ലക്ഷങ്ങൾ വില കുറച്ച് എസ്‌യുവികൾ വാങ്ങാം, കിയ കാറുകൾ ഇനി ഇങ്ങനെയും സ്വന്തമാക്കാം! പക്ഷേ എല്ലാർക്കും കിട്ടില്ല
ഇപ്പോൾ പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ലാത്ത വാഹന നിർമാതാക്കളാണ് കിയ. 2019-ൽ ഇന്ത്യൻ വിപണിയിലേക്ക് സെൽറ്റോസ് എന്ന എസ്‌യുവി പുറത്തിറക്കിയായിരുന്നു ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു കിയയുടെ വളർച്ച. സെൽറ്റോസിന് പിന്നാലെ കാർണിവൽ, സോനെറ്റ്, കാരെൻസ്, EV6 പോലുള്ള വൈവിധ്യമാർന്ന മോഡലുകളാൽ കമ്പനിയുടെ വാഹനനിര സമ്പന്നമായി. ശരിക്കും പറഞ്ഞാൽ രാജ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ട്രെൻഡിന് തുടക്കമിടാനായതിന്റെ ക്രെഡിറ്റും ഇവർക്കുള്ളതാണ്. ഏകദേശം 5 വര്‍ഷം കൊണ്ട് ആഭ്യന്തര വിപണിയിലെ ടോപ്പ് 5 ബ്രാന്‍ഡുകളില്‍ ഒന്നായി മാറാന്‍ കിയക്ക് സാധിച്ചു.
ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കാനായുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും വലിയ വിജയമായ കമ്പനി പുത്തനൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണിപ്പോൾ. കാന്റീൻ സ്റ്റോർ വഴി വാഹനങ്ങൾ വിപണനം ചെയ്യാനായി ദക്ഷിണ കൊറിയൻ ബ്രാൻഡ് കേന്ദ്രീയ പൊലീസ് കല്യാൺ ഭണ്ഡറുമായി (KPKB) സഹകരണത്തിൽ ഏർപ്പെട്ടതാണ് സംഭവം. സജീവരും വിരമിച്ചവരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് നികുതി നൽകാതെ കിയ കാറുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ തുറക്കുന്നത്.

ഈ സഹകരണത്തിലൂടെ, അർദ്ധസൈനിക സേനകൾക്കും സംസ്ഥാന, സെൻട്രൽ പൊലീസ് ജീവനക്കാർക്കും ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കും പ്രത്യേക വിലയിൽ സെൽറ്റോസ്, സോനെറ്റ്, കാരെൻസ് തുടങ്ങിയ മോഡലുകൾ കിയ നൽകും. ബ്രാൻഡിന്റെ മൂന്ന് വാഹനങ്ങളും 119 മാസ്റ്റർ കാൻ്റീനുകളിലും 1,900-ലധികം അനുബന്ധ കാൻ്റീനുകളിലും കേന്ദ്രീയ പൊലീസ് കല്യാൺ ഭണ്ഡറിന് കീഴിൽ ലഭ്യമാകും.
നിലവിൽ കേന്ദ്രീയ പൊലീസ് കല്യാൺ ഭണ്ഡർ പൊലീസിലും അർദ്ധസൈനിക വിഭാഗത്തിലും 35 ലക്ഷം ഗുണഭോക്താക്കൾക്കാണ് സേവനം നൽകി വരുന്നത്. KPKB ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രവേശനക്ഷമത ഉറപ്പാക്കുന്നതിനുമായി 362 കിയ ഡീലർഷിപ്പുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് മോഡലുകളും കൂടി കണക്കിലെടുക്കുമ്പോൾ 88 വ്യത്യസ്ത വേരിയന്റുകളിൽ സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ക്ഷേമ സംരംഭമായി 2006-ൽ സ്ഥാപിതമായ കേന്ദ്രീയ പൊലീസ് കല്യാൺ ഭണ്ഡറിന് കീഴിൽ BSF, CRPF, CISF, ITBP, SSB, അസം റൈഫിൾസ് എന്നിവ ഉൾപ്പെടുന്ന കേന്ദ്ര സായുധ പൊലീസ് സേനകളാണ് വരുന്നത്. കൂടാതെ ഐബി, ബിപിആർഡി, എൻസിആർബി തുടങ്ങിയ വിവിധ കേന്ദ്ര പൊലീസ് ഓർഗനൈസേഷനുകളിലുള്ളവർക്കും ഇതിൻ്റെ സേവനങ്ങൾ ലഭ്യമാവും.
കല്യാൺ ഭണ്ഡറിന് കീഴിലൂടെ സൈനികര്‍ക്ക് വാഹനങ്ങള്‍ വാങ്ങാൻ കുറച്ച് ജിഎസ്ടി മാത്രമേ നല്‍കേണ്ടി വരുള്ളൂ എന്നതാണ് പ്രത്യേകത. അതായത് 28 ശതമാനം നികുതി നല്‍കേണ്ട സ്ഥാനത്ത് 14 ശതമാനം മാത്രം മതിയാവും. നിലവിൽ കിയ സെൽറ്റോസിന് ഇന്ത്യയിൽ 10.89 ലക്ഷം മുതൽ 20.35 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം സോനെറ്റിന് 7.99 ലക്ഷം മുതൽ 15.75 ലക്ഷം വരെയും കാരെൻസിന് 10.52 ലക്ഷം മുതൽ 19.67 ലക്ഷം വരെയുമാണ് എക്സ്ഷോറൂം വില വരുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ക്ഷേമ സംരംഭത്തിലൂടെ വാഹനം വാങ്ങുന്നവർക്ക് ഈ വിലയിൽ നിന്നും വലിയൊരു തുക കുറച്ച് വാങ്ങാനാവും എന്നതാണ് പ്രത്യേകത. കിയയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ക്ലാവിസ് എന്നൊരു പുത്തൻ കോംപാക്‌ട് എസ്‌യുവിയെ കൂടി ഇന്ത്യക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി. പരീക്ഷണയോട്ടം തകൃതിയായി നടക്കുന്ന വാഹനം ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിൽ തന്നെ വിപണിയിലേക്ക് എത്തും.
കിയയുടെ ജനപ്രിയ മോഡലുകളായ സെല്‍റ്റോസ്, സോനെറ്റ് എന്നീ എസ്‌യുവികൾക്കിടയിലാവും ക്ലാവിസ് സ്ഥാനം പിടിക്കുകയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ കോംപാക്ട് എസ്‌യുവി ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എസ്‌യുവികളോട് മത്സരിക്കുന്നതിനാണ് കിയ കൊണ്ടുവരുന്നതെന്നാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയം.
മിക്കവാറും എക്സ്റ്ററിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിൽ സംഗതി ഉഷാറാവും. അല്ലെങ്കിൽ എങ്ങനെയാവുമെന്ന് കണ്ടുതന്നെ അറിയാം. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം വരുന്ന എസ്‌യുവിയുടെ വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 6 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെയാണ് ഈ പുതിയ കാറിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








