സെൽറ്റോസ് ഓട്ടോമാറ്റിക് ഉടമകൾ ശ്രദ്ധിക്കുക, വണ്ടിക്ക് ചെറിയ പണിയുണ്ട്, തിരികെയെത്തിക്കാൻ ഉത്തരവിട്ട് കിയ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. ഹ്യുണ്ടായിയും മാരുതിയും ടൊയോട്ടയും ഹോണ്ടയും ഫോക്‌സ്‌വാഗണും സ്കോഡയും പോലുള്ള വമ്പൻമാർ ഒരേപോലെ മത്സരിക്കുന്ന ചുരുക്കം ചില വിഭാഗങ്ങളിൽ ഒന്നാണിത്. ഇവിടെ ചൂടപ്പംപോലെ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമാണ് കിയ സെൽറ്റോസ്.
വന്നകാലം മുതൽ ഇപ്പോൾ വരെ വിൽപ്പന ചാർട്ടുകളിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കാനും ഈ തട്ടുപൊളിപ്പൻ കാറിനാവുന്നുണ്ട്. തനതായ സ്റ്റൈലിനൊപ്പം ഫീച്ചറുകളുടെ സമ്പന്നതയും മാത്രമല്ല, ആളുകളെ കൈയിലെടുക്കാനുള്ള വില നിർണയം കൂടി ഒത്തുചേർന്നതോടെയാണ് കിയ സെൽറ്റോസ് അതിവേഗം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചത്. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം കൂടി നൽകിയതോടെ വണ്ടി വാങ്ങാൻ ആളുകളുടെ തിക്കും തിരക്കുമായി.

അങ്ങനെ വിപണിയിലെത്തി വെറും 6 മാസം കൊണ്ട് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്ക് ചെയ്തവരുടെ എണ്ണം 1 ലക്ഷമായി. പക്ഷേ ഇപ്പോൾ സെൽറ്റോസ് ഉടമകൾക്ക് ആശങ്ക നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. മറ്റൊന്നുമല്ല എസ്‌യുവിയിൽ ചില നിർമാണ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് വണ്ടി സ്വമേധയാ തിരിച്ചുവിളിച്ചിരിക്കുകയാണ് കിയ ഇന്ത്യ. സെൽറ്റോസിൻ്റെ 4,358 യൂണിറ്റുകളാണ് തിരികെ കൊണ്ടുവരാൻ ഉടമകളോട് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
എസ്‌യുവിയുടെ സിവിടി ഗിയർബോക്‌സിലെ ഇലക്ട്രോണിക് ഓയിൽ പമ്പിൻ്റെ പ്രവർത്തനത്തെ ബാധിച്ചേക്കാവുന്ന ഇലക്ട്രോണിക് ഓയിൽ പമ്പ് കൺട്രോളറിലെ ഒരു തകരാറാണ് സെൽറ്റോസ് തിരിച്ചുവിളിക്കാൻ പ്രേരിപ്പിച്ചതെന്ന് കമ്പനി വിശദീകരിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി 28 നും ജൂലൈ 13 നും ഇടയിൽ നിർമിച്ച മോഡലുകളുടെ തകരാറുള്ള ഭാഗം ഉപഭോക്താക്കൾക്ക് സൌജന്യമായി മാറ്റി നൽകുമെന്നും ഇതിന് യാതൊരു വിധത്തിലുള്ള ചാർജുകളും ഈടാക്കില്ലെന്നും കിയ പറയുന്നു.

