ക്രെറ്റയിൽ എല്ലാരും വാങ്ങുന്നത് ഇത്, കച്ചോടം കൂട്ടാൻ സെൽറ്റോസിനും ആ മാറ്റം കൊടുത്ത് കിയ
കിയയെ (Kia) ഇന്നത്തെ നിലയിലാക്കിയ വണ്ടിയാണ് സെൽറ്റോസ് (Seltos). ഒരൊറ്റ മോഡലിലൂടെ കയറി കൊളുത്തിയ ബ്രാൻഡ് വിൽപ്പനയുടെ കാര്യത്തിൽ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ പട്ടികയിൽ വരെ ഇടംപിടിച്ച് കഴിഞ്ഞു. മാരുതിക്കും ഹ്യുണ്ടായിക്കും ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും പിന്നിൽ ഏറ്റവും കൂടുതൽ പണംവാരുന്ന കമ്പനിയായി കൊറിയക്കാർ മാറിയത് അതിവേഗമായിരുന്നു. അതിന് സഹായിച്ച കൊമ്പനാണ് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ വിരാജിക്കുന്ന സെൽറ്റോസ്. പിന്നാലെ വന്നവരും ഗംഭീരമാക്കിയെങ്കിലും ഇന്നും ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ച് എത്തുന്നവൻ സെൽറ്റോസ് തന്നെയാണ്.
കൃത്യമായ ഇടവേളകളിൽ എസ്‌യുവിയിലേക്ക് അവതരിപ്പിക്കുന്ന മാറ്റങ്ങളാണ് ഇതിൽ ഏറ്റവും എടുത്തു പറയേണ്ട കാര്യം. നിരവധി വേരിയന്റുകളും അതിലെല്ലാം കുത്തിനിറച്ചിരിക്കുന്ന ഫീച്ചറുകളുമെല്ലാം ആളുകളെ വീഴ്ത്താനുള്ള കിയയുടെ മാജിക്കാണ്. ഇപ്പോഴിതാ സെൽറ്റോസ് നിരയിലെ X-ലൈൻ പതിപ്പിലേക്ക് ചെറിയൊരു പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. ക്രെറ്റയിൽ കൂടുതൽ ആളുകളും വാങ്ങുന്നത് ഈ ബ്ലാക്ക് നിറമായതിനാൽ കിയയും സമാനമായ പരീക്ഷണത്തിനാണ് ഇറങ്ങുന്നത്.

സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയുടെ X-ലൈൻ പതിപ്പിലേക്ക് പുതിയ ബ്ലാക്ക് കളർ ഓപ്ഷൻ അവതരിപ്പിച്ചതാണ് സംഭവം. ടെക് ലൈൻ, ജിടി ലൈൻ, X-ലൈൻ എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളായി തിരിച്ചാണ് സെൽറ്റോസ് വിപണയിൽ എത്തിക്കുന്നത്. ഇതിൽ മൂന്നാമത്തേത് മാറ്റ് ഫിനിഷിലുള്ള എക്സ്റ്റീരിയറിനെയാണ് സൂചിപ്പിക്കുന്നത്. മുമ്പ് മാറ്റ് ഗ്രേയിൽ മാത്രം വാങ്ങാനായിരുന്ന X-ലൈൻ നിരയിലേക്കാണ് ഇപ്പോൾ കറുപ്പ് നിറവും ചേർത്തിരിക്കുന്നത്.
