ഇനി ഡീസലിനേക്കാൾ മൈലേജ് കിട്ടും, സെൽറ്റോസിലേക്ക് ഈ മാറ്റം കൊണ്ടുവരാൻ കിയ
ഇന്ത്യൻ വിപണിയിലെ മിഡ്-സൈസ് എസ്‌യുവി (Mid-Size SUV) ശ്രേണിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന മോഡലാണ് കിയ സെൽറ്റോസ് (Kia Seltos). അതേവരെ സെഗ്മെന്റ് കാണാത്ത സ്റ്റൈലും ഫീച്ചറുകളുമായി എത്തിയ വാഹനത്തെ വണ്ടിഭ്രാന്തൻമാരായ ഇന്ത്യക്കാർ നെഞ്ചിലേറ്റുകയും ചെയ്‌തു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ (SUV) പട്ടികയിൽ സെൽറ്റോസ് മുൻപന്തിയിലുമുണ്ട്. കൃത്യമായ സമയത്ത് വേണ്ട മാറ്റങ്ങൾ കൊണ്ടുവരാനും പുതുക്കാനും ദക്ഷിണ കൊറിയൻ ബ്രാൻഡ് കാണിക്കുന്ന മനസ് തന്നെയാണ് മോഡലിനെ എന്നും ജനകീയനാക്കി നിർത്തുന്നത്. ഇക്കാര്യത്തിൽ ഹ്യുണ്ടായിക്ക് പോലും വെല്ലാനാവില്ല.
ഇപ്പോഴിതാ സെൽറ്റോസിലേക്ക് മറ്റൊരു സംഗതി കൂടി കൊണ്ടുവരാൻ ഒരുങ്ങുകയാണ് കിയ. മറ്റൊന്നുമല്ല, മൈലേജ് കൊതിയൻമാരായ ഇന്ത്യക്കാരെ കൈയിലെടുക്കാനായി മിഡ്-സൈസ് എസ്‌യുവിയുടെ സിഎൻജി പതിപ്പ് പുറത്തിറക്കാനാണ് കിയ ഇപ്പോൾ തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി സെൽറ്റോസിന്റെ പരീക്ഷണയോട്ടവും തകൃതിയായി നടക്കുകയാണ്. സ്പൈ ചിത്രങ്ങളിൽ കാണുന്നതു പോലെ പൂർണമായും മറച്ച രീതിയിലാണ് നിരത്തുകളിൽ എത്തിയതെങ്കിലും ഇതൊരു സിഎൻജി മോഡലാണെന്നാണ് വിവരം.

നിലവിലെ 1.5 ലിറ്റർ 4-സിലിണ്ടർ, ടർബോചാർജ്ഡ് എഞ്ചിനൊപ്പമാവും കിയ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷൻ അവതരിപ്പിക്കുക. അങ്ങനെയെങ്കിൽ രാജ്യത്തെ ആദ്യത്തെ ടർബോചാർജ്ഡ് സിഎൻജി എഞ്ചിനുള്ള കാറായി സെൽറ്റോസ് മാറും. ഇതിനു ശേഷം എഞ്ചിൻ ജനപ്രിയമായ കിയ കാരെൻസ് എംപിവിയിലും അരങ്ങേറ്റം കുറിക്കും. പ്രായോഗികത വർധിപ്പിക്കാനായി ടാറ്റ ഉപയോഗിക്കുന്ന ട്വിൻ സിലിണ്ടർ ടെക്കും ബ്രാൻഡ് കൊണ്ടുവന്നേക്കുമെന്നാണ് സൂചന.
ടാറ്റയുടെ ഏറ്റവും പുതിയ സിഎൻജി കാറുകളിൽ ഇതിനകം കണ്ടിട്ടുള്ളതുപോലെ ഈ ഡിസൈൻ ബൂട്ട് സ്പേസ് കൂടുതൽ ഉപയോഗയോഗ്യമാക്കും. ഇന്ത്യൻ വിപണിയിൽ കംപ്രസഡ് നാച്ചുറൽ ഗ്യാസ് വാഹനങ്ങൾക്ക് വർധിച്ചു വരുന്ന സ്വീകാര്യത തങ്ങൾക്കും ഉപയോഗപ്പെടുത്താനുള്ള കിയയുടെ നീക്കം വിജയം കണ്ടേക്കും. സെൽറ്റോസിൽ വിജയിച്ച് കഴിഞ്ഞാൽ മാരുതിയുടേത് പോലെ മുഴുവൻ ലൈനപ്പിലും സിഎൻജി അവതരിപ്പിക്കാനും കൊറിയൻ ബ്രാൻഡ് റെഡിയാണ്.

