എല്ലാവരും ഈ ഫീച്ചറുള്ള കാറുകളുടെ പിന്നാലെ, ഈ ക്വാട്ടയിൽ കിയ വിറ്റത് 4 ലക്ഷം വണ്ടികൾ
ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് അതിവേഗം ഉയർന്നുവന്നവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. 2019-ൽ സെൽറ്റോസ് എന്ന തട്ടുപൊളിപ്പൻ എസ്‌യുവിയിലൂടെ അരങ്ങേറ്റം കുറിച്ച ബ്രാൻഡ് വിൽപ്പനയുടെ കാര്യത്തിൽ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ നിർമാതാക്കളാണെന്ന് വേണം പറയാൻ. ഫോർഡിനോ, ഷെവർലെയ്ക്കോ റെനോയ്ക്കോ പോലും നേടിയെടുക്കാനാവാത്ത നേട്ടമാണ് കമ്പനി ഇന്ത്യയിൽ സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ വിൽപ്പനയുടെ കാര്യത്തിൽ പുതിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് കിയ. കണക്റ്റഡ് കാർ ടെക്‌നോളജിയുളള നാല് ലക്ഷം വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ചുവെന്ന നേട്ടമാണ് കമ്പനിയിപ്പോൾ നേടിയെടുത്തിരിക്കുന്നത്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ കണക്റ്റഡ് കാർ വേരിയൻ്റുകൾ അതിൻ്റെ മൊത്തം ആഭ്യന്തര വിൽപ്പനയുടെ 44 ശതമാനത്തിലധികം വരുമെന്നാണ് കിയ പറയുന്നത്. ഇത് മറ്റൊരു നിർമാതാക്കൾക്കും അവകാശപ്പെടാനാവാത്ത ഏറ്റവും വിജയകരമായ പ്രവർത്തിയാണെന്ന് വേണം പറയാൻ.

കൂടാതെ കിയയുടെ കണക്റ്റഡ് കാർ വകഭേദങ്ങൾ 30.9 ശതമാനം കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക് (CAGR) കൈവരിക്കുകയും ചെയ്‌തിട്ടുണ്ട്. 2032 ആകുമ്പോഴേക്കും ആഗോള വളർച്ച ഏകദേശം 18 ശതമാനമായി മറികടക്കുമെന്നും കിയ പ്രതീക്ഷിക്കുന്നുണ്ട്. ഈ വകഭേദങ്ങളിൽ സെൽറ്റോസാണ് മുന്നിട്ട് നിൽക്കുന്നത്. കിയയുടെ മൊത്തം കണക്റ്റഡ് കാർ വിൽപ്പനയുടെ 65 ശതമാനം സംഭാവനയും ഈ മിഡ്-സൈസ് എസ്‌യുവിയുടേതാണ്.
വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളിലൊന്നായ കിയ സെൽറ്റോസും ഈ സെഗ്‌മെൻ്റിൽ കമ്പനിയുടെ മൊത്തത്തിലുള്ള വിജയത്തെ നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കണക്റ്റഡ് ഫീച്ചറുകളുള്ള സെൽറ്റോസിൻ്റെ വകഭേദങ്ങൾ സ്ഥിരമായി ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട മോഡലാണ്, ബ്രാൻഡ് അനുസരിച്ച് വിൽക്കുന്ന സെൽറ്റോസ് യൂണിറ്റുകളുടെ 57 ശതമാനവും ഇത്തരം വകഭേദങ്ങൾക്കാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.
കിയ കാറുകളെ അതിൻ്റെ ഡിസൈനും സാങ്കേതിക മികവുമാണ് വിപണിയിൽ വ്യത്യസ്തമാക്കിയിരിക്കുന്നതെന്ന് പുതിയ നേട്ടത്തെക്കുറിച്ച് സംസാരിച്ച കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മ്യുങ്-സിക് സോൺ പറഞ്ഞു. ഇന്നത്തെ ഹൈപ്പർ-കണക്‌റ്റഡ് ലോകത്ത് ഉപഭോക്താക്കൾ തങ്ങളുടെ കാറുകൾ അവരുടെ ജീവിതശൈലിയുമായി പരിധികളില്ലാതെ സംയോജിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതിന്റെ തെളിവാണ് കണക്റ്റഡ് കാറുകളുടെ ഡിമാൻഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൽറ്റോസിന് ശേഷം 31 ശതമാനം ഉപഭോക്താക്കളും കാരെൻസ് എംപിവിയുടെ കണക്റ്റഡ് കാർ വേരിയൻ്റുകളാണ് സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്നത്. നിലവിൽ സോനെറ്റിൻ്റെ 7 വേരിയൻ്റുകളിൽ മാത്രമേ ഈ സവിശേഷതകൾ ലഭ്യമാവുന്നുള്ളൂവെങ്കിലും ഈ മോഡലുകൾ ഇപ്പോഴും എസ്‌യുവിയുടെ മൊത്തം വിൽപ്പനയുടെ 21 ശതമാനം വരും. ഹിംഗ്ലീഷ് കമാൻഡുകൾ, റിമോട്ട് വിൻഡോ കൺട്രോൾ, റിമോട്ട് എഞ്ചിൻ, എസി സ്റ്റാർട്ട്, വാലറ്റ് മോഡ് എന്നിവയാണ് ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന ഏറ്റവും ജനപ്രിയമായ ഫീച്ചറുകളിൽ ചിലത്.

