കിയയുടെ 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവി 'കൈവിട്ട് ഓടിക്കാം'; വരുന്നത് ഇന്ത്യ ഇതുവരെ കാണാത്ത ഫീച്ചറുകളുമായി
പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത വാഹന നിർമാതാക്കളായി പേരെടുത്ത് കഴിഞ്ഞിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സെൽറ്റോസ്, സോനെറ്റ്, കാരെൻസ് അങ്ങനെ വന്ന മോഡലുകളെല്ലാം ജനപ്രിയരായപ്പോൾ ആഡംബര കാറുകളോട് വരെ കിടപിടിക്കുന്ന രീതിയിൽ കമ്പനി കാർണിവലും EV6 ഇവിയും പുറത്തിറക്കി ഞെട്ടിച്ചിരുന്നു. ഇലക്‌ട്രിക് വാഹനങ്ങളുടെ പിന്നാലെ എല്ലാ നിർമാതാക്കളും പായുമ്പോൾ കുറച്ച് വില കൂടിയ വിഭാഗത്തിനെ ഉന്നംവെച്ച് കിയ അവതരിപ്പിച്ച മോഡലായിരുന്നു ക്രോസ്ഓവർ സ്റ്റൈലുള്ള EV6. ഇത് ഹിറ്റായതോടെ രണ്ടാമത്തെ വൈദ്യുത വാഹനത്തെ ആഭ്യന്തര വിപണിയിൽ കൊണ്ടുവരാൻ ഒരുങ്ങിയിരിക്കുകയാണ് ബ്രാൻഡ്.
അതിനായി കണ്ടുവെച്ചിരിക്കുന്നതാവട്ടെ വലിയൊരു 7-സീറ്റർ ഇലക്‌ട്രിക് ഫാമിലി എസ്‌യുവിയെയാണ്. EV9 ഇവി ഉത്സവ സീസണോടെ പുറത്തിറക്കുമെന്നാണ് കിയ സ്ഥിരീകരിച്ചിരിക്കുന്നത്. അധികമായി കണ്ടുവരാത്ത മൂന്നുവരി ഇലക്‌ട്രിക് സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിരയിലേക്ക് ഈയൊരു മോഡലിനെ കൊണ്ടുവരുമ്പോൾ കമ്പനിക്ക് വലിയ പ്രതീക്ഷകളുമാണുള്ളത്. രാജ്യം കാത്തിരിക്കുന്ന ഏറ്റവും പുതിയ 7-സീറ്റർ വൈദ്യുത കാർ 2024 ഒക്‌ടോബർ മൂന്നിന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും.

പക്ഷേ വാഹനത്തിന്റെ ഏത് വേരിയന്റാവും ഇന്ത്യയിൽ എത്തുക എന്നതായിരുന്നു ഏവർക്കും അറിയേണ്ടിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിനും ഏകദേശ ധാരണയായിരിക്കുകയാണ്. ഓൾ-വീൽ ഡ്രൈവ് EV9 ജിടി ലൈനായിരിക്കും കമ്പനി പുറത്തിറക്കുകയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ജനുവരിയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മോഡലിന് അന്നേ ഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്.
പിന്നീട് ചില ആഗോള വിപണികളിലും എത്തിയപ്പോൾ ഇന്ത്യക്കാർ മോഹത്തോടെ കാത്തിരിക്കുകയായിരുന്നു EV9 ഇവിയുടെ ഇന്ത്യയിലേക്കുള്ള വരവിനായി. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാവും വലിയ ഇലക്‌ട്രിക് എസ്‌യുവി നമ്മുടെ രാജ്യത്തേക്ക് എത്തുക. അതിനാൽ തന്നെ വിലയും 70 ലക്ഷം കടന്നേക്കുമെന്നാണ് വിവരം. സാധാരണക്കാർക്കൊന്നും താങ്ങാനാവാത്ത വിലയിലായിരിക്കും ഈ പടുകൂറ്റൻ ഫാമിലി കാർ വരികയെങ്കിലും നമ്മുടെ നിരത്തുകളിലെ കുളിർക്കാഴ്ച്ചയായിരിക്കും കിയ EV9 എന്നതിൽ തർക്കമുണ്ടാവില്ല.

ഹ്യുണ്ടായി, കിയ എന്നീ സഹോദര സ്ഥാപനങ്ങൾ അവരുടെ വൈദ്യുത വാഹനങ്ങൾക്കായി ഒന്നിച്ച് വികസിപ്പിച്ച E-GMP പ്ലാറ്റ്‌ഫോമിലാണ് EV9 ഇവിയുടെ പണികഴിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാൻ 7-സീറ്റർ ഇലക്ട്രിക് എസ്‌യുവിക്ക് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ 350W DC ചാർജർ ഉപയോഗിച്ച് 24 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ കാറിന്റെ ബാറ്ററിയും ചാർജ് ചെയ്യാം.
EV9 ഇവിയുടെ AWD പതിപ്പിന് 379 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കുന്ന 99.8 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇലക്‌ട്രിക് എസ്‌യുവിക്ക് വെറും 5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാനാവും. പാർക്കിംഗ് കൊളിഷൻ അവോയ്‌ഡൻസ്, ലെയ്ൻ ഡ്രൈവിംഗ് എയ്‌ഡുകൾ, ഹൈവേ ഡ്രൈവിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗോടുകൂടിയ 360-ഡിഗ്രി സറൗണ്ട് വ്യൂ തുടങ്ങിയ സവിശേഷതകളുള്ള ലെവൽ-3 ADAS സ്യൂട്ടും വാഹനത്തിന് ലഭിക്കും.

ഇതിലെ ഹൈവേ ഡ്രൈവിംഗ് പൈലറ്റ് ഫീച്ചറിലൂടെ ഹൈവേകളിൽ ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗും സാധ്യമാവും. 5,015 mm നീളവും 1,980 mm വീതിയും 1,780 mm ഉയരവും 3,100 mm വീൽബേസുമുള്ള കിയ EV9 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലെ മിക്ക കാറുകളേക്കാളും വലിപ്പമേറിയതാവും. നല്ല നീളമേറിയ ഇവിയായതിനാൽ തന്നെ ഏതൊരു വലിയ കുടുംബത്തിനും ഇതിൽ അനായാസം ദീർഘദൂര യാത്രകൾ ചെയ്യാനായേക്കുമെന്നതും ആകർഷകമാണ്.
ഡിസൈനിലേക്ക് നോക്കിയാൽ ഇതുവരെ ഒരു കിയ കാറുകളിലും ഇന്ത്യക്കാർ കാണാത്ത അഴകായിരിക്കും EV9 ഇവിക്കുണ്ടാവുക. ചെറിയ ക്യൂബ് ലാമ്പുകളുടെ ഇരട്ട ക്ലസ്റ്ററുകൾ, ഡിജിറ്റൽ പാറ്റേൺ ലൈറ്റിംഗ് ഗ്രിൽ, വെർട്ടിക്കൽ ഹെഡ്‌ലാമ്പുകൾ, അതുല്യമായ 'സ്റ്റാർ മാപ്പ്' എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയെല്ലാം ചേരുന്ന 'ഡിജിറ്റൽ ടൈഗർ ഫേസ്' എന്ന സിഗ്നേച്ചർ സ്റ്റൈലിംഗാണ് ഇലക്ട്രിക് എസ്‌യുവി സ്വീകരിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








