വണ്ടി കച്ചോടം വലിയ ചെലവാണ്, ഒടുവിൽ കടുത്ത തീരുമാനമെടുത്ത് കിയ! ഏപ്രിൽ മുതൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപനം
ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായി അതിവേഗം വളർന്നുവന്നവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. 2019-ൽ സെൽറ്റോസുമായി കടന്നുവരുമ്പോൾ കമ്പനി പോലും വിചാരിച്ചിട്ടില്ലാത്ത വരവേൽപ്പാണ് എസ്‌യുവിക്ക് കിട്ടിയതെന്നു വേണം പറയാൻ. പിന്നീട് സോനെറ്റും കാരെൻസും കൂടി നിരയിൽ ചേർന്നതോടെ ചുരുങ്ങിയ കാലത്തിനുള്ളിൽ രാജ്യത്തെ പ്രമുഖ കാർ ബ്രാൻഡായി കിയ മാറുകയും ചെയ്‌തു.
പുതുവർഷം പിറക്കുമ്പോൾ എല്ലാ വാഹന നിർമാതാക്കളും നടപ്പിലാക്കുന്നൊരു സമ്പ്രദായമാണ് വില വർധനവ്. ജനുവരിയിൽ ഒട്ടുമിക്ക കമ്പനികളും ഇക്കാര്യം മാറ്റമില്ലാതെ നടപ്പിലാക്കിയപ്പോൾ പുതുതായി കാർ വാങ്ങാൻ പ്ലാനിട്ടിരുന്നവരുടെയെല്ലാം പോക്കറ്റ് കീറിയെന്നു വേണം പറയാൻ. ഇപ്പോഴിതാ മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും വില വർധനവ് നടപ്പിലാക്കാനുള്ള അടുത്ത ശ്രമത്തിലാണ് ബ്രാൻഡുകളെല്ലാം.

ഏപ്രിൽ മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വാഹന നിർമാതാക്കൾ വില വർധനവ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കിയ 2024 ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ വിലകൾ മോഡൽ നിരയിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കിയ സോനെറ്റ്, കാരെൻസ്, സെൽറ്റോസ് എന്നിവയുടെ വില അടുത്ത മാസം മുതൽ മൂന്ന് ശതമാനം വരെ വർധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
ചരക്ക് വില ഉയരുന്നതും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഇൻപുട്ട് ചെലവുകളുടെ ഉയർന്ന കോസ്റ്റുമാണ് വില വർധനവ് നടപ്പിലാക്കാൻ നിർബന്ധിതരായതെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പറഞ്ഞു. ഈ വർഷത്തെ ബ്രാൻഡിൻ്റെ ആദ്യ വില ക്രമീകരണമാണിതെന്നും കിയ ഊന്നിപ്പറഞ്ഞു. അതായത് ജനുവരിയിൽ ബ്രാൻഡ് വില കൂട്ടിയില്ലായിരുന്നുവെന്ന് സാരം. ഓരോ മോഡലുകളുടെയും വില വർധനവിൻ്റെ അളവ് കിയ വെളിപ്പെടുത്തിയിട്ടില്ല.

ചരക്ക് വിലയിലെ തുടർച്ചയായ വർധനവ്, പ്രതികൂല വിനിമയ നിരക്ക്, വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവ് എന്നിവ കാരണമാണ് ഭാഗികമായ വില പരിഷ്ക്കാരം നടപ്പിലാക്കാൻ കമ്പനി നിർബന്ധിതരായിരിക്കുന്നതെന്ന് കിയ ഇന്ത്യയുടെ നാഷണൽ തലവനും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ചുമതലയുമുള്ള ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. വർധനയുടെ ഒരു പ്രധാന ഭാഗം കമ്പനി ഏറ്റെടുത്തതിനു ശേഷമാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
എന്നാൽ മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് പുതിയ വർധനവ് വ്യത്യാസപ്പെടുമെന്നാണ് സൂചന. കിയ സോനെറ്റ് ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ്. നിലവിൽ 7.99 ലക്ഷം മുതൽ 14.69 ലക്ഷം രൂപ വരെയാണ് സബ് കോംപാക്‌ട് എസ്‌യുവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പുതിയ മാറ്റം വരുമ്പോൾ എങ്ങനെ വ്യത്യസപ്പെടുമെന്ന് വരും ദിവസങ്ങളിൽ അറിയാം.

ഇനി കിയയുടെ കാരെൻസ് എംപിയിലേക്ക് വന്നാൽ ഇതിന് ഇപ്പോൾ 10.45 ലക്ഷം മുതൽ 18.95 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ വിലയെത്തുമ്പോൾ മാരുതി എർട്ടിഗയുടെ എതിരാളിക്കും മാറ്റമുണ്ടാവും. ബ്രാൻഡിൻ്റെ ബെസ്റ്റ് സെല്ലറായ കിയ സെൽറ്റോസ് എസ്‌യുവിക്ക് 10.90 ലക്ഷം രൂപ മുതൽ 20.30 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്.
2019-ൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം വിൽപ്പനയുടെ അടിസ്ഥാനത്തിൽ കിയ ഇന്ത്യയിൽ 10.16 ലക്ഷം കാറുകളാണ് വിറ്റഴിച്ചിരിക്കുന്നത്. ഇതിൽ മിഡ്-സൈസ് എസ്‌യുവിയായ സെൽറ്റോസ് 6.13 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് കുതിക്കുകയാണ്. അതോടൊപ്പം തന്നെ 3.95 ലക്ഷത്തിലധികം യൂണിറ്റുകളുമായി സോനെറ്റും 1.59 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി കാരെൻസ് എംപിവിയും തൊട്ടുപിന്നാലെ കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കിയ ഇന്ത്യയെ കൂടാതെ മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോർസ്, ഹോണ്ട കാർസ് ഇന്ത്യ, ഔഡി തുടങ്ങിയ വാഹന നിർമാതാക്കളും സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അടുത്തിടെ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഇനി ഏപ്രിൽ മുതൽ ഇതേ കമ്പനികൾ വീണ്ടും പുതുക്കിയ വില തീരുമാനിക്കാൻ സാധ്യതയുണ്ട്. ഇതേകുറിച്ച് ഹോണ്ട മാത്രമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെങ്കിലും മാരുതിയും ഹ്യുണ്ടായിയും പിന്നാലെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