അറോറ ബ്ലാക്ക് പേൾ ഹ്യൂ എന്ന് കിയ വിളിക്കുന്ന കറുപ്പഴകാണ് സെൽറ്റോസ് X-ലൈനിലേക്ക് വന്നിരിക്കുന്നത്. ഈ പുതിയ നിറം എസ്‌യുവിയുടെ സ്‌റ്റൈലിംഗിനെ കൂടുതൽ മെച്ചപ്പെടുത്തുന്നുവെന്ന് കമ്പനി പറയുന്നുണ്ട്. അതോടൊപ്പം എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചില മാറ്റങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് വാഹനത്തിന്റെ വരവ്. സെൽറ്റോസ് X-ലൈനിൻ്റെ അകത്തളത്തിന് ബ്ലാക്ക്, സ്‌പ്ലെൻഡിഡ് സേജ് ഗ്രീൻ എന്നിവയുടെ ടു-ടോൺ കോമ്പിനേഷനാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകൾ, ഷാർക്ക് ഫിൻ ആൻ്റിന, ടെയിൽഗേറ്റ് ഗാർണിഷ്, പിൻ ബമ്പറിൽ ഫോക്‌സ് എക്‌സ്‌ഹോസ്റ്റ് എന്നിവ ഉൾപ്പെടെ നിരവധി ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ഘടകങ്ങളും പുതിയ കിയ സെൽറ്റോസ് X-ലൈൻ അറോറ ബ്ലാക്ക് പേൾ ഹ്യൂ ഓപ്ഷന് സമ്മാനിച്ചിട്ടിണ്ട്. ഇതുകൂടാതെ സ്‌കിഡ് പ്ലേറ്റുകൾ, സൈഡ് ഡോർ ഗാർണിഷ്, വീൽ സെൻ്റർ ക്യാപ്‌സ് എന്നിവയിൽ ഓറഞ്ച് ആക്‌സൻ്റുകളും കാണാം.
കിയ സെൽറ്റോസ് X-ലൈനിൽ 18 ഇഞ്ച് അലോയ് വീലുകളും X-ലൈൻ ബാഡ്ജും കാണാം. ഇവയെല്ലാം പ്രധാനമായും ലക്ഷ്യമിടുന്നത് യുവാക്കളെ എസ്‌യുവിയിലേക്ക് കൂടുതൽ ആകർഷിക്കുക എന്നതാണ്. ഇത്തരം പരിഷ്ക്കാരങ്ങൾ മാറ്റി നിർത്തിയാൽ വാഹനത്തിൽ മറ്റ് നവീകരണങ്ങളൊന്നും കിയ കൊണ്ടുവന്നിട്ടില്ലെന്ന് വേണം പറയാൻ. കിയ സെൽറ്റോസ് X-ലൈൻ ശ്രേണിക്ക് ഇന്ത്യയിൽ 19.65 ലക്ഷം മുതൽ 20.37 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് കിയ സെൽറ്റോസ് വിപണിയിലെത്തുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 115 bhp പവറിൽ പരമാവധി 144 Nm torque ആണ് നൽകാനാവുക. അതേസമയം ഡീസലാണെങ്കിൽ 115 bhp കരുത്തിൽ 250 Nm torque വരെയും ഉത്പാദിപ്പിക്കും. ടർബോയാണെങ്കിൽ 158 bhp പവറും 253 Nm ടോർക്കും വരെ ലഭിക്കും.
ട്രാൻസ്മിഷൻ ചോയ്‌സുകളിൽ 6-സ്പീഡ് മാനുവൽ, IVT ഓട്ടോമാറ്റിക്, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, iMT, ഡിസിടി പോലുള്ള വൈവിധ്യമാർന്ന ഓപ്ഷനുകളും കിയ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, എംജി ഹെക്ടർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നീ വമ്പൻമാരുമായാണ് സെൽറ്റോസിന്റെ മത്സരം.
മോഡലുകളുടെ വിൽപ്പന വർധിപ്പിക്കാനായി കഴിഞ്ഞ മാസം ഓൺലൈൻ എക്സ്ചേഞ്ച് റേറ്റ് എസ്റ്റിമേഷൻ സർവീസും കമ്പനി അവതരിപ്പിച്ചിരുന്നു. എക്‌സ്‌ചേഞ്ച് യുവർ കാർ എന്നുവിളിക്കുന്ന ഈ ഓൺലൈൻ ചാനൽ ഉപയോഗിച്ച് ആളുകൾക്ക് അവരുടെ കാറുകളുടെ മൂല്യം വിലയിരുത്താൻ സഹായിക്കുന്നതിനായാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കിയ ഇന്ത്യ തങ്ങളുടെ സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് (CPO) പ്രോഗ്രാമിന് കീഴിൽ വരുന്ന ഇത് ആളുകൾക്ക് വളരെ പ്രയോജനം ചെയ്യുന്ന സംഗതിയാണ്.


Click it and Unblock the Notifications