കിയ ഈ വർഷം നാലാം തലമുറ കാർണിവലും മുൻനിര EV9 ഏഴ് സീറ്റർ ഇലക്ട്രിക് എസ്‌യുവിയും ഇന്ത്യയിൽ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കൂടാതെ ഇവ രണ്ടും ഉയർന്ന നിലവാരമുള്ള കണക്റ്റഡ്, അസിസ്റ്റീവ്, സുരക്ഷാ സവിശേഷതകൾ എന്നിവയാൽ നിറഞ്ഞതായിരിക്കുമെന്നാണ് കമ്പനി ഉറപ്പുനൽകിയിരിക്കുന്നത്. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ് ആയാവും EV9 ഇവി ഇന്ത്യയിലേക്ക് എത്തുക.
എക്സ്റ്റീരിയർ ഡിസൈനിൽ ആരേയും മോഹിപ്പിക്കുന്നവരാണ് കിയ കാറുകൾ. Z ആകൃതിയിലുള്ള ഡിആർഎല്ലുകളോട് കൂടിയ ക്യൂബ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്ലോസ്-ഓഫ് ഗ്രിൽ, പ്രൊമിനന്റ് ബമ്പർ, പോളിഗോണൽ വീൽ ആർച്ചുകൾ, സ്‌പോർട്ടി 21 ഇഞ്ച് അലോയ് വീലുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, ഫങ്ഷണൽ റൂഫ് റെയിലുകൾ, ഇൻ്റഗ്രേറ്റഡ് ടേൺ സിഗ്നലുകളുള്ള ഡോർ മൗണ്ടഡ് ഒആർവിഎം എന്നിവയാണ് അഴകേകാൻ എക്സ്റ്റീരിയറിൽ എത്തുക.

EV9 ഇവിയുടെ ലോംഗ്-റേഞ്ച് മോഡലാവും ഇന്ത്യയിലെത്തുകയെന്നാണ് വിവരം. അങ്ങനെയെങ്കിൽ 201 bhp കരുത്തുള്ള സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച 99.8 kWh ബാറ്ററി പായ്ക്കാവും വാഹനത്തിലുണ്ടാവുക. ഇതിലൂടെ സിംഗിൾ ചാർജിൽ ഏകദേശം 489 കി.മീ റേഞ്ച് വരെ ഓടാൻ ഇലക്‌ട്രിക് എസ്‌യുവി പ്രാപ്‌തമായിരിക്കും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 ശതമാനം മുതൽ 80 ശതമാനം വരെ വെറും 24 മിനിറ്റിനുള്ളിൽ വാഹനം ചാർജ് ചെയ്യാനും സാധിക്കും.


Click it and Unblock the Notifications








