നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
ഇന്ത്യയിലുള്ള എല്ലാ വണ്ടിഭ്രാന്തൻമാരും ഇപ്പോൾ ഒരുമിച്ച് സ്വപ്‌നം കാണുന്ന കാര്യമായിരിക്കും ഒരു എസ്‌യുവി സ്വന്തമാക്കുക എന്നത്. ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് വരെ ഇന്ന് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ കിട്ടുമെന്നതിനാൽ അക്കാര്യം വളരെ സിമ്പിളാണ്. പക്ഷേ കൂടുതൽ പേർക്കും പ്രിയം സബ് കോംപാക്‌ട് എസ്‌യുവികളോടാണ്. ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മാരുതി ബ്രെസ പോലുള്ള കിടിലൻ മോഡലുകളാൽ സമ്പന്നമാണ് ഈ വിഭാഗം.
വാങ്ങാനെത്തിയാൽ ഇത്രയും കൺഫ്യൂഷനടിക്കുന്ന മറ്റൊരു സെഗ്മെന്റ് ഇല്ലെന്നു തന്നെ വേണമെങ്കിൽ പറയാം. കൂടുതൽ ഫീച്ചറുകൾ വേണ്ടവരെല്ലാം കിയ സോനെറ്റിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലേക്കാണ് ഇപ്പോൾ ചേക്കേറുന്നത്. കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി കിയ ഇന്ത്യ പുതിയ വേരിയന്റുകളോടൊപ്പം സോനെറ്റ് നിര വിപുലീകരിക്കുകയും ചെയ്‌തിരിക്കുകയാണ് ഇപ്പോൾ.

അതോടൊപ്പം വാഹനത്തിന് അധിക ഫീച്ചറുകളും നൽകിയിട്ടുണ്ടെന്നത് ഇരട്ടിമധുരം നൽകുന്നുമുണ്ട്. പുതിയ ട്രിം ലെവലുകൾ ഉപയോഗിച്ച് കാരെൻസ്, സെൽറ്റോസ് എന്നിവയുടെ ലൈനപ്പ് പരിഷ്ക്കരിച്ചതിനു പിന്നാലെയാണ് സോനെറ്റിലേക്കും ഇതേമാറ്റം കൊണ്ടുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ എൻട്രി ലെവൽ എസ്‌യുവിയായ സോനെറ്റിൻ്റെ വേരിയന്റ് ലിസ്റ്റിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നോക്കിയാലോ?
കിയ സോനെറ്റിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലുടനീളം HTE (O), HTK (O) എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകൾ ലഭിക്കും. രണ്ട് മോഡലുകളുടെയും ഏറ്റവും വലിയ ഹൈലൈറ്റ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സൺറൂഫ് ഉൾപ്പെടുത്തുന്നതാണ്. ഇതോടെ താഴ്ന്ന വേരിയന്റുകളിൽ സൺറൂഫിൻ്റെ ഓപ്ഷൻ ഉപഭോക്താക്കൾക്ക് ലഭിക്കും. നിലവിൽ ഇന്ത്യയിൽ ഏറ്റവും ഡിമാന്റുള്ള ഫീച്ചറുകളിൽ ഒന്നാണിത് എന്നതുകൂടി കണക്കിലെടുക്കുമ്പോൾ എതിരാളികൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാൻ സോനെറ്റിനാവും.

കൂടാതെ എൽഇഡി കണക്റ്റഡ് ടെയിൽലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ ഡീഫോഗർ തുടങ്ങിയ സവിശേഷതകളും സോനെറ്റ് ഫെയ്‌സ‌്ലിഫ്റ്റിന്റെ HTK (O) ട്രിമ്മിന് ലഭിക്കും. നിലവിൽ, HTE, HTK, HTK+, HTX, HTX+, GTX+, X-Line എന്നിങ്ങനെ ഏഴ് വേരിയന്റ് തലങ്ങളിലാണ് കിയുടെ കോംപാക്‌ട് എസ്‌യുവി വിപണിയിൽ എത്തുന്നത്. 1.2 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ.
അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സ് എന്നിവയാണ് കിയ സോനെറ്റിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ. പുതിയ മോഡലിനൊപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റവും കമ്പനി ഒറുക്കിയിട്ടുണ്ട്. പക്ഷേ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ മാത്രമേ ADAS ലഭ്യമാവൂ.

ഫ്രണ്ട് കൊളിഷൻ വാണിംഗ്, കാറുകൾക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, സൈക്കിളുകൾക്കുള്ള ഫ്രണ്ട് ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, കാൽനടയാത്രക്കാർക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് വാർണിംഗ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് എന്നിവയെല്ലാമാണ് സോനെറ്റിലെ ADAS സേഫ്റ്റി ഫീച്ചറുകൾ.
കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ അധിപൻമാരായ ടാറ്റ നെക്സോണിനെയും മാരുതി സുസുക്കി ബ്രെസയേയും തൂക്കാൻ കെൽപ്പുള്ള മോഡലാണ് കിയ സോനെറ്റ്. വിൽപ്പന കണക്കുകൾ തന്നെ ഇതിനുള്ള ഉത്തരമാണ്. ഏറ്റവും പുതിയ 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് നിലവിൽ 7.99 ലക്ഷം മുതൽ 15.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്നത്.

പക്ഷേ 2024 ഏപ്രിൽ ഒന്ന് മുതൽ സോനെറ്റ് ഉൾപ്പടെയുള്ള കിയ കാറുകൾക്ക് വില വർധിപ്പിക്കാൻ ഒരുങ്ങിയിരിക്കുകായാണ് കമ്പനി. സോനെറ്റ്, കാരെൻസ്, സെൽറ്റോസ് എന്നിവയുടെ വില അടുത്ത മാസം മൂന്ന് ശതമാനം വരെ വർധിപ്പിക്കുമെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ചരക്ക് വില ഉയരുന്നതും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഇൻപുട്ട് ചെലവുകളുടെ വർധനവാണ് ഏറ്റവും പുതിയ വില വർധനവിന് കാരണമായിരിക്കുന്നത്.


Click it and Unblock the Notifications








