10 ലക്ഷം രൂപയ്ക്ക് ചോദിക്കുന്ന എല്ലാ ഫീച്ചറും തരും, ഇന്ത്യക്ക് വേണ്ടിയുള്ള കിയയുടെ പുത്തൻ എസ്‌യുവി കണ്ടോ
ഇന്ത്യൻ വിപണിയിൽ പുത്തൻ കാറുകളിലൂടെ വിസ്‌മയിപ്പിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സെൽറ്റോസ്, സോനെറ്റ്, കാരെൻസ് പോലുള്ള കിടിലൻ മോഡലുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ബ്രാൻഡ് EV6 ഇവി, EV9 ഇവി, കാർണിവൽ തുടങ്ങിയ പ്രീമിയം മോഡലുകളിലൂടെ പണക്കാരുടെ ഇടയിലേക്കും ഇറങ്ങിയിരിക്കുകയാണ്. പക്ഷേ സാധാരണക്കാരെ കൈവിടാനൊന്നും കമ്പനിക്ക് പ്ലാനില്ല കേട്ടോ. അതിനായി കൊണ്ടുവരുന്നത് ഗംഭീര സ്പോർട് യൂട്ടിലിറ്റി വാഹനമാണ്. സിറോസ് എന്നു പേരിട്ടിരിക്കുന്ന വണ്ടി ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലേക്ക് കടന്നുവരും. എതിരാളികൾക്കെല്ലാം നെഞ്ചിടിക്കാൻ ഇതിലും കൂടുടൽ എന്തെങ്കിലും വേണോ?
സോനെറ്റിനും സെൽറ്റോസിനും ഇടയിൽ സ്ഥാനം പിടിക്കാൻ പോവുന്ന കാറിന്റെ പേര് തന്നെ വൈറലായിട്ടുണ്ട്. എന്തായാലും വരവിന് മുന്നോടിയായി എസ്‌യുവിയിലെ ഓരോ ഫീച്ചറുകളും പരിചയപ്പെടുത്തുകയാണ് കിയ. അതും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഫീച്ചറുകളിൽ ഒന്നായ പനോരമിക് സൺറൂഫുമായാണ് സിറോസിന്റെ വരവ്. അതിനർഥം കിയയുടെ കോംപാക്‌ട് എസ്‌യുവി സോനെറ്റിനേക്കാൾ പ്രീമിയമായിരിക്കുമെന്ന് സാരം.

ഇതുകൂടാതെ വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ മോഡുകൾ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ബോസ് ഓഡിയോ സിസ്റ്റം തുടങ്ങി നിരവധി പ്രീമിയം സവിശേഷതകളാലും വരാനിരിക്കുന്ന കിയ സിറോസ് സമ്പന്നമായിരിക്കും. സെൽറ്റോസിനും സോനെറ്റിനും ശേഷം വിപണിയിലെത്തുന്ന മൂന്നാമത്തെ എസ്‌യുവി മോഡലായതിനാൽ തന്നെ പ്രത്യേകതകൾ കുത്തിനിറക്കാതിരിക്കാൻ പറ്റില്ലല്ലോ.
പിൻനിരയിലെ സ്പേസിനും സൗകര്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പുതിയ സിറോസ് പണികഴിപ്പിച്ചിരിക്കുന്നത്. മറ്റ് കോംപാക്‌ട് എസ്‌യുവികളിൽ നിന്ന് വ്യത്യസ്തമാകാൻ ഇത് സഹായിക്കും. പരമാവധി ഇന്റീരിയർ സ്പേസ് സ്വതന്ത്രമാക്കുന്നതിന് പരന്ന റൂഫും നിവർന്നുനിൽക്കുന്ന പിൻഭാഗവും ഉള്ള ബോക്‌സി ഡിസൈനാണ് എസ്‌യുവിയെ വേറിട്ടുനിർത്തുക. അങ്ങനെ സോനെറ്റിനേക്കാൾ കൂടുതൽ ഇൻ്റീരിയർ സ്പേസ് സിറോസിനുണ്ടാവും.

അതും 4 മീറ്റർ താഴെ കിട്ടുമ്പോൾ എന്തായാലും ഉഷാറാവുമെന്നതിൽ സംശയമൊന്നും വേണ്ട. കാര്‍ണിവല്‍ ലിമോസിന്‍, EV9 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ഡിസൈനാണ് വാഹനത്തിന് ലഭിക്കുകയെന്നും ഉറപ്പാണ്. വരാന്‍ പോകുന്ന സിറോസ് എസ്‌യുവി ബോക്‌സി ഡിസൈനില്‍ വരുമെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. 'L' ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും വെര്‍ട്ടിക്കല്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാറില്‍ വന്നേക്കാം.
പിന്നിലെ ക്വാർട്ടർ ഗ്ലാസ് ഏരിയയിൽ നിന്നും മുകളിലേക്ക് ഉയരുന്ന വിൻഡോ ലൈനും മിഴിവേകുന്നുണ്ട്. ബോഡി കളറിൽ തീർത്ത ബി പില്ലറിലെ വിൻഡോ ലൈനിൽ വരുന്ന ബ്രേക്ക് സ്‌കോഡ യെതിയെ അനുസ്മരിപ്പിക്കുന്നതാണ്. ബോക്സി ടെയില്‍ സെക്ഷനും ഫംഗ്ഷണല്‍ റൂഫ് റെയിലുകളും സിറോസിന് പരുക്കൻ സ്റ്റൈൽ സമ്മാനിക്കുകയും ചെയ്യും. ഇന്റീരിയർ പോലെ തന്നെ എക്സ്റ്റീരിയറും കിടിലനാവുമ്പോൾ സംഗതി കളറാവും.
എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ സിറോസിന് തുടിപ്പേകാൻ എത്തുന്നത് ഏത് എഞ്ചിനാവുമെന്ന് കിയ വ്യക്തമാക്കിയിട്ടില്ല. എങ്കിലും സോനെറ്റ്, സെൽറ്റോസ് മോഡലുകളിൽ കാണുന്ന അതേ 1.2 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകൾ തന്നെ വാഗ്‌ദാനം ചെയ്‌തേക്കാം. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് ഐഎംടി, 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാവും ഉണ്ടാവുക.
ICE മോഡലുകൾക്ക് പുറമെ സിറോസിന്റെ ഫുള്‍ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനും കിയയ്ക്ക് പ്ലാനുണ്ട്. ഇവി മോഡലിന് ഫുള്‍ചാര്‍ജില്‍ 350 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യാനായേക്കുമെന്നാണ് വിവരം. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി ബ്രെസ, അടുത്തിടെ പുറത്തിറക്കിയ സ്‌കോഡ കൈലാക് തുടങ്ങിയ സബ്-4 മീറ്റർ എസ്‌യുവികളുടെ മുകളിലായിരിക്കും സിറോസിന് സ്ഥാനം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








