7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിയുമായി കിയ ഇന്ത്യയിലേക്ക്, അവതരണത്തിന് മൂഹൂർത്തം കുറിച്ച് കമ്പനി
വ്യത്യസ്‌തമായ എസ്‌യുവികളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ വാഹന നിർമാതാക്കളാണ് ദക്ഷിണ കൊറിയക്കാരായ കിയ. സെൽറ്റോസ്, സോനെറ്റ്, കാരെൻസ്, കാർണിവൽ തുടങ്ങിയ മോഡലുകളുടെ സ്വീകാര്യത സമാനതകളില്ലാത്തതാണെന്ന് വേണം പറയാൻ. ഇതുകൂടാതെ ഇലക്‌ട്രിക് കാർ രംഗത്തും പയറ്റാനിറങ്ങി കരുത്തുകാട്ടാനും കിയക്ക് സാധിച്ചിട്ടുണ്ട്. അൽപം പ്രീമിയം ഇവിയാണെങ്കിലും EV6 വാങ്ങാനും ഇവിടെ ആളുകളുണ്ടെന്ന് കമ്പനി മനസിലാക്കി. രാജ്യത്തെ തങ്ങളുടെ രണ്ടാമത്തെ വൈദ്യുത വാഹനത്തെ പുറത്തിറക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുകയാണ് ബ്രാൻഡിപ്പോൾ. അതും ഒരു 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവി കൂടിയാവുമ്പോൾ സംഗതി ഉഷാറാവുമെന്ന് പറയേണ്ടതില്ലല്ലോ.
EV9 ഇലക്ട്രിക് എസ്‌യുവിയാണ് കമ്പനിയുടേതായി ഇന്ത്യയിലേക്ക് ഉടൻ വരാനിരിക്കുന്നത്. അവതരണത്തിന് മൂഹൂർത്തം കുറിച്ച കിയ തീയതിയും പുറത്തുവിട്ടിരിക്കുകയാണ്. രാജ്യം കാത്തിരിക്കുന്ന ഏറ്റവും പുതിയ 7-സീറ്റർ വൈദ്യുത കാർ 2024 ഒക്‌ടോബർ മൂന്നിന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. ഉത്സവ സീസണിൽ പിറവിയെടുക്കുന്ന മോഡലിന് വിപണിയിൽ തരംഗമാവാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഹ്യുണ്ടായിയുടെ സമർപ്പിത ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് (E-GMP) ഈ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച CBU ഉൽപ്പന്നമായിട്ടായിരിക്കും ഇന്ത്യയിലേക്ക് കിയ EV6 ഇവി അവതരിപ്പിക്കുക. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായതിനാൽ തന്നെ വിലയുടെ കാര്യത്തിൽ ആള് ആഡംബര കാറുകൾക്ക് തുല്യമായിരിക്കുമെന്ന് വേണം കരുതാൻ.
അതായത് ഏകദേശം 80 ലക്ഷം രൂപ വിലയിട്ടാലും ആശ്ചര്യപ്പെടേണ്ടതില്ലെന്ന് സാരം. 5,015 mm നീളവും 1,980 mm വീതിയും 1,780 mm ഉയരവും 3,100 mm വീൽബേസുമുള്ള കിയ EV9 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലെ മിക്ക കാറുകളേക്കാളും വലിപ്പമേറിയതാവും. നല്ല നീളമേറിയ ഇവിയായതിനാൽ തന്നെ ഏതൊരു വലിയ കുടുംബത്തിനും ഇതിൽ അനായാസം ദീർഘദൂര യാത്രകൾ ചെയ്യാനായേക്കുമെന്നതും ആകർഷകമാണ്.

