരെൻസിൻ്റെ കണക്റ്റഡ് ഫീച്ചറുകൾ, വലിയ വീൽബേസ്, മികച്ച മൂന്നാം നിര സൗകര്യം എന്നിവ പഞ്ചാബ് പൊലീസിന്റെ ഗരാജിലെ പ്രിയങ്കരനാക്കി മാറ്റുന്ന കാര്യങ്ങളാണെന്ന് കിയ പറയുന്നു. ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവം, പ്രത്യേകിച്ച് ദീർഘദൂര യാത്രകൾക്ക്, മികച്ചതും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത, സാങ്കേതികമായി മെച്ചപ്പെടുത്തിയ കാരെൻസ് ഇതിനോടകം ഇന്ത്യക്കാരുടെ ജനപ്രിയ എംപിവികളിൽ ഒന്നായി മാറിയിട്ടുണ്ടെന്നും ബ്രാൻഡ് അഭിപ്രായപ്പെട്ടു.
കിയ കാരെൻസിന്റെ സീറ്റിംഗ് സംവിധാനത്തിൽ രണ്ടാം നിരയിൽ 60:40 സ്പ്ലിറ്റും മൂന്നാം നിരയിൽ 55:50 സ്പ്ലിറ്റുമാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വരികൾക്കും അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകളും 12-വോൾട്ട് പവർ സോക്കറ്റും 5 ടൈപ്പ്-സി യുഎസ്ബി ചാർജിംഗ് പോർട്ടുകളും ലഭിക്കും. അതോടൊപ്പം തന്നെ വാഹനത്തിന്റെ നാല് വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകളും എബിഎസ്, ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷൻ, TPMS എന്നിവയും അതിലേറെയും പോലുള്ള സുരക്ഷാ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

2023 ഓട്ടോ എക്‌സ്‌പോയിൽ പൊലീസ് വാഹനമായും ആംബുലൻസായും നിർമിച്ച കിയ കാരെൻസ് ആദ്യമായി പ്രദർശിപ്പിച്ചത്. 2030-ഓടെ ആഗോള പർപ്പസ്-ബിൽറ്റ് വെഹിക്കിൾ (PBV) സെഗ്‌മെൻ്റിൽ നേതാവാകാനുള്ള കിയയുടെ കാഴ്ച്ചപ്പാടാണ് ഈ ഡെലിവറി സൂചന നൽകുന്നതെന്നും ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ പറയുന്നു. കാരെൻസിന് പുറമെ ഈ വർഷം ആദ്യം ടൊയോട്ടയുടെ ഹൈലക്‌സും പഞ്ചാബ് പൊലീസ് സേനയിൽ ഇടംപിടിച്ചിരുന്നു.


Click it and Unblock the Notifications








