പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
ഇന്ത്യയിൽ എത്തിയിട്ട് അഞ്ചാം കൊല്ലത്തിലേക്ക് കടക്കുന്നേയുള്ളൂവെങ്കിലും രാജ്യത്തെ മുൻനിര ബ്രാൻഡുകളിൽ ഒന്നായി അതിവേഗം വളരാൻ സാധിച്ച കമ്പനിയാണ് കിയ. 2019-ൽ സെൽറ്റോസുമായി രാജ്യത്ത് അരങ്ങേറ്റം കുറിച്ചപ്പോൾ സ്വപ്‌നം കണ്ടതിലും വലിയ വിജയമാണ് കമ്പനിക്ക് നേടാനായത്. എസ്‌യുവി വിഭാഗത്തിൽ അതുവരെ കണ്ടിട്ടില്ലാത്ത സ്റ്റൈലും പെർഫോമൻസുമെല്ലാം കോർത്തിണക്കി കിയ വിജയഗാഥ രചിച്ചു.
കഴിഞ്ഞ വർഷം സെൽറ്റോസിന് അതിൻ്റെ ആദ്യത്തെ ഫെയ്‌സ്‌ലിഫ്റ്റും കിയ സമ്മാനിക്കുകയുണ്ടായി. ദേ ഇപ്പോൾ വിൽപ്പന ഇരട്ടിയാക്കാനായി ബോളിവുഡ് നടൻ ബോബി ഡിയോളുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. കിയയുടെ കണക്റ്റഡ് കാർ സാങ്കേതികവിദ്യയായ കിയ കണക്റ്റിനായാണ് ബോബിയെ കമ്പനി എത്തിച്ചിരിക്കുന്നത്.

അനിമലിലെ വില്ലൻ വേൽവും, ആശ്രമം ടിവി ഷോകളിലെ വേഷവും എല്ലാമായി മിന്നിത്തിളങ്ങി നിൽക്കുന്ന ബോബി കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷക മനസുകളിൽ വലിയ ഓളമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഇത് വിനിയോഗിക്കുകയാണ് കിയയുടെ ശ്രമം. എന്തായാലും നിലവിൽ സോനെറ്റിനും സെൽറ്റോസിനും കാരെൻസിനും ലഭിക്കുന്ന സ്വീകാര്യത മെച്ചപ്പെടുമെന്ന് ഉറപ്പാണ്.
സെൽറ്റോസിൻ്റെ ലൈനപ്പിലേക്ക് കിയ അടുത്തിടെ രണ്ട് പുതിയ വേരിയന്റുകൾ കൂടി ചേർത്തിരുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള മോഡലുകൾ വിലയുടെ കാര്യത്തിൽ കൂടുതൽ താങ്ങാനാവുന്നതാക്കാൻ സഹായിച്ചതാണ് പ്രധാന നേട്ടം. HTK+ പെട്രോൾ സിവിടി, HTK+ ഡീസൽ ഓട്ടോമാറ്റിക് എന്നിവയാണ് മിഡ്-സൈസ് എസ്‌യുവി നിരയിലേക്ക് പുതുതായി എത്തിയ വേരിയന്റുകൾ. ഇവയ്ക്ക് യഥാക്രമം 15.40 ലക്ഷം രൂപയും 16.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

HTE, HTK, HTK+, HTX, HTX+, GTX പ്ലസ് (S), GTX+, X-ലൈൻ (S), X-ലൈൻ എന്നിങ്ങനെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലുടനീളം ഒമ്പത് ട്രിം ലെവലുകളിൽ കിയ സെൽറ്റോസ് ലഭിക്കും.ഏപ്രിൽ മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതിനാൽ സെൽറ്റോസ് നിരയിൽ പുതുക്കിയ വില വർധനവും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. പുതിയ മാറ്റങ്ങളോടെ എസ്‌യുവിയുടെ പ്രാരംഭ വില 10.90 ലക്ഷം രൂപയായി മാറി.
ഈ മാസം മുതൽ സെൽറ്റോസ് ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾ വേരിയന്റിനെ ആശ്രയിച്ച് പരമാവധി 67,000 രൂപയോളമാണ് അധികമായി മുടക്കേണ്ടി വരുമെന്നാണ് വില പരിഷ്ക്കാരം അർഥമാക്കുന്നത്. ഇതോടെ എസ്‌യുവിയുടെ എക്സ്ഷോറൂം വില 10.90 ലക്ഷം രൂപ മുതൽ 20.35 ലക്ഷം രൂപ വരെയായി ഉയർന്നിട്ടുണ്ട്. എന്തായാലും കഴിഞ്ഞ വർഷം കൊണ്ടുവന്ന ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങൾ വില വർധനയെ കാര്യമാക്കില്ല.

അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റത്തിൻ്റെ (ADAS) ആമുഖമാണ് സെൽറ്റോസിലെ ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളിൽ ഒന്ന്. മിഡ്-സൈസ് എസ്‌യുവി ഇപ്പോൾ ഫ്രണ്ട് കൊളിഷൻ വാർണിംഗ്, ഡ്രൈവർ അറ്റൻഷൻ വാണിംഗ്, സ്‌മാർട്ട് ക്രൂയിസ് കൺട്രോൾ വിത്ത് സ്റ്റോപ്പ് ആൻഡ് ഗോ, ബ്ലൈൻഡ്-സ്‌പോട്ട് കൂട്ടിയിടി വാർണിംഗ്, റിയർ ക്രോസ്-ട്രാഫിക് കൊളിഷൻ വാർണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, സേഫ് എക്‌സിറ്റ് വാണിംഗ് എന്നിവ ഉൾപ്പെടെ 17 ADAS ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുഖംമിനുക്കലിനൊപ്പം 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് പകരം പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് കിയ സെൽറ്റോസിനെ പരിഷ്ക്കരിച്ചിരുന്നു. ഈ പുത്തൻ എഞ്ചിൻ 158 bhp കരുത്തിൽ പരമാവധി 253 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ ഓപ്ഷനും സെൽറ്റോസിലുണ്ട്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 115 bhp പവറിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇനി 1.5 ലിറ്റർ ടർബോ ഡീസലാണ് നോക്കുന്നതെങ്കിൽ ഇതിന് 116 bhp കരുത്തിൽ 250 Nm torque ആണ് വികസിപ്പിക്കാനാവുക. ഗിയർബോക്‌സ് കോമ്പോയിലേക്ക് നോക്കിയാൽ മാനുവൽ, ഓട്ടോമാറ്റിക്, ഡിസിടി, ഐഎംടി പോലുള്ള വൈവിധ്യമാർന്ന ഓപ്ഷനുകളുമുണ്ട്.


Click it and Unblock the Notifications








