ബേസ് വേരിയന്റിൽ തൊട്ടില്ല, സോനെറ്റ് പഴയ വിലയ്ക്ക് ഇനി വാങ്ങാൻ കിട്ടില്ല! കടുത്ത തീരുമാനവുമായി കിയ
ഇന്ത്യയിൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ മുഖഛായ തന്നെ മാറ്റിമറിച്ചവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സെൽറ്റോസിലൂടെ തുടങ്ങി ഇന്ന് കാരെൻസ് വരെ എത്തിനിൽക്കുന്ന മോഡൽ നിര ആര് കണ്ടാലും മോഹിക്കുന്നതാണ്. ഡിസൈനും ഫീച്ചറുകളും തന്നെയാണ് കിയ കാറുകളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പിന്നെ സാധാരണക്കാർക്കും താങ്ങാനാവുന്ന വില നിർണയവും മികച്ച സർവീസും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്. മിക്കവർക്കും കൊറിയൻ ബ്രാൻഡിന്റെ കോംപാക്‌ട് എസ്‌യുവിയായ സോനെറ്റിനെ ഭയങ്കര കാര്യമാണ്. ഒതുക്കമുള്ള രൂപവും കുറഞ്ഞ വിലയുമെല്ലാമാണ് മോഡലിലേക്ക് ആകർഷിക്കുന്നത്.
ടാറ്റ നെക്സോണും മാരുതി സുസുക്കി ബ്രെസയും കോംപാക്‌ട് എസ്‌യുവി സെഗ്മെന്റ് ഭരിച്ചുകൊണ്ടിരുന്ന കാലത്താണ് സോനെറ്റ് അരങ്ങേറ്റം കുറിക്കുന്നത്. ഇതിനിടയിലും കത്തിക്കയറാൻ കിയയുടെ കുട്ടിക്കൊമ്പനായി. പോയമാസം ബ്രാൻഡിന്റെ ടോപ്പ് സെല്ലറായി മാറിയ വാഹനം ഇനി പഴയ വിലയ്ക്ക് കിട്ടില്ലെന്നതാണ് പുതിയ വാർത്ത. എസ്‌യുവിയുടെ വില കമ്പനി ഇക്കഴിഞ്ഞ ദിവസം പുതുക്കി അവതരിപ്പിച്ചിട്ടുണ്ട്.

സബ്-ഫോർ-മീറ്റർ എസ്‌യുവിയുടെ നിരയിലേക്ക് പുത്തൻ വേരിയന്റും കളർ ഓപ്ഷനും അവതരിപ്പിച്ചതിനു പിന്നാലെയാണ് വില വർധനവും നടപ്പിലാക്കിയത്. എന്നാൽ കിയ സോനെറ്റിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ മാത്രമാണ് വില വർധനവ് നടപ്പിലായിരിക്കുന്നത്. വാഹനം സ്വന്തമാക്കണമെങ്കിൽ ഇനി പരമാവധി 27,000 രൂപ വരെ അധികം ചെലവഴിക്കേണ്ടി വരുമെന്നാണ് കൊറിയൻ ബ്രാൻഡ് പറയുന്നത്.
HTE, HTE (O), HTK, HTK (O), HTK+, HTX, HTX+, GTX, GTX+, X ലൈൻ എന്നിങ്ങനെ ഒമ്പത് വേരിയൻ്റുകളിൽ സോനെറ്റ് ലഭ്യമാണ്. ഇതിൽ ബേസ് മോഡലിന്റെ വിലയിൽ കൈവെക്കാതെയാണ് കിയ വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് 7.99 ലക്ഷം മുതൽ 15.77 ലക്ഷം രൂപ വരെയാണ് കോംപാക്‌ട് എസ്‌യുവിക്ക് ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

സോനെറ്റിന്റെ HTX 1.5 ഡീസൽ മാനുവൽ പതിപ്പിന്റെ വിലയിലാണ് ഏറ്റവും വലിയ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഇതിന് 27,000 രൂപയുടെ വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം HTE(O) പെട്രോൾ 1.2 മാനുവലിന് 9,900 രൂപയും HTK പെട്രോളിന് 1.2 മോഡലിന് 1,000 രൂപയുമാണ് വർധനവുണ്ടായിരിക്കുന്നത്. എസ്‌യുവിയുടെ HTX+ 1.0 ടർബോ-പെട്രോൾ ഐഎംടി, GTX+ 1.0 ടർബോ-പെട്രോൾ ഡിസിടി എന്നിവ ഒഴികെയുള്ള മറ്റെല്ലാ വേരിയൻ്റുകളുടെയും വില 12,000 രൂപയക്കും 17,000 രൂപയ്ക്കും ഇടയിലാണ് കൂടിയിരിക്കുന്നത്.
സോനെറ്റിന്റെ HTE 1.5 ഡീസൽ MT, HTE(O) 1.5 ഡീസൽ MT, HTK 1.5 ഡീസൽ MT, HTX+ 1.5 ഡീസൽ MT, HTX+ 1.5 ഡീസൽ iMT, GTX+ 1.5 ഡീസൽ ഓട്ടോമാറ്റിക് എന്നീ വേരിയന്റുകളെല്ലാം മുൻ വിലകളിൽ തുടരുകയാണ്. റേഞ്ച്-ടോപ്പിംഗ് X-ലൈൻ 1.5 ഡീസൽ ഓട്ടോമാറ്റിക് പതപ്പിന് ഇനി മുതൽ 2,000 രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരിക.

എസ്‌യുവിയുടെ GTX+ 1.5 ഡീസൽ AT, HTX+ 1.5 ഡീസൽ ഐഎംടി എന്നിവയ്‌ക്ക് യഥാക്രമം 1,000 രൂപയും 2,000 രൂപയും കൂടിയിട്ടുണ്ട്. സോനെറ്റിന്റെ HTX+ 1.5 ഡീസൽ ഐഎംടിയുടെ വില 3,000,രൂപ കൂടി ഇപ്പോൾ 10.88 ലക്ഷം രൂപയാണ് വരുന്നത്. HTK+ 1.5 ഡീസൽ മാനുവലിന് 17,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്. HTX 1.5 ഡീസൽ വേരിയൻ്റുകൾക്ക് 15,000 രൂപയ്ക്കും. 27,000 രൂപയ്ക്കും ഇടയിലാണ് വില വർധിച്ചിരിക്കുന്നത്.
ജനപ്രിയ സബ്-4 മീറ്റർ എസ്‌യുവിയിലേക്ക് ഒരു പുതിയ GTX വേരിയന്റും കൊറിയൻ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്. 13.71 ലക്ഷം രൂപ എക്‌സ്ഷോറൂം വില വരുന്ന മോഡലിൽ കുറച്ചധികം ഫീച്ചറുകളാണ് ലഭിക്കുക. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ വെൻ്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആറ് എയർബാഗുകൾ, പവർഡ് ഡ്രൈവർ സീറ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും കിയ സോനെറ്റിന്റെ പുതിയ GTX വേരിയന്റിന്റെ പ്രത്യേകതകളാണ്. സോനെറ്റ് GTX-ൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ലഭ്യമാവുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ യൂണിറ്റുകളാണവ. രണ്ടും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായേ വാങ്ങാനാവൂവെന്നും കമ്പനി പറഞ്ഞിട്ടുണ്ട്. അതായത് മാനുവൽ ഈ പതിപ്പിൽ വാങ്ങാനാവില്ലെന്ന് സാരം.


Click it and Unblock the Notifications