സിഎൻജി ഇന്ധനമായി ഉപയോഗിക്കുമ്പോൾ നിലവിലെ 1.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിന്റെ പവറും ടോർക്ക് ഔട്ട്പുട്ടും ചെറുതായി കുറയാനും സാധ്യതയുണ്ട്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ചെറിയ കുറവ് ഉണ്ടായാലും പോക്കറ്റിന് സംഗതി ഗുണകരമാവും. സിഎന്‍ജിയിൽ പ്രവർത്തിക്കുന്നതോടെ പ്രവര്‍ത്തന ചെലവ് ഗണ്യമായി കുറയുമെന്നതിനാലാണ് ഈയൊരു പ്രതീക്ഷ. നിലവിൽ സെൽറ്റോസിന് 17 മുതല്‍ 21 കിലോമീറ്റര്‍ വരെ മൈലേജാണ് കമ്പനി അവാശപ്പെടുന്നത്.
നിലവിൽ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ രണ്ട് മോഡലുകളാണ് സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനില്‍ വാങ്ങാനാവുന്നത്. ഇവ കിലോഗ്രാമിന് 26.6 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്. സമാനമായ ഇന്ധനക്ഷമത കണക്കുകള്‍ തന്നെ സെൽറ്റോസിന്റെ ഇക്കോ-ഫ്രണ്ട്ലി വേരിയന്റിലും പ്രതീക്ഷിക്കാം.

സ്റ്റാൻഡേർഡ് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പമാവും ഈ മോഡൽ വരിക. എന്നാൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സിഎൻജിയിൽ അവതരിപ്പിച്ചാൽ അതൊരു വിപ്ലവം തന്നെയായിരിക്കും. ഇതുവരെ ടാറ്റ മാത്രമാണ് തങ്ങളുടെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് കാറുകളിൽ ക്ലച്ച്ലെസ് സംവിധാനം കൊണ്ടുവന്നിട്ടുള്ളത്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ കൂടി ഓട്ടോമാറ്റിക് നൽകിയാൽ അധികം വൈകാതെ മറ്റ് ബ്രാൻഡുകളും ഇത് പിന്തുടരാൻ ശ്രമിക്കുകയും ചെയ്യും.
ഇനി ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ പുതുതലമുറ കാർണിവൽ പ്രീമിയം എംപിവി, EV9 സെവൻ സീറ്റർ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി, മറ്റൊരു കോംപാക്‌ട് എസ്‌യുവി തുടങ്ങി പുതിയ വാഹനങ്ങളുടെ ഒരു പരമ്പര തന്നെയാണ് ഇന്ത്യക്കായി കിയ കൊണ്ടുവരുന്നത്. ഇതിൽ വരാനിരിക്കുന്ന കോംപാക്റ്റ് എസ്‌യുവി ബ്രാൻഡിൻ്റെ ആഭ്യന്തര നിരയിൽ സോനെറ്റിന് മുകളിൽ സ്ഥാനം പിടിക്കാനാണ് സാധ്യത. ഇത് അടുത്ത വർഷം തുടക്കത്തോടെ വിപണിയിൽ എത്തുമെന്നാണ് അനുമാനം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








