21 കി.മീ. മൈലേജുള്ള 'കസിൻസ്'; ഡീസൽ മാനുവൽ എസ്‌യുവിയിൽ ഏത് വാങ്ങണമെന്ന കൺഫ്യൂഷൻ ഇതോടെ തീരും
എസ്‌യുവികൾ ട്രെൻഡ് സെറ്ററായി കത്തിനിൽക്കുമ്പോൾ ഭൂരിഭാഗം ആളുകളും അന്വേഷിച്ച് വരുന്നത് ഡീസൽ മോഡലുകളെയാണ്. ചെറിയ ഓയിൽ ബർണർ എഞ്ചിനുകളുടെ നിർമാണം സർക്കാരുകൾ പ്രോത്സാഹിപ്പിക്കാതെയായപ്പോൾ മിക്ക കോംപാക്‌ട് എസ്‌യുവികളിൽ നിന്നും ഡീസൽ മോഡലുകൾ പതിയെ പടിയിറങ്ങുകയുണ്ടായി. അപ്പോൾ ഏവരും ആശ്രയിച്ചത് ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തേയാണ്.
ഈ സെഗ്മെന്റിൽ കൊറിയൻ ബ്രാൻഡുകൾക്ക് മേൽകൈ നേടാൻ സഹായകരമായത് ഡീസൽ വേരിയന്റുകളുടെ സാന്നിധ്യമാണ്. പക്ഷേ ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് ജനപ്രീതിയാർജിച്ചതോടെ സെൽറ്റോസിൽ നിന്നും കുറച്ചുകാലം മാനുവൽ ട്രാൻസ്‌മിഷൻ ഓപ്ഷൻ അകന്നുനിൽക്കുകയുണ്ടായി. ഈ സമയം ക്രെറ്റ കേറിയങ്ങ് കൊളുത്തുകയും ചെയ്‌തു. പക്ഷേ ഇതുകണ്ട് ഹാലിളകിയ സഹോദര ബ്രാൻഡായ കിയയും ഇപ്പോൾ തങ്ങളുടെ എസ്‌യുവിയിലേക്ക് ഡീസൽ മാനുവൽ പതിപ്പ് തിരികെ എത്തിച്ചിരിക്കുകയാണ്.

പക്ഷേ ഡീസൽ മാനുവൽ എസ്‌യുവികളിൽ പുതിയ ഹ്യുണ്ടായി ക്രെറ്റയാണോ കിയ സെൽറ്റോസാണോ മികച്ചത് എന്നറിയാൻ കൂടുതൽ താരതമ്യത്തിന്റെ ആവശ്യമൊന്നുമില്ല. കാരണം രണ്ട് മോഡലുകളിലും ഉപയോഗിക്കുന്നത് ഒരേ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളാണ്. പക്ഷേ വിലയുടെ കാര്യം വരുമ്പോൾ രണ്ടും വ്യത്യസ്‌തമാണ്. അങ്ങനെ നോക്കുമ്പോൾ ഇരുവരും തമ്മിലുള്ള വ്യത്യാസം എങ്ങനെയെന്ന് നോക്കിയാലോ?
HTE, HTK, HTK+, HTX, HTX+ എന്നിങ്ങനെ അഞ്ച് പുതിയ ഡീസൽ-മാനുവൽ വേരിയന്റുകളാണ് സെൽറ്റോസിലേക്ക് വന്നെത്തിയിരിക്കുന്നത്. ഓരോന്നിനും യഥാക്രമം 12 ലക്ഷം, 13.60 ലക്ഷം, 15 ലക്ഷം, 16.68 ലക്ഷം, 18.28 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലവരുന്നത്. മുമ്പ് സെൽറ്റോസ് ഡീസലിൽ iMT ട്രാൻസ്മിഷനും HTE, HTK, HTK+, HTX, HTX+ ട്രിമ്മുകളിലായാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്. ഒപ്പം HTX, X, GTX മോഡലുകളിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും കമ്പനി ഒരുക്കി.

പുതിയ കിയ സെൽറ്റോസ് ഡീസൽ മാനുവൽ വേരിയന്റുകളുടെ അവതരണം ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ചിനെ തുടർന്നാണ് സംഭവിച്ചിരിക്കുന്നത്. ക്രെറ്റയുടെ 1.5 ലിറ്റഡ ഡീസൽ മാനുവൽ E, EX, S, S (O), SX ടെക്, SX (O) എന്നീ 7 വേരിയന്റുകളിലാണ് വരുന്നത്. ഇവയ്ക്ക് യഥാക്രമം 12.45 ലക്ഷം, 13.68 ലക്ഷം, 14.82 ലക്ഷം, 15.82 ലക്ഷം, 17.45 ലക്ഷം, 18.74 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
അങ്ങനെ സെൽറ്റോസ് ഡീസൽ മാനുവലും ക്രെറ്റ ഡീസൽ മാനുവലും താരതമ്യം ചെയ്യുമ്പോൾ സെൽറ്റോസിന്റെ ഡീസൽ-മാനുവൽ വകഭേദങ്ങൾ അവരുടെ ക്രെറ്റ എതിരാളികളേക്കാൾ വളരെ താങ്ങാനാവുന്നതായി മാറുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും രണ്ട് കസിൻ മോഡലുകളും തമ്മിൽ കാര്യമായ ചില വ്യത്യാസങ്ങളുണ്ട് കേട്ടാ. നിങ്ങൾ തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അപേക്ഷിച്ച് ഇവിടെയുള്ള മാറ്റങ്ങൾ ഇങ്ങനെ

ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർപ്ലേയ്‌ക്കുമുള്ള വയർലെസ് കണക്റ്റിവിറ്റി, വോയ്‌സ് കമാൻഡ് ഫംഗ്‌ഷണാലിറ്റി, വോയ്‌സ് കമാൻഡ് പ്രവർത്തനം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ കിയ സെൽറ്റോസ് ഡീസൽ മാനുവൽ വേരിയന്റുകൾ ഫീച്ചറുകളുടെ കാര്യത്തിൽ റിച്ചാണ്.
കൂടാതെ ഓവർ ദി എയർ അപ്‌ഡേറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), 8-സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം, 8-വേ പവർഡ് ഡ്രൈവർ സീറ്റ്, പിൻ എസി വെന്റുകൾ, പനോരമിക് സൺറൂഫ് , അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ടെക്നോളജി, ഓട്ടോ ഹോൾഡോട് കൂടിയ ഒരു ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും ഡീസൽ ടോപ്പ് എൻഡിൽ കിയ സെൽറ്റോസിൽ കിട്ടും.

ADAS കൂടാതെ റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഐസോഫിക്സ് മൗണ്ടുകൾ, കൂടാതെ ആറ് എയർബാഗുകൾ ഉൾക്കൊള്ളുന്ന സമഗ്രമായ സുരക്ഷാ പാക്കേജും എന്നിവയും കിയ സെൽറ്റോസിന്റെ ഡീസൽ മാനുവൽ വേരിയന്റുകളുടെ പ്രത്യേകതയാണ്. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ഡീസൽ പതിപ്പ് സ്വയം ഗിയർമാറ്റി ഓടിക്കാനാണ് ഇഷ്ടമെങ്കിൽ സെൽറ്റോസ് എടുക്കുന്നതാവും ഉചിതം.


Click it and Unblock the Notifications