മാനുവൽ ഗിയർബോക്‌സുള്ള സെൽറ്റോസിനെ പ്രശ്നം ബാധിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കിയ IVT എന്ന് വിളിക്കുന്ന ഈ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എസ്‌യുവിയുടെ 115 bhp പവറുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനിനൊപ്പമാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതുകൂടാതെ വിപണിയിലെത്തിക്കുന്ന , 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നിവയിൽ പ്രശ്‌നം ബാധിച്ചിട്ടില്ലെന്നാണ് സൂചന. ഓരോന്നിനും അതിൻ്റേതായ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി വരുന്നതിനാലാണിത്.
ഇന്ത്യയിൽ 2020 നവംബറിലും 2022 ഒക്‌ടോബറിലും 2023 ജൂണിലും കിയ ഇത്തരത്തിൽ തിരിച്ചുവിളികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെൽറ്റോസ് ഡീസലിൽ ഫ്യുവൽ പമ്പ് പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണ് ആദ്യമായി റീകോൾ ചെയ്യുന്നത്. മറ്റ് രണ്ട് തവണ കാരെൻസ് എംപിവിയിലെ എയർബാഗ് സോഫ്‌റ്റ്‌വെയർ പ്രശ്‌നത്തിൻ്റെ പേരിലാണ് തിരിച്ചുവിളിക്കുന്നത്. പിന്നീട് എംപിവിയുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാനും സമാനമായ രീതിയിൽ പ്രസ്താവന കമ്പനി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

ജനുവരിയിൽ സെൽറ്റോസിൻ്റെ വില പരിഷ്ക്കരിച്ച ശേഷം എസ്‌യുവിക്ക് ഇപ്പോൾ 10.90 ലക്ഷം മുതൽ 20.30 ലക്ഷം വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സഹോദര ബ്രാന്‍ഡായ ഹ്യുണ്ടായിയില്‍ നിന്നുള്ള എതിരാളിയായ ക്രെറ്റക്കെതിരായ പോരാട്ടം കൂടുതല്‍ കടുപ്പിക്കാൻ അടുത്തിടെ പുറത്തിറക്കിയ സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലൂടെ കിയ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.
ഉപഭോക്താക്കളില്‍ 80 ശതമാനവും എസ്‌യുവിയുടെ HTK + അടക്കമുള്ള ഉയര്‍ന്ന വേരിയന്റുകള്‍ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ഡീസല്‍ വേരിയന്റുകളേക്കാള്‍ പെട്രോള്‍ വേരിയന്റുകള്‍ക്കാണ് ഡിമാന്‍ഡ്. 58:42 ശതമാനം പേര്‍ പെട്രോള്‍ വേരിയന്റുകള്‍ തെരഞ്ഞെടുത്തതായി ബുക്കിംഗ് ട്രെന്‍ഡുകള്‍ വെളിപ്പെടുത്തുന്നു. പണ്ടുമുതലേയുള്ള അതേ ശൈലി നിലനിർത്തി ഫീച്ചറുകളുടെ വലിയ നിര ഇത്തവണയും കൂടെയുണ്ട്.

32 സുരക്ഷാ ഫീച്ചറുകള്‍, ഡ്യുവല്‍ സ്‌ക്രീന്‍ പനോരമിക് ഡിസ്പ്ലേ, എച്ച്ഡി ടച്ച്സ്‌ക്രീന്‍ നാവിഗേഷന്‍, ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടോമാറ്റിക് എയര്‍കണ്ടീഷണര്‍, R17 43.66 സെ.മീ ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകള്‍, ഡ്യുവല്‍-പാന്‍ പനോരമിക് സണ്‍റൂഫും ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കും എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് പുതിയ സെല്‍റ്റോസില്‍ കിയ ഇന്ത്യ അണിയിച്ചൊരുക്കിയിട്ടുള്ളത്.
കിയ തങ്ങളുടെ അടുത്ത തലമുറ ലൈനപ്പിന്റെ ഭാഗമായി ജനപ്രിയ എസ്‌യുവിയായ സെല്‍റ്റോസിന്റെ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന വാർത്തകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. കിയ നീറോയിലും ഹ്യുണ്ടായി കോന ഹൈബ്രിഡിലും കാണപ്പെടുന്ന 1.6 ലിറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആയിരിക്കും വരാന്‍ പോകുന്ന സെൽറ്റോസിനും തുടിപ്പേകുകയെന്നാണ് വിവരം. അതേസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