ഡിസൈനിന്റെ കാര്യം പറഞ്ഞാൽ ഒന്ന് നോക്കിയാൽ പിന്നെ കണ്ണെടുക്കാതെ നോക്കിനിന്നു പോവുന്ന അഴകാണ് ഈ ഇലക്ട്രിക് എസ്‌യുവിക്കുള്ളത്. ചെറിയ ക്യൂബ് ലാമ്പുകളുടെ ഇരട്ട ക്ലസ്റ്ററുകൾ, ഡിജിറ്റൽ പാറ്റേൺ ലൈറ്റിംഗ് ഗ്രിൽ, വെർട്ടിക്കൽ ഹെഡ്‌ലാമ്പുകൾ, അതുല്യമായ 'സ്റ്റാർ മാപ്പ്' എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയുള്ള 'ഡിജിറ്റൽ ടൈഗർ ഫേസ്' എന്ന സിഗ്നേച്ചർ സ്റ്റൈലിംഗാണ് EV9 ഇവിയുടെ എക്സ്റ്റീരിയറിൽ കാണാനാവുന്നത്.
പോളിഗോണൽ വീൽ ആർച്ചുകൾ, സ്‌പോർട്ടി 21 ഇഞ്ച് അലോയ് വീലുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, ഫങ്ഷണൽ റൂഫ് റെയിലുകൾ, ഇൻ്റഗ്രേറ്റഡ് ടേൺ സിഗ്നലുകളുള്ള ഡോർ മൗണ്ടഡ് ഒആർവിഎം എന്നിവയും കിയ EV9 ഇലക്ട്രിക് എസ്‌യുവിയുടെ ലുക്ക് കിടുവാക്കാനായി എത്തും. ഇന്റീരിയറിന്റെ കാര്യത്തിലേക്ക് വന്നാൽ ലോകോത്തര നിലവാരത്തിലുള്ള അകത്തളമാണ് ഇവിയിലുണ്ടാവുകയെന്ന് രൂപം കണ്ടാൽ തന്നെ മനസിലാക്കാം.

നാവിഗേഷനോട് കൂടിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ സ്‌ക്രീൻ, 5.3 ഇഞ്ച് ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ സ്ക്രീൻ, ഡിജിറ്റൽ കീ, ഫിംഗർപ്രിൻ്റ് തിരിച്ചറിയൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, യുഎസ്ബി-സി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജർ, OTA അപ്‌ഡേറ്റുകൾ, ഹീറ്റഡ് ആൻഡ് വെൻ്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ പോലുള്ള കിടിലൻ ഫീച്ചറുകളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.
ഇതോടൊപ്പം ഓട്ടോമാറ്റിക് ഡിഫോഗ് സിസ്റ്റം, ഫുൾ ഡിസ്പ്ലേയുള്ള ഇലക്ട്രോണിക് റിയർ വ്യൂ മിറർ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, റീജനറേറ്റീവ് ബ്രേക്കിംഗ് പാഡിൽ ഷിഫ്റ്ററുകൾ, സ്മാർട്ട് പവർ ടെയിൽഗേറ്റ് എന്നിവ കൂടിയാവുമ്പോൾ മുടക്കുന്ന കാശിനുള്ള മുതലാണ് കിയയുടെ ഇലക്ട്രിക് എസ്‌യുവിയെന്ന് മനസിലാക്കാം. 99.8 kWh ബാറ്ററി പായ്ക്കുമായി വരുന്ന 7-സീറ്റർ ഇലക്ട്രിക് എസ്‌യുവിക്ക് സിംഗിൾ ചാർജിൽ 541 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.
കിയ EV9 ഫിക്സഡ്, പോർട്ടബിൾ ചാർജിംഗ് ഓപ്ഷനുമായാണ് വരുന്നത്. എസ്‌യുവിയിൽ അൾട്രാ ഫാസ്റ്റ് 800V ചാർജിംഗ് സജ്ജീകരിച്ചിരിക്കുന്നതിനാൽ വാഹനത്തിന് വെറും 15 മിനിറ്റിനുള്ളിൽ 239 കിലോമീറ്റർ റേഞ്ച് ചേർക്കാനാകും. ഹൈവേ ഡ്രൈവിംഗ് പൈലറ്റ് ഫീച്ചറിലൂടെ ഹൈവേകളിൽ ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് അനുവദിക്കുന്ന ലെവൽ 3 ADAS ടെക്കും ഇവിയിലുണ്ട്. എന്നാൽ ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നത് കാത്തിരുന്ന് വേണം അറിയാൻ.


Click it and Unblock the Notifications








